ആഭ്യന്തരവും ബാഹ്യവുമായ ആക്രമണങ്ങളുടെ നിഴലിൽ പൗരാവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കപ്പെടുന്ന കാഠിന്യമേറിയ സാഹചര്യത്തിലാണ് രാജ്യത്ത് ജനജീവിതം. രാജ്യത്തിനകത്ത് പൗരാവകാശങ്ങൾക്കായി പോരാട്ടങ്ങൾ നടക്കുന്നു. മാധ്യമസ്വാതന്ത്ര്യം കൂച്ചുവിലങ്ങിലായിരിക്കുന്നു. തൊഴിലാളിവർഗം അടക്കം സാധാരണ ജനത കടുത്ത ആക്രമണങ്ങൾക്ക് വിധേയമാകുന്നു. ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ റൗലറ്റ് ആക്ട് കരിനിയമത്തിന്റെ കൊളോണിയൽ കാലഘട്ടത്തെ വർത്തമാനം ഓർമ്മിപ്പിക്കുന്നു. ഗ്രാംഷി വിശേഷിപ്പിച്ചത് പോലെ വാർ ഓഫ് പൊസിഷൻസ്’ — സ്ഥാനയുദ്ധം — നടക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ രാജ്യം 151-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നു. അണയ്ക്കാൻ കഴിയാത്ത വിപ്ലവത്തിന്റെ കനലുകൾ ഒഴികെ മറ്റെല്ലായിടത്തും ശ്മശാന മൂകത പടർന്നിരിക്കുന്നു. ചോദ്യം ചോദിക്കാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. വാർത്താമുറികളിൽ റെയ്ഡ് നടത്തിയും റിപ്പോർട്ടർമാരെ ജയിലിലടച്ചും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ നിശബ്ദരാക്കിയും ഭൂരിപക്ഷ അജണ്ടയുമായി രാജ്യത്തിന്റെ ഭരണകൂടം മുന്നോട്ട് പോവുകയാണ്. ഈ ഭരണകൂടത്തിന് കീഴിൽ അനീതി മുഖംമൂടിയില്ലാതെ വിഹരിക്കുന്നു. രാഷ്ട്രീയ തടവുകൾ, കസ്റ്റഡി മരണങ്ങൾ, ആത്മഹത്യകൾ എന്നിങ്ങനെ ജീവിത യാഥാർത്ഥ്യം ഭയാനകമായിരിക്കുന്നു. സംവിധാനം അതിന്റെ പൗരന്മാരെ പരാജയപ്പെടുത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പൊതുസമൂഹത്തിന് നേരെ ആയുധമേന്തി വേട്ടയ്ക്കിറങ്ങുന്നു. മനുഷ്യാവകാശ സംരക്ഷകർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വിമർശകർ എന്നിവരുടെ പ്രവർത്തന മേഖലകൾ കൂടുതൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. മതന്യൂനപക്ഷങ്ങളുടെ സ്വത്തുക്കൾ നിയമവിരുദ്ധമായി ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് തുടരുന്നു.
ഇവിടെയാണ് ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയ്ക്കും നിയമവിരുദ്ധമായ ശിക്ഷാനടപടികൾക്കും കാരണമായ റൗലറ്റ് ആക്ടുമായുള്ള സാമ്യം പ്രകടമാകുന്നത്. കൃത്യം 107 വർഷങ്ങൾക്ക് മുമ്പ്, 1919 ഏപ്രിൽ 13ന് പഞ്ചാബിലെ അമൃത്‌സറിലുള്ള ജാലിയൻവാലാബാഗിലെ പൊതു ഉദ്യാനത്തിൽ ബൈശാഖി ഉത്സവ ദിനത്തിൽ നൂറുകണക്കിന് നിരായുധരായ ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനായി 1919ൽ ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ കൊണ്ടുവന്ന റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാനായിരുന്നു ജനം ഒത്തുകൂടിയത്. 1919 ഏപ്രിൽ 13ന് വൈകുന്നേരം കൃത്യം 4.30ന് ജനറൽ ഡയർ മൃഗീയമായ പകയോടെ 90 സൈനികരെ ജാലിയൻവാലാബാഗിലെ ഏക കവാടത്തിലേക്ക് നയിച്ചു. ഉള്ളിൽ കുടുങ്ങിയ ഓരോ ജീവന്റെയും വിധി അവിടെ കുറിക്കപ്പെട്ടു. അമൃത്‌സറിലെ ജനങ്ങളുമായി വ്യക്തിപരമായ ബന്ധമില്ലാത്ത ബലൂചി, ഗൂർഖ സൈനികരെയാണ് അദ്ദേഹം മനഃപൂർവം തെരഞ്ഞെടുത്തത്. അവർ യാതൊരു മടിയോ കുറ്റബോധമോ ഇല്ലാതെ ഉത്തരവ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. യാതൊരു പ്രകോപനവുമില്ലാതെ ‘ഫയർ’ എന്ന ആജ്ഞയും വെടിയൊച്ചകളും അന്തരീക്ഷത്തെ കീറിമുറിച്ചു. ഭയചകിതരായി ഓടുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മേൽ 11 മിനിറ്റോളം വെടിയുണ്ടകൾ വർഷിച്ചു. രക്ഷപ്പെടാനോ അഭയം പ്രാപിക്കാനോ അവർക്ക് ഒരിടവുമില്ലായിരുന്നു. ചിലർ നിന്ന നില്പിൽ വീണു. മറ്റു ചിലർ വെടിയേറ്റു മരിക്കാതിരിക്കാൻ അവിടെയുള്ള കിണറ്റിലേക്ക് എടുത്തുചാടി. വെടിയൊച്ചകൾ നിലച്ചപ്പോൾ മണ്ണാകെ രക്തത്തിൽ കുതിർന്നിരുന്നു. ബ്രിട്ടീഷ് കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടത് 300 പേർ ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കണക്കിൽ മരണം ആയിരത്തിലധികമായിരുന്നു. ചരിത്രത്താളുകളിൽ എന്നും മായാത്ത ഭീകരതയായി ആ കൂട്ടക്കൊല നിലനിൽക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഉത്തേജിപ്പിക്കുകയും ലോകമെമ്പാടും പ്രതിഷേധ ജ്വാല ഉയരുകയും ചെയ്യുന്നതിൽ വഴിത്തിരിവായി ഈ സംഭവം മാറി. ദേശീയവും അന്തർദേശീയവുമായ പ്രതിഷേധങ്ങൾ ശക്തമായതോടെ, സ്കോട്ട്‌ലന്റിലെ മുൻ സോളിസിറ്റർ ലോഡ് വില്യം ഹണ്ടറുടെ അധ്യക്ഷതയിൽ അന്വേഷണ കമ്മിഷൻ (ഹണ്ടർ കമ്മിഷൻ) രൂപീകരിക്കാൻ പഞ്ചാബ് സർക്കാർ നിർബന്ധിതരായി. എട്ടംഗ കമ്മിഷനിൽ ചിമൻലാൽ സെതൽവാദ്, ജഗത് നാരായൺ, സുൽത്താൻ അഹമ്മദ് ഖാൻ എന്നീ മൂന്ന് ഇന്ത്യക്കാരുണ്ടായിരുന്നു. അവർ, പ്രതികളായ ഉദ്യോഗസ്ഥരെ ക്രോസ് വിസ്താരം ചെയ്തു. ഇന്ത്യൻ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾ അതീവ നിശിതമായിരുന്നു. കടുത്ത ചോദ്യം ചെയ്യലിൽ ജനറൽ ഡയർ പൂർണമായും തുറന്നുകാട്ടപ്പെട്ടു. തനിക്കും ബ്രിട്ടീഷ് സർക്കാരിനും ദോഷകരമായ വസ്തുതകൾ വെളിപ്പെടുത്താൻ അദ്ദേഹം നിർബന്ധിതനായി. ബ്രിട്ടീഷ് അംഗങ്ങളുടെ റിപ്പോർട്ടിനോട് വിയോജിച്ച് ഇന്ത്യൻ അംഗങ്ങൾ സത്യസന്ധവും ശക്തവുമായ ഒരു റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. ബ്രിട്ടീഷ് അംഗങ്ങളുടെ റിപ്പോർട്ടിൽ ഇന്ത്യക്കാർക്ക് വിശ്വാസമില്ലായിരുന്നു. തുടർന്ന് ഇന്ത്യക്കാർ സ്വന്തമായി ഒരു അന്വേഷണ സമിതി രൂപീകരിച്ചു. ജാലിയൻവാലാബാഗിന് ശേഷം ജനങ്ങളിൽ, സർക്കാർ നടപടികളിൽ വലിയ ഭീതി പടർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രധാനമായും നയിച്ചത് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയും സ്വാമി ശ്രദ്ധാനന്ദുമായിരുന്നു. മദൻ മോഹൻ മാളവ്യ കഠിനായി ശ്രമിച്ചെങ്കിലും ജനങ്ങൾ ഭയചകിതരായിരുന്നു. സി ആർ ദാസും മോട്ടിലാൽ നെഹ്രുവും സാക്ഷ്യപത്രങ്ങൾ ശേഖരിച്ചു. ഒടുവിൽ അറുനൂറോളം പേർ മൊഴി നൽകി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്താൻ ഈ റിപ്പോർട്ടുകൾ ബ്രിട്ടീഷ് സർക്കാരിന് അയച്ചുകൊടുത്തു. അന്ന് നിലവിലുണ്ടായിരുന്ന ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്, പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒഡ്വയറും ഭരണകൂടവും എങ്ങനെയെല്ലാം ലംഘിച്ചു എന്നതിന്റെ വിശദമായ വിവരങ്ങൾ അതിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണമായിരുന്നു പ്രധാന തർക്കവിഷയം. സർക്കാർ കണക്ക് 290 ആയിരുന്നപ്പോൾ കോൺഗ്രസ് റിപ്പോർട്ട് അത് ആയിരത്തിലധികമെന്ന് ഉറപ്പിച്ചു പറഞ്ഞു.
ലോഡ് ചെംസ്‌ഫോഡിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യമുയർന്നു. ജനറൽ ഡയറിനോട് ചെംസ്‌ഫോഡ് മൃദുസമീപനമായിരുന്നു സ്വീകരിച്ചത്. ഡയർ നിർബന്ധിതനായി രാജിവച്ച് അപമാനഭാരത്തോടെ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ഇത് കൊളോണിയൽ ഭരണത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊല രാജ്യവ്യാപകമായ രോഷത്തിന് വഴിയായി. ബ്രിട്ടീഷ് ഭരണത്തോടുള്ള വിശ്വാസം പൂർണമായും തകർന്നു. മൃഗീയമായ നരഹത്യയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ തന്റെ നൈറ്റ്ഹുഡ് പദവി ഉപേക്ഷിച്ചു. അങ്ങേയറ്റം അസ്വസ്ഥനായ മഹാത്മാ ഗാന്ധി, ബ്രിട്ടീഷ് സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഈ ക്രൂരത കൊളോണിയൽ അടിച്ചമർത്തലിനെ തുറന്നുകാട്ടുകയും സാമ്രാജ്യത്വത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, ജാലിയൻവാലാബാഗ് പ്രതിരോധത്തിന്റെ പ്രബലമായ പ്രതീകമായി നിലകൊള്ളുന്നു. സ്വന്തം മണ്ണിൽ രണ്ടാംതരം പൗരന്മാരായി ജീവിക്കാൻ വിസമ്മതിച്ച ഒരു ജനതയുടെ സാക്ഷ്യപത്രമായി അത്. ഇന്ന്, ഹിന്ദുത്വ നയങ്ങൾ ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിക്കുമ്പോൾ ചരിത്രം ആവർത്തിക്കുന്നത് തിരിച്ചറിയുന്നു. അടിച്ചമർത്തലുകൾ ഗഹനമായി ആവർത്തിക്കുകയും ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുകയും ചെയ്യുമ്പോൾ ജനം ചോദിക്കുന്നു, ചരിത്രത്തിൽ കറപുരണ്ട ആ ഒരു കൂട്ടക്കൊല മാത്രം പോരേ? വിധിനിർണയത്തിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ടോ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment