ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീമിന്റെയും ചെൽസിയുടെയും കരുത്തുറ്റ ഡിഫൻഡർ മിലി ബ്രൈറ്റ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 32-ാം വയസിലാണ് താരം കളി നിർത്തുന്നത്. കഴിഞ്ഞ ആറ് വർഷമായി വിട്ടുമാറാത്ത പരിക്കുകളോട് പൊരുതിയാണ് താൻ കരിയർ മുന്നോട്ട് കൊണ്ടുപോയതെന്ന് താരം വെളിപ്പെടുത്തി.
ശാരീരികമായും മാനസികമായും തളർന്നിരിക്കുകയാണെന്ന് 2014 മുതൽ താരം പ്രതിനിധീകരിക്കുന്ന ചെൽസി ക്ലബ്ബ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മിലി പറഞ്ഞു. ‘എനിക്ക് മടുത്തു, ഞാനും ഒരു മനുഷ്യനാണ്,’ എന്ന് വികാരാധീനയായി താരം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതൽ കണങ്കാലിനേറ്റ പരിക്ക് കാരണം താരം കളിക്കളത്തിന് പുറത്തായിരുന്നു. ഇംഗ്ലീഷ് വനിതാ ഫുട്ബോളിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച താരമാണ് മിലി ബ്രൈറ്റ്.
ഇംഗ്ലണ്ടിനായി 88 മത്സരങ്ങൾ കളിച്ചു. 2022ൽ ഇംഗ്ലണ്ട് ചരിത്രപരമായ യൂറോ കപ്പ് കിരീടം ചൂടിയപ്പോൾ പ്രതിരോധ നിരയിലെ നട്ടെല്ലായിരുന്നു മിലി. നീണ്ട 12 വർഷത്തെ കരിയറിൽ ചെൽസിക്കൊപ്പം എട്ട് ലീഗ് കിരീടങ്ങൾ സ്വന്തമാക്കി. പരിക്കുകൾക്ക് പുറമെ, മാനസികവും ശാരീരികവുമായ ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്നും താരം വിട്ടുനിന്നിരുന്നു.
മൈതാനത്തുനിന്ന് വിരമിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ചെൽസിയുമായുള്ള ബന്ധം താരം ഉപേക്ഷിക്കുന്നില്ല. ക്ലബ്ബിന്റെ അംബാസഡറായും ക്ലബ്ബ് ഫൗണ്ടേഷന്റെ ട്രസ്റ്റിയായും താരം പുതിയ ചുമതലകൾ ഏറ്റെടുക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment