ഫോർമുല വൺ ലോകത്തെ വിസ്മയിപ്പിച്ച് മെഴ്‌സിഡസിന്റെ 19 കാരനായ ഡ്രൈവർ കിമി ആന്റനെല്ലി. മിയാമി ഗ്രാൻഡ് പ്രീയിൽ വിജയിച്ചതോടെ, തന്റെ ആദ്യ മൂന്ന് റേസുകളിലും ‘പോൾ പൊസിഷനിൽ’ നിന്ന് തുടങ്ങി വിജയം നേടുന്ന ആദ്യ ഡ്രൈവർ എന്ന ചരിത്ര റെക്കോഡ് ആന്റനെല്ലി സ്വന്തമാക്കി.
ഈ സീസണിലെ തുടർച്ചയായ മൂന്നാം വിജയത്തോടെ ആന്റനെല്ലി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മഴ ഭീഷണി നിലനിന്നതിനാൽ നേരത്തെ ആരംഭിച്ച മത്സരത്തിൽ നനഞ്ഞ ട്രാക്കിന്റെ വെല്ലുവിളികൾ അതിജീവിച്ചാണ് താരം ഒന്നാമതെത്തിയത്. ആന്റനെല്ലിയും ജോർജ് റസലും ചേർന്ന് ഈ സീസണിലെ ആദ്യ നാല് റേസുകളിലും മെഴ്‌സിഡസിന് മികച്ച പ്രകടനം സമ്മാനിച്ചു. മക്ലാരന്റെ ലാൻഡോ നോറിസ് രണ്ടാമതായും ഓസ്കാർ പിയാസ്ട്രി മൂന്നാമതായും ഫിനിഷ് ചെയ്തു.ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റാപ്പന് മിയാമിയിൽ തിരിച്ചടി നേരിട്ടു. ഫെരാരിയുടെ ചാൾസ് ലെക്ലർക്കുമായുള്ള കൂട്ടിയിടിയെത്തുടർന്ന് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വെർസ്റ്റാപ്പൻ പിന്നീട് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മത്സരത്തിനിടയിൽ റെഡ് ബുള്ളിന്റെ ഇസാക് ഹജാർ മതിൽ ഇടിച്ചു പുറത്തായി. പിയറി ഗാസ്‌ലിയുടെ കാർ ലിയാം ലോസണുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞെങ്കിലും ഗാസ്‌ലി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഡിലാക് ടീമിന് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഈ മാസം 24ന് മോൺട്രിയലിലെ സർക്യൂട്ട് ഗില്ലെസ് വില്ലെന്യൂവിൽ കനേഡിയൻ ഗ്രാൻഡ് പ്രീ നടക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment