പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ നടപടിക്ക് സാധ്യത. സംഭവത്തിന്റെ ദൃശ്യങ്ങൾ തത്സമയ സംപ്രേക്ഷണത്തിനിടെ കാമറയിൽ പതിഞ്ഞതോടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നു.
ചൊവ്വാഴ്ച ചണ്ഡിഗഡിൽ നടന്ന ആവേശകരമായ മത്സരത്തിനിടയിലായിരുന്നു സംഭവം. ഡ്രസിങ് റൂമിലിരുന്ന് പരാഗ് ഇ സിഗരറ്റ് വലിക്കുന്നതിന്റെ ദൃശ്യങ്ങൾ ടിവി സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം പുകഞ്ഞത്. ബിസിസിഐയുടെ പെരുമാറ്റച്ചട്ട ലംഘനത്തിന് പുറമെ രാജ്യത്തെ നിയമങ്ങളുടെ ലംഘനം കൂടിയാണ് ഇതെന്നത് താരത്തിന് തിരിച്ചടിയാകും.
2019ലെ നിയമപ്രകാരം ഇന്ത്യയിൽ ഇ സിഗരറ്റുകൾ നിർമ്മിക്കുന്നതും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുള്ളതാണ്. നിയമലംഘനം തെളിഞ്ഞാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിസിസിഐ താരത്തിന് കനത്ത പിഴ ചുമത്തിയേക്കും. അടുത്തിടെ ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ ടീം മാനേജർ രവീന്ദർ സിങ് ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 222 റൺസ് എന്ന കൂറ്റൻ ലക്ഷ്യം രാജസ്ഥാൻ മറികടന്നെങ്കിലും ക്യാപ്റ്റന്റെ ബാറ്റിങ് പ്രകടനം മോശമായി തുടരുകയാണ്. 29 റൺസാണ് പരാഗ് ഈ മത്സരത്തിൽ നേടിയത്. ഈ സീസണിലെ ഒമ്പത് മത്സരങ്ങളിൽ നിന്ന് വെറും 14.62 ശരാശരിയിൽ 117 റൺസ് മാത്രമാണ് പരാഗിന്റെ സമ്പാദ്യം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment