യഥാർത്ഥ വിഷയങ്ങള്‍ വഴിതിരിച്ചുവിടാൻ പ്രതിപക്ഷ ശ്രമം

Janayugom
Developer Admin

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ എൽഡിഎഫിനുള്ള ജനപിന്തുണയും മേൽക്കയ്യും കണ്ട് പരിഭ്രാന്തരായ യുഡിഎഫും എൻഡിഎയും യഥാർത്ഥ ചർച്ചാവിഷയങ്ങളെ വഴിതിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തെ പൗരന്മാർ പ്രധാനമായും ചർച്ച ചെയ്യണമെന്നാഗ്രഹിക്കുന്നത് നാട് കൈവരിച്ച നേട്ടങ്ങളും പുരോഗതിയും സാമൂഹ്യ മുന്നേറ്റങ്ങളും തന്നെയാണെന്ന് എല്ലാ സംവാദങ്ങളിലൂടെയും വ്യക്തമാണ്. തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങൾ കൈവരിച്ച നേട്ടങ്ങൾതന്നെയാണ് പ്രതിപക്ഷാംഗങ്ങളും അവരവരുടെ മണ്ഡലങ്ങളിൽ പ്രചാരണ വിഷയമാക്കുന്നത് എന്നതിലൂടെ ഇത് കൂടുതൽ വ്യക്തവുമാണ്. തങ്ങളുടെ മുൻകയ്യിലാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കുന്നതിന് സാധിച്ചതെന്ന് സ്ഥാപിക്കുന്നതിനാണ് അവരുടെ ശ്രമമെന്നത് സ്വാഭാവികം. പക്ഷേ, 10 വർഷമായി സംസ്ഥാനഭരണം നടത്തുന്ന എൽഡിഎഫ് സർക്കാരാണ് അതിന്റെ യഥാർത്ഥ അവകാശികളെന്ന് ജനം തിരിച്ചറിയുന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു. എൽഡിഎഫാകട്ടെ 140 മണ്ഡലങ്ങളിലും തങ്ങളുടെ തുടർഭരണം നടന്ന 10 വർഷവും അതിന് മുമ്പ് അധികാരം കയ്യാളിയ വിവിധ കാലയളവുകളിലും നടപ്പിലാക്കിയ നിയമനിർമ്മാണങ്ങളും വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും ചർച്ചാ വിഷയമാക്കുന്നതിനാണ് ശ്രമിക്കുന്നത്. അതോടൊപ്പംതന്നെ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനുള്ള നീക്കങ്ങളും മതവിദ്വേഷം പരത്താനുള്ള ശ്രമങ്ങളും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധവും അവഗണന നിറഞ്ഞതുമായ സമീപനങ്ങളും ഉന്നയിക്കുന്നു. ഇവയെല്ലാം ജനസമ്മതി എൽഡിഎഫിന് അനുകൂലമാക്കുന്നുവെന്ന തിരിച്ചറിവിൽ നിന്ന് മുന്നണിക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതിനാണ് യുഡിഎഫും എൻഡിഎയും ശ്രമിക്കുന്നത്. എൻഡിഎ ആകട്ടെ പതിവുപോലെ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള വിഷയങ്ങളും പ്രചാരണത്തിൽ കൊണ്ടുവരുന്നുണ്ട്.

തങ്ങളുടെമേൽ പതിഞ്ഞിരിക്കുന്ന കറുത്ത പാടുകൾ മറ്റുള്ളവരിൽ ആരോപിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനുപുറമേ ഇതുവരെ ഉന്നയിച്ചിട്ടില്ലാത്ത കുറ്റങ്ങളും വ്യാജആരോപണങ്ങളും ഉന്നയിക്കുകയും ചെയ്യുന്നു. എ­ങ്ങനെയും ജയിക്കണമെന്ന ലക്ഷ്യത്തോടെ വർഗീയ സംഘടനകളുമായി നേരിട്ട് സഖ്യമുണ്ടാക്കുകയും എൻഡിഎ സ്ഥാനാർത്ഥികൾക്ക് വഴിയൊരുക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുകയും ചെ­യ്യുകയാണവർ. വർഗീയ സംഘടനകളുമായി തൊട്ടുകൂടായ്മയില്ലെന്ന് പരസ്യമായി സമ്മതിക്കുന്നതിനും യുഡിഎഫ് മടിക്കുന്നില്ല. ഇതിന് മുമ്പ് പല തെരഞ്ഞെടുപ്പുകളിലും പ്രയോഗിച്ച കുതന്ത്രങ്ങൾ ഇത്തവണയും ആ­വർത്തിക്കുമ്പോഴും അത് എൽഡിഎഫിനുമേൽ ആക്ഷേപിക്കുകയുമാണവർ. സംസ്ഥാനത്തെ സ­മീപകാല തെരഞ്ഞെടുപ്പുകളിൽ പോലും ബിജെപിക്ക് അനുകൂലമായ സ­മീപനങ്ങൾ അവർ സ്വീകരിച്ചതിന്റെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ബേപ്പൂരിലും വടകരയിലും നേരിട്ട് നടത്തിയ പരീക്ഷണങ്ങൾ കേരളം മറന്നിട്ടില്ല. രണ്ടിടത്തും പ്രബുദ്ധ ജനത പ്രസ്തുത ശ്രമങ്ങളെ പരാജയപ്പെടുത്തി സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കുകയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും ബിജെപി വിജയത്തിന് വഴിയൊരുക്കിയതും മലയാളി മറക്കാറായിട്ടില്ല. നേമത്ത് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയാണ് വിജയവഴി ഒരുക്കിയതെങ്കിൽ തൃശൂരിൽ വൻതോതിൽ വോട്ട് മറിച്ചാണ് ബിജെപി പ്രതിനിധിയെ പാർലമെന്റിലേക്കയച്ചത്. ഇവിടെ എൽഡിഎഫ് വോട്ടിൽ ഗണ്യമായ വർധനയുണ്ടായപ്പോഴാണ് കോൺഗ്രസ് വോട്ടിന്റെ പിൻബലത്തിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ച് ഡൽഹിക്ക് പോയി കേന്ദ്ര മന്ത്രിയായത്. 

കോൺഗ്രസാണ് ദേശീയതലത്തിൽ മുഖ്യശത്രുവെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും കുന്തമുന തിരിച്ചുവച്ചിരിക്കുന്നത് എൽഡിഎഫിനെതിരെ മാത്രമാണ്. കോൺഗ്രസിനെയും യുഡിഎഫിന്റെ നയങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകളിലെ മാർദവവും ഇരുകൂട്ടരും ഒരേഭാഷയാണ് സംസാരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആദ്യം യുഡിഎഫ് പറയുന്നത് പിന്നീട് ബിജെപിയും തിരിച്ചും ആവർത്തിക്കുന്നു. ഇതിന് പുറമേ സംസ്ഥാനത്തിന് തീരെ അപരിചിതമായ വിദ്വേഷവും വർഗീയതയും ബിജെപി വോട്ട് തേടുന്നതിനുള്ള പരസ്യമായ ഉപാധിയാക്കുന്നുമുണ്ട്. ഹിന്ദു — മുസ്ലിം എന്നിങ്ങനെ വ്യക്തമായ വർഗീയത പറഞ്ഞാണ് അവർ വോട്ട് തേടുന്നത്. തൃശൂരിലെ ബിജെപി നേതാവിന്റെ വര്‍ഗീയ പ്രസ്താവന ഉദാഹരണമാണ്. മറ്റൊരുദാഹരണമാണ് വർഗീയ പ്രചാരണത്തിനുള്ള കപടവേഷങ്ങൾ അവതരിപ്പിച്ച് മതവൈകാരികത സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ. ശരിയായ മനോനിലയുള്ള ആർക്കും അസംബന്ധ വേഷധാരികളെന്ന് തോന്നുന്ന അഘോരികളെന്ന നഗ്നമനുഷ്യരെ കെട്ടിയെഴുന്നള്ളിച്ച് പരിഹാസ്യ നാടകം നടത്തുകയാണവർ. വികസിത കേരളമെന്നത് മുദ്രാവാക്യമായി പ്രഖ്യാപിച്ചവരാണ് ഈ വിഡ്ഢിവേഷം കെട്ടുന്നതെന്നത് അവരിലെ പരാജയഭീതിയാണ് തുറന്നുകാട്ടുന്നത്. ഇതിനെല്ലാമിടയിലാണ് വികസനവും പുരോഗതിയും സാമൂഹ്യ ക്ഷേമവും പറഞ്ഞ് എൽഡിഎഫ് വോട്ടുതേടുന്നത്. എന്നുമാത്രമല്ല വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുകയും കേന്ദ്ര ഭരണം നടത്തുന്ന ബിജെപിക്കെതിരെ ബദൽ നയങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നത് എൽഡിഎഫാണെന്നും ജനങ്ങൾക്ക് നല്ല ബോധ്യമുള്ളതാണ്. ദേശീയതലത്തിൽ ബിജെപിക്കൊപ്പം മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയും ഭരണമുള്ള സംസ്ഥാനങ്ങളിൽ ബിജെപി നയങ്ങൾതന്നെ പിന്തുടരുകയും ചെയ്യുന്ന കോൺഗ്രസിനെ ജനങ്ങൾ നന്നായി തിരിച്ചറിയുന്നുമുണ്ട്. ഇതെല്ലാംകൊണ്ടാണ് ഇരുകൂട്ടരും വ്യാജ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 

Previous
‘ദൃശ്യം 3’ റിലീസ് തീയതിയിൽ മാറ്റം; ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് മെയ് 21ന്
Next
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളറിനെതിരെ 94.05 ആയി ഇടിഞ്ഞു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment