Related News

യുഎസിന്റെ ഇന്ധനവാഹിനി വിമാനം കാണാതായി; ഇറാന്‍ വീഴ്ത്തിയെന്ന് സംശയം

Janayugom
Developer Admin

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പേർഷ്യൻ ഉൾക്കടലിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കൻ വ്യോമസേനയുടെ ഇന്ധനവാഹിനി ബോയിങ് കെസി-135 സ്ട്രാറ്റോടാങ്കര്‍ വിമാനം കാണാതായി. പറക്കുന്നതിനിടെ സാങ്കേതിക തകരാറുകൾ സംഭവിച്ചാല്‍ നൽകുന്ന ‘7700’ എന്ന ഡിസ്ട്രസ് സിഗ്നൽ വിമാനത്തിൽ നിന്ന് നല്‍കിയതായി ഫ്ലൈറ്റ് റഡാർ 24 ഡാറ്റ വ്യക്തമാക്കുന്നു. യുഎഇ അൽ ദാഫ്ര എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനം ഖത്തറിന് മുകളിൽ വച്ചാണ് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്. ലാന്‍ഡിങ്ങിനായി വിമാനം ആകാശത്ത് വട്ടമിട്ടു പറന്നതായും ഡാറ്റ കാണിക്കുന്നു. നിലവിൽ പശ്ചിമേഷ്യയിൽ നടന്നുവരുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായാണ് വിമാനം ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. 

വിമാനത്തിന് നേരിട്ട അടിയന്തര സാഹചര്യത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ശത്രുരാജ്യങ്ങളുടെ ആക്രമണമാണോ പിന്നിലെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പങ്കുള്ളതായി സൂചിപ്പിക്കുന്ന പ്രസ്താവനകളൊന്നും ഇറാൻ നൽകിയിട്ടില്ല. വിമാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് യുഎസ് സൈന്യവും പ്രതികരിച്ചിട്ടില്ല. മാർച്ചിൽ പടിഞ്ഞാറൻ ഇറാഖിൽ വച്ച് ഇറാന്റെ പിന്തുണയുള്ള സായുധ സംഘം അമേരിക്കയുടെ ഒരു കെസി-135 വിമാനം വെടിവച്ചിട്ടിരുന്നു. രാജ്യത്തിന്റെ പരമാധികാരവും വ്യോമാതിർത്തിയും സംരക്ഷിക്കാനാണ് വിമാനം തകർത്തതെന്നായിരുന്നു ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് അന്ന് അവകാശപ്പെട്ടത്.

അമേരിക്കൻ വ്യോമസേനയുടെ ‘പറക്കുന്ന പെട്രോൾ പമ്പ്’ എന്നാണ് ബോയിങ് കെസി-135 സ്ട്രാറ്റോ ടാങ്കർ അറിയപ്പെടുന്നത്. ആകാശത്തുവച്ച് യുദ്ധവിമാനങ്ങൾക്കും ബോംബർ വിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം. യുഎസ് നാവികസേനയ്ക്കും സഖ്യരാജ്യങ്ങൾക്കും ഇത് സേവനം നൽകുന്നുണ്ട്. ഇന്ധനം നിറയ്ക്കുന്നതിന് പുറമെ, ഏകദേശം 37,600 കിലോഗ്രാം ചരക്കുകളോ ഡസൻ കണക്കിന് യാത്രക്കാരെയോ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. 

Previous
റോട്ടാവൈറസ് വാക്സിൻ പരീക്ഷണം ഐസിഎംആര്‍ വിവാദത്തില്‍; വിവരാവകാശ അപേക്ഷയില്‍ മറുപട...
Next
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന മുദ്രകുത്തൽ തിരുത്തി കെ എൽ രാഹുൽ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment