ആംആദ്മി പാര്‍ട്ടിവിട്ടതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ വിമര്‍ശനവുമായി രാഘവ് ഛദ്ദ്. പാര്‍ട്ടി വിട്ടുപോകുന്ന നേതാക്കള്‍ അത് ചെയ്യുന്നത് ഭയം കൊണ്ടല്ല, മറിച്ച് സംഘടനയോടുള്ള വര്‍ധിച്ചുവരുന്ന നിരാശയും വിരക്തിയും വെറുപ്പും കാരണമാണെന്നാണ് രാഘവ് ഛദ്ദയുടെ വിശദീകരണം .വലിയ പ്രതീക്ഷയോടെ സ്വന്തം രക്തവും വിയർപ്പും ഒഴുക്കി ആം ആദ്മി പാർട്ടിയെ വളർത്തിയെടുത്ത ഓരോ പ്രവർത്തകനും ഒന്നുകിൽ പാർട്ടി വിട്ടു കഴിഞ്ഞു അല്ലെങ്കിൽ പാർട്ടി വിടാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.സത്യസന്ധരും കഠിനാധ്വാനികളുമായ ഓരോ വ്യക്തിക്കും ആം ആദ്മിയിൽ പ്രവർത്തിക്കാൻ ഇടമില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും, ആരും ആഗ്രഹിക്കാത്ത തെറ്റായ പാതയിലൂടെയാണ് പാർട്ടി സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കരുതിക്കൂട്ടിയുണ്ടാക്കിയ പിളർപ്പാണിതെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിച്ചാണ് നേതാക്കളെ ബിജെപി തങ്ങളുടെ പക്ഷത്തേക്ക് മാറ്റുന്നതെന്നും എഎപി ആരോപിച്ചു. പാർട്ടി വിട്ട ഏഴ് എംപിമാരെ ചതിയന്മാർ എന്ന് വിളിച്ച ആം ആദ്മി പാർട്ടി ഇവരെ രാജ്യസഭയിൽ നിന്ന് അയോഗ്യരാക്കാൻ ആവശ്യപ്പെടുമെന്നും അറിയിച്ചു.അതേസമയം പാർട്ടി അഴിമതിക്കാരുടെയും വിട്ടുവീഴ്ചകൾ ചെയ്യുന്നവരുടെയും കൈകളിൽ അകപ്പെട്ടുവെന്ന് വിശ്വസിക്കുന്നതിനാലാണ് തങ്ങൾ കൂട്ടമായി പാർട്ടി വിടുന്നതെന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി.നേതാക്കൾ ഭയം കൊണ്ടാണ് പാർട്ടി വിട്ടതെന്ന എഎപിയുടെ വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഭയം കാരണമല്ല, മറിച്ച് പാർട്ടിയോടുള്ള നിരാശയും വിരക്തിയും വെറുപ്പും കാരണമാണ് അവർ രാജിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പ് പാർട്ടി പരാജയപ്പെടാൻ പ്രധാന കാരണങ്ങളിലൊന്നായിരുന്ന ഷീഷ് മഹൽ വിവാദമായിരുന്നെന്നും ഡല്‍ഹിയില്‍ ഇപ്പോൾ ഷീഷ് മഹൽ രണ്ടാം ഭാഗം ഉയർന്നുവന്നിട്ടുണ്ടെന്നും അതിന്റെ ചില ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ചദ്ദ ആരോപിച്ചു.ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന് ലോധി എസ്റ്റേറ്റിൽ പുതുതായി അനുവദിച്ച ബംഗ്ലാവിനായി പണം ദുർവിനിയോഗം ചെയ്യുന്നുവെന്ന് ഡൽഹി മന്ത്രി പർവേഷ് സാഹിബ് സിങ് വർമ നേരത്തെ നടത്തിയ വാർത്താ സമ്മേളനത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഷീഷ് മഹലിന്റെ നിർമാണം ആം ആദ്മി പാർട്ടിയുടെ പ്രതിഛായയെ മോശമായി ബാധിച്ചെന്നും ഇതാണ് ഡല്‍ഹിയിൽ പാർട്ടിയുടെ പരാജയത്തിന് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം പർവേഷ് സാഹിബ് സിങ് വർമ പങ്കുവച്ച ബംഗ്ലാവിന്റെ ചിത്രങ്ങളെല്ലാം വ്യാജമാണെന്ന് എഎപി നേതാവ് അതിഷി പ്രതികരിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment