Related News

ലിപുലേഖ് ചുരം: ഇന്ത്യ ‑നേപ്പാള്‍ തർക്കം രൂക്ഷമാകുന്നു

Janayugom
Developer Admin

കൈലാസ് മാനസസരോവർ യാത്രയുമായി ബന്ധപ്പെട്ട് ലിപുലേഖ് ചുരത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇന്ത്യ കൈലാസ് മാനസസരോവർ യാത്ര പ്രഖ്യാപിച്ചതോടെയാണ് നേപ്പാൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ നീളുന്ന 2026ലെ കൈലാസ് മാനസസരോവർ തീർത്ഥാടനം മേയ് ഒന്നിനാണ് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴിയും സിക്കിമിലെ നാഥുലാ ചുരം വഴിയും തീർത്ഥാടകരെ അയയ്ക്കാനാണ് തീരുമാനം. 1,000ത്തോളം ഇന്ത്യൻ തീർത്ഥാടകർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ചൈന ഉറപ്പുനൽകിയിട്ടുണ്ട്.

ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങൾ 1816ലെ സുഗൗളി ഉടമ്പടി പ്രകാരം തങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ഇന്ത്യയുടെ റോഡ് നിർമ്മാണമോ, വ്യാപാരമോ, തീർത്ഥാടനമോ അനുവദിക്കില്ലെന്നും നേപ്പാൾ ഭരണകൂടം പറയുന്നു. നയതന്ത്ര തലത്തിൽ ഇന്ത്യയെയും ചൈനയെയും തങ്ങളുടെ ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്നും നേപ്പാൾ കൂട്ടിച്ചേർത്തു. നേപ്പാളിന്റെ അവകാശവാദങ്ങളെ ഇന്ത്യ പൂർണമായും തള്ളിക്കളഞ്ഞു. ലിപുലേഖ് പാസ് ദശകങ്ങളായി കൈലാസ് മാനസസരോവർ യാത്രയ്ക്കായി ഉപയോഗിക്കുന്ന പാതയാണെന്നും പുതിയ സംഭവവികാസമല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ചരിത്രപരമായ തെളിവുകളില്ലാത്ത ഏകപക്ഷീയമായ അവകാശവാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും, അയൽരാജ്യവുമായി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും ഇന്ത്യ അറിയിച്ചു. നേപ്പാളിൽ അധികാരത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേരത്തെ തന്നെ ഈ വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോൾ ലിപുലേഖ് വിഷയത്തിൽ ദേശീയത ഉയർത്തിക്കാട്ടിയ ഇവർ ഭരണത്തിലെത്തിയപ്പോഴും അതേ നിലപാട് തുടരുന്നു. 

Previous
ഹോർമുസിൽ സ്ഫോടനം: ദക്ഷിണ കൊറിയൻ കപ്പലിന് തീപിടിച്ചു
Next
യുഎഇ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment