ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേൺലിയെ തകർത്ത് ലീഡ്‌സ് യുണൈറ്റഡിന് ആധികാരിക വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഡ്സ് ജയം സ്വന്തമാക്കിയത്.
എട്ടാം മിനിറ്റിൽ 25 വാര അകലെ നിന്ന് തൊടുത്ത ഒരു തകർപ്പൻ ലോങ് റേഞ്ചറിലൂടെ ആന്റൺ സ്റ്റാച്ച് ലീഡ്‌സിനെ മുന്നിലെത്തിച്ചു. ഡൊമിനിക് കാൽവർട്ട്-ലെവിൻ, ജെയ്ഡൻ ബോഗിൾ എന്നിവരുടെ മികച്ച നീക്കത്തിനൊടുവിൽ നോഹ ഒകാഫോർ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ തന്നെ കാൽവർട്ട്-ലെവിൻ മൂന്നാം ഗോളും നേടി ലീഡ്‌സിന്റെ വിജയം ഉറപ്പിച്ചു. ഈ സീസണിലെ താരത്തിന്റെ 12-ാമത്തെ ലീഗ് ഗോളാണിത്.
ബേൺലിക്ക് വേണ്ടി ലൂം ചൗണ ഒരു ഗോൾ മടക്കിയെങ്കിലും അവർക്ക് മത്സരത്തിലേക്ക് തിരിച്ചു വരാനായില്ല. ലൂക്കാസ് പിരസ് നേടിയ മറ്റൊരു ഗോൾ വിഎആർ പരിശോധനയിൽ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി ഒഴിവാക്കി. ഇരു ടീമുകളുടെയും ഗോൾകീപ്പർമാരായ മാർട്ടിൻ ഡുബ്രാവ്കയും കാൾ ഡാർലോയും മികച്ച സേവുകൾ നടത്തി. ഈ വിജയത്തോടെ ലീഡ്‌സ് യുണൈറ്റഡ് താരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ടോട്ടനത്തേക്കാൾ ഒമ്പത് പോയിന്റ് മുന്നിലെത്തി. നിലവില്‍ ലീഡ്സ് 14-ാം സ്ഥാനത്തും ബേണ്‍ലി 19-ാമതുമാണ്. അടുത്ത ആഴ്ച ലീഡ്‌സും ടോട്ടനവും തമ്മിൽ ഏറ്റുമുട്ടുന്നത് ആരാധകരില്‍ ആകാംക്ഷയുയര്‍ത്തിട്ടുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment