ഐപിഎൽ 2026 സീസൺ നിർണായക ഘട്ടത്തിലേക്ക് കടക്കവെ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വന്‍ തിരിച്ചടി. വിരലിനേറ്റ പരിക്കിനെത്തുടർന്ന് സൂപ്പർ ഓപ്പണർ ഫിൽ സാൾട്ട് വിദഗ്ധ പരിശോധനകൾക്കായി യുകെയിലേക്ക് മടങ്ങി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല.
ഈ സീസണിൽ ആർസിബിക്ക് വെടിക്കെട്ട് തുടക്കം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഫിൽ സാൾട്ട്. ആറ് ഇന്നിങ്‌സുകളിൽ നിന്നായി 168.33 സ്‌ട്രൈക്ക് റേറ്റിൽ 202 റൺസ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. ഏപ്രിൽ 18ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ ഡൈവ് ചെയ്തപ്പോഴാണ് താരത്തിന്റെ ഇടതുകൈ വിരലിന് പരിക്കേറ്റത്. സാൾട്ടിന് പകരം ജേക്കബ് ബെഥേലാണ് നിലവില്‍ വിരാട് കോലിക്കൊപ്പം ഓപ്പണറായി ഇറങ്ങുന്നത്.
പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ലെങ്കിലും, ലണ്ടനിലെ പരിശോധനകൾക്ക് ശേഷം മാത്രമേ താരം സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കു. എങ്കിലും മേയ് അവസാനത്തോടെ സാൾട്ട് ഇന്ത്യയിൽ തിരിച്ചെത്തി ടൂർണമെന്റിന്റെ പ്ലേ ഓഫ് ഘട്ടത്തിൽ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും മാനേജ്മെന്റും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment