പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അയവില്ലാതെ തുടരുകയാണ്. യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ട്. പൗരന്മാർ അത് വലിയ തോതിൽ അനുഭവിക്കുമ്പോഴും അതിന്റേതായ ഗൗരവത്തോടെ കാണാൻ തയ്യാറാകാത്തവരാണ് ഇന്ത്യ ഭരിക്കുന്നവരെന്നത് വെറും ആരോപണമല്ല, യാഥാർത്ഥ്യമാണ്. അത് മനസിലാകണമെങ്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പാർലമെന്റിൽ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകളും എണ്ണക്കമ്പനികളുടെ അറിയിപ്പുകളും പരിശോധിച്ചാൽ മതിയാകും. യുദ്ധം ആരംഭിച്ചതുമുതൽ രാജ്യം അഭിമുഖീകരിക്കുന്നതാണ് പാചക വാതക പ്രതിസന്ധി. ആദ്യ ആഴ്ച പിന്നിട്ടപ്പോൾതന്നെ നഗരങ്ങളിൽ 40% ഭക്ഷണശാലകൾ അടച്ചുപൂട്ടിയതാണ്. ഇപ്പോൾ അത് 80 ശതമാനത്തിലധികമായി. എന്നിട്ടും അത് അംഗീകരിക്കുവാൻ തയ്യാറാകാതിരുന്ന കേന്ദ്ര സർക്കാർ പ്രതിനിധികൾ ആവശ്യത്തിന് ഇന്ധനം കരുതൽ ശേഖരമായുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. ഭക്ഷണശാലകൾക്ക് പിന്നാലെ സമൂഹ അടുക്കളകളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും ഹോസ്റ്റലുകളും പ്രമുഖ സ്ഥാപനങ്ങളിലെ കാന്റീനുകളും പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നപ്പോഴും പതിവ് പല്ലവി തന്നെ ആവർത്തിച്ചു. അസംസ്കൃത ഇന്ധനം വഹിച്ചുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ തടസപ്പെട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായത്. പക്ഷേ പ്രതിസന്ധിയില്ലെന്ന് വരുത്തുന്നതിനുള്ള പി ആർ വാർത്തകൾ പുറത്തുവിട്ടുകൊണ്ടേയിരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് സംസാരിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ രണ്ട്, മൂന്ന്, വീണ്ടും രണ്ട് എന്നിങ്ങനെ കപ്പലുകൾ ഇന്ത്യൻ തീരമണഞ്ഞു എന്ന അറിയിപ്പുകളാണ് പുറത്തുവിട്ടത്.
എന്നാൽ ഗാർഹികാവശ്യത്തിനുള്ള പാചക വാതക ദൗർലഭ്യം ബോധ്യപ്പെടുത്തി, സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമായിരുന്നു കമ്പനികൾ ചെയ്തത്. ഗ്രാമങ്ങളിൽ 45, നഗരങ്ങളിൽ 25 ദിവസമെന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ നിന്ന് പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. ഗാർഹിക, വാണിജ്യ സിലിണ്ടറുകൾ, വ്യോമയാന ഇന്ധനം, പ്രീമിയം പെട്രോൾ എന്നിവയ്ക്ക് വില വർധിപ്പിച്ച്, ജനങ്ങളുടെമേൽ അധിക ഭാരമേല്പിക്കുന്നതിനും കമ്പനികൾ തുനിഞ്ഞു. പെട്രോൾ, ഡീസൽ എന്നിവയുടെ വില ഉയർത്താൻ കാത്തിരിക്കുകയാണെന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനെല്ലാമൊടുവിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിച്ചത്. എന്നാൽ പതിവ് വാചാടോപത്തിനപ്പുറം രാജ്യത്തെ പൊതുസമൂഹത്തിന്, പ്രതിസന്ധിയെ അതിജീവിക്കുകയാണെന്ന പ്രതീക്ഷയല്ല നൽകിയിരിക്കുന്നത്. പക്ഷേ ഒരുകാര്യം ശ്രദ്ധേയമാണ്. ഇതുവരെയുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യക്കും വെല്ലുവിളിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മതിച്ചിരിക്കുന്നു. ഇവിടെയദ്ദേഹം കോവിഡ് മഹാമാരിക്കാലത്തെ താരതമ്യം ചെയ്യാനും ശ്രമിക്കുന്നുണ്ട്. കേന്ദ്ര — സംസ്ഥാനങ്ങൾ ഒരുമിച്ച് കോവിഡ് കൈകാര്യം ചെയ്തതിൽ മികച്ച മാതൃക കാട്ടി, വ്യത്യസ്ത പാർട്ടികളുടെ സർക്കാരുകളായിരുന്നിട്ടും ടീം ഇന്ത്യയുടെ ശ്രമങ്ങളിലൂടെ പരിശോധന, വാക്സിനേഷൻ, അവശ്യവസ്തു വിതരണം എന്നിവ ഉറപ്പാക്കി, അതുപോലെ ഒരേ മനോഭാവത്തിൽ പ്രവർത്തിക്കുന്നത് തുടരണം, എല്ലാ സർക്കാരുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ, ഈ ഗുരുതര പ്രതിസന്ധിയെ രാജ്യത്തിന് ഫലപ്രദമായി നേരിടാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കോവിഡിനെ ഓർമ്മിപ്പിച്ചതിലൂടെ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മാത്രമല്ല നമ്മുടെ മനസിലെത്തുന്നത്. അക്കാലത്തെ കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതയും അതിന്റെ ഫലമായി രാജ്യം അഭിമുഖീകരിക്കേണ്ടിവന്ന കടുത്ത പ്രതിസന്ധിയുമാണ്. സർക്കാർ കണക്കനുസരിച്ച് അഞ്ചും ലോകാരോഗ്യ സംഘടന വിലയിരുത്തൽ പ്രകാരം അമ്പതും ലക്ഷം ജീവനുകൾ പൊലിഞ്ഞുവെന്ന കണക്ക്, വർത്തമാന പ്രതിസന്ധിയിൽ നമ്മെ ഭീതിപ്പെടുത്തേണ്ടതില്ലെങ്കിലും അന്നുണ്ടായ സാമൂഹ്യ പ്രതിസന്ധി നാമിപ്പോൾ നേരിടുകയാണ്. അക്കാലത്തെന്നതുപോലെ സാധാരണ മനുഷ്യരും അതിഥിത്തൊഴിലാളികളും ജോലിതേടി നഗരങ്ങളിലെത്തിയ പൗരന്മാരും പട്ടിണി നേരിടുകയാണ്. ഈ സാഹചര്യത്തെ കോവിഡിനോട് സമീകരിക്കുന്ന പ്രധാനമന്ത്രി പക്ഷേ പരിഹാരത്തെക്കുറിച്ച് മൗനം പാലിക്കുകയും കുറേ കണക്കുകൾ അവതരിപ്പിക്കുകയുമാണ്. പെട്രോളിയം ഉല്പന്ന ലഭ്യത ഉറപ്പാക്കാൻ 27 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 41ലേക്ക് വ്യാപിപ്പിച്ചു, 53 ലക്ഷം മെട്രിക് ടൺ ക്രൂഡോയിൽ നിലവിൽ ശേഖരത്തിലുണ്ട് എന്നെല്ലാമാണ് അദ്ദേഹവും 74 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌സിങ് പുരിയും പറഞ്ഞിരിക്കുന്നത്. പക്ഷേ വിവരാവകാശ നിയമപ്രകാരം കമ്പനികൾ നൽകിയ മറുപടി വ്യത്യസ്തമായ കണക്കാണ് നൽകുന്നത്. 3.372 ദശലക്ഷം ടൺ എണ്ണയാണ് ശേഖരത്തിലുള്ളത്. പ്രതിദിന ഉപഭോഗം കണക്കിലെടുത്താൽ ഇത് പരമാവധി ഒമ്പത്, പത്ത് ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് കമ്പനികളുടെ മറുപടി. കോവിഡ് പോലെ തന്നെ രാജ്യഭരണാധികാരികളുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്തവും പ്രധാനമന്ത്രിയുടെ വാചകക്കസർത്തുകളും കാണുകയും കേൾക്കുകയും ചെയ്യുകയാണ് ഇന്ത്യയിലെ പൗരന്മാർ.
Narendra Modi’s speech is just rhetoric again
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment