Related News

റോട്ടാവൈറസ് വാക്സിൻ പരീക്ഷണം ഐസിഎംആര്‍ വിവാദത്തില്‍; വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കിയില്ല

Janayugom
Developer Admin

റോട്ടാവൈറസ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍) വിവാദത്തില്‍. മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചതിനും വിവരാവകാശ അപേക്ഷകളോട് അലക്ഷ്യമായി പെരുമാറിയതിനും കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) രൂക്ഷമായി വിമർശനമുയര്‍ത്തി. പൊതുജനാരോഗ്യത്തെ സംബന്ധിക്കുന്ന അതീവ പ്രാധാന്യമുള്ള വിഷയത്തിൽ സുതാര്യത പുലർത്തുന്നതിൽ ഐസിഎംആർ പരാജയപ്പെട്ടുവെന്ന് കമ്മിഷൻ വിലയിരുത്തി. വിവരാവകാശ പ്രവർത്തക അമൃത ജോഹ്രിയാണ് ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. സർക്കാർ ധനസഹായത്തോടെ നടത്തിയ റോട്ടാവൈറസ് വാക്സിൻ (116ഇ സ്‌ട്രെയിൻ) പരീക്ഷണത്തിന്റെ ശാസ്ത്രീയ വിവരങ്ങളായിരുന്നു തേടിയത്. വാക്സിൻ നൽകിയ കുട്ടികളുടെ എണ്ണം, പരീക്ഷണ കാലയളവിൽ കുട്ടികളിൽ കണ്ടുവന്ന കുടൽ സംബന്ധമായ സങ്കീർണതകൾ തുടങ്ങിയ വിവരങ്ങളാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്തരം വിവരങ്ങൾ തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു ഐസിഎംആറിന്റെ മറുപടി. 

വിവരാവകാശ അപേക്ഷയോട് ഐസിഎംആർ സ്വീകരിച്ച സമീപനം അങ്ങേയറ്റം നിരുത്തരവാദപരവും അലക്ഷ്യവുമാണെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷണർ ജയ വർമ്മ സിൻഹ നിരീക്ഷിച്ചു. അപേക്ഷ ലഭിച്ച് കൃത്യസമയത്തിനുള്ളിൽ മറുപടി നൽകുന്നതിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അപ്പീൽ അതോറിട്ടിയും പരാജയപ്പെട്ടു. ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയാൻ അവകാശമുണ്ടെന്നും അത്തരം വിവരങ്ങൾ സുതാര്യമായി പ്രസിദ്ധീകരിക്കണമെന്നും കമ്മിഷൻ ഓർമ്മിപ്പിച്ചു. പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടും കൃത്യമായി പരിശോധിക്കണമെന്നും, വിവരങ്ങൾ ലഭ്യമാണെങ്കിൽ മൂന്നാഴ്ചയ്ക്കകം അപേക്ഷകയ്ക്ക് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. രേഖകൾ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ, അവ ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക സത്യവാങ്മൂലം സമർപ്പിക്കാനും നിര്‍ദേശം നൽകി.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ കഠിനമായ വയറിളക്കത്തിനും നിർജ്ജലീകരണത്തിനും കാരണമാകുന്ന പ്രധാന വൈറസാണ് റോട്ടാവൈറസ്. ഇത്തരം വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ജനങ്ങളിലെത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവരാവകാശ അപേക്ഷയിൽ പോലും സുതാര്യമായ മറുപടി ലഭിക്കാത്തത് മരുന്നുപരീക്ഷണങ്ങളെക്കുറിച്ചും ആരോഗ്യ സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വര്‍ധിപ്പിക്കുന്നു.

Previous
കൊളംബിയയിലെ ഖനിയിൽ സ്ഫോടനം; ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു
Next
യുഎസിന്റെ ഇന്ധനവാഹിനി വിമാനം കാണാതായി; ഇറാന്‍ വീഴ്ത്തിയെന്ന് സംശയം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment