മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതിമാരായ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ച വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നത്. 2016ൽ ഔദ്യോഗികമായി വിവാഹമോചിതരായ ഇരുവരും, പത്ത് വർഷത്തെ വേർപിരിയലിന് ശേഷമാണ് തങ്ങൾക്കിടയിലെ പിണക്കങ്ങൾ മറന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.
ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്തു പിടിച്ച് എത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, അന്ന് പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും വീണ്ടും ഒന്നിക്കാനുള്ള തീരുമാനത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് പ്രിയദർശൻ.
“മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നാൽ കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ.“എന്നാണ് പ്രിയദര്‍ശൻ പറഞ്ഞത്.
മക്കളായ കല്യാണി പ്രിയദർശന്റെയും സിദ്ധാർത്ഥിന്റെയും പിന്തുണയും ഇരുവരെയും വീണ്ടും അടുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ ഇരുവരും ഒരുമിച്ചാണ് താമസമെങ്കിലും, തൽക്കാലം വീണ്ടും ഒരു വിവാഹത്തിനില്ലെന്നും ഒരു വിവാഹ സർട്ടിഫിക്കറ്റിന്റെ കുറവ് ഒഴിച്ചാൽ പഴയതുപോലെ തന്നെ ഒരേ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1990ലായിരുന്നു ലിസിയുടെയും പ്രിയദർശന്റെയും പ്രണയവിവാഹം. പ്രിയദർശൻ ചിത്രങ്ങളായ ചിത്രം, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, താളവട്ടം തുടങ്ങി നിരവധി സിനിമകളിൽ നായികയായി ലിസി തിളങ്ങിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment