മുൻ ഫോർമുല വൺ ഡ്രൈവറും പാരാലിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ അലക്സ് സനാർഡി (59) അന്തരിച്ചു. കുടുംബാങ്ങളാണ് മരണവാർത്ത പുറത്തുവിട്ടത്. മേയ് ഒന്നിന് വൈകുന്നേരമായിരുന്നു അന്ത്യം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സമാധാനപരമായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
ഇറ്റലിയിലെ ബൊലോഗ്ന സ്വദേശിയായ സനാർഡി 1991ലാണ് ഫോർമുല വണ്ണിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അമേരിക്കയിലെ കാർട്ട് സീരീസിലേക്ക് മാറിയ അദ്ദേഹം 1997, 1998 വർഷങ്ങളിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ് നേടി കരുത്തറിയിച്ചു. എന്നാൽ 2001 സെപ്റ്റംബറിൽ ജർമ്മനിയിൽ നടന്ന മത്സരത്തിനിടെയുണ്ടായ അപകടത്തിൽ അദ്ദേഹത്തിന് രണ്ട് കാലുകളും നഷ്ടമായി.
രണ്ട് കാലുകളും നഷ്ടപ്പെട്ടെങ്കിലും തളരാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കൃത്രിമ കാലുകളുടെ സഹായത്തോടെ വീണ്ടും ട്രാക്കിലെത്തിയ സനാർഡി പിന്നീട് ഹാൻഡ് സൈക്ലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2012ലെ ലണ്ടൻ പാരാലിമ്പിക്സിലും 2016ലെ റിയോ ഗെയിംസിലുമായി നാല് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും നേടി അദ്ദേഹം ലോകത്തെ അത്ഭുതപ്പെടുത്തി.
2020ൽ ടസ്കാനിയിൽ നടന്ന ഒരു ചാരിറ്റി സൈക്ലിംഗ് മത്സരത്തിനിടെ ട്രക്കിടിച്ച് സനാർഡിക്ക് വീണ്ടും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അദ്ദേഹം വർഷങ്ങളോളം ചികിത്സയിലായിരുന്നു. പരിമിതികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച സനാർഡി ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് വലിയൊരു പ്രചോദനമായിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment