എംബസി കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തെത്തുടർന്ന് മൂന്ന് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഓസ്ട്രിയ പുറത്താക്കി. വിയന്നയിലെ റഷ്യൻ എംബസി കെട്ടിടത്തിന് മുകളിലുള്ള വൻതോതിലുള്ള ആന്റിനകൾ ഉപയോഗിച്ച് സാറ്റലൈറ്റ് ഇന്റർനെറ്റ് ഡാറ്റ ചോർത്തുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ശീതയുദ്ധ കാലം മുതൽക്കേ യൂറോപ്പിലെ ചാരവൃത്തിയുടെ കേന്ദ്രമായാണ് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന അറിയപ്പെടുന്നത്. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് ചാരപ്രവൃത്തി നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഓസ്ട്രിയൻ വിദേശകാര്യമന്ത്രി ബിയാറ്റെ മെയിൻൽ റെയ്‌സിംഗർ പറഞ്ഞു. ഒപെക്, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി തുടങ്ങിയ പ്രധാന സംഘടനകളുടെ ആസ്ഥാനം വിയന്നയിലാണ്.
തങ്ങളുടെ ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടി രാഷ്ട്രീയ പ്രേരിതവും അന്യായവുമാണെന്ന് റഷ്യൻ എംബസി പ്രതികരിച്ചു. ഇതിന് കടുത്ത രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്നും മോസ്കോ മുന്നറിയിപ്പ് നൽകി. 2020ന് ശേഷം ഇതുവരെ 14 റഷ്യൻ നയതന്ത്രജ്ഞരെയാണ് ഓസ്ട്രിയ പുറത്താക്കിയത്. ഓസ്ട്രിയയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമല്ലാത്ത ചാരപ്രവൃത്തികൾ രാജ്യത്ത് കുറ്റകരമല്ലെന്ന നിയമത്തിലെ പഴുത് ഉപയോഗിച്ച് വിദേശ ചാരന്മാർ വിയന്നയിൽ താവളമുറപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. വിയന്നയിലുള്ള 17,000 അംഗീകൃത നയതന്ത്രജ്ഞരിൽ 7,000 പേരെങ്കിലും രഹസ്യ ഏജന്റുമാരായിരിക്കാമെന്നാണ് കണക്കാക്കുന്നത്. ഇത് തടയാനായി ചാരവൃത്തി വിരുദ്ധ നിയമം കർശനമാക്കാൻ ഓസ്ട്രിയൻ സർക്കാർ ഒരുങ്ങുകയാണ്. യൂറോപ്യൻ യൂണിയനെതിരെയോ വിയന്ന കേന്ദ്രീകൃതമായ അന്താരാഷ്ട്ര സംഘടനകൾക്കെതിരെയോ ചാരപ്രവൃത്തി നടത്തുന്നത് കുറ്റകരമാക്കുന്ന പുതിയ നിയമം സർക്കാർ പരിഗണനയിലാണ്. റഷ്യൻ ഏജന്റായി പ്രവർത്തിച്ചുവെന്നാരോപിച്ച് മുൻ ഓസ്ട്രിയൻ ഉദ്യോഗസ്ഥൻ എജിസ്റ്റോ ഒട്ടിനെ 2024ൽ അറസ്റ്റ് ചെയ്തതോടെയാണ് ചാരവൃത്തി തടയാൻ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമായത്. സർക്കാർ ഫോണുകളും ലാപ്ടോപ്പുകളും റഷ്യയ്ക്ക് വിറ്റുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾ നേരിടുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment