രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ബുധനാഴ്ച വ്യാപാരത്തിനൊടുവിൽ അമേരിക്കൻ ഡോളറിനെതിരെ 29 പൈസ ഇടിഞ്ഞ് 94.05 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപ എത്തിയത്. ചൊവ്വാഴ്ച 93.76 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയ്ക്ക് കരുത്തുപകരുമെന്ന് കരുതിയിരുന്നെങ്കിലും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഒഴിഞ്ഞുമാറിയത് തിരിച്ചടിയായി. ചൊവ്വാഴ്ച മാത്രം ഏകദേശം 8,009.56 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. അമേരിക്ക‑ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രൂപയുടെ മൂല്യം ഇനിയും ഇടിയാതിരിക്കാൻ റിസർവ് ബാങ്ക് ഇടപെടലുണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിൽ രൂപയുടെ മൂല്യം 93.25 നും 94.25 നും ഇടയിൽ തുടരാനാണ് സാധ്യതയെന്ന് ഫിൻറെക്സ് ട്രഷറി അഡ്വൈസേഴ്സ് ഡയറക്ടർ അനിൽ കുമാർ ബൻസാലി പറഞ്ഞു. അതേസമയം, ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 1,205 പോയിന്റും നിഫ്റ്റി 394 പോയിന്റും നേട്ടമുണ്ടാക്കി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment