Related News

ആഗോള കുടിയേറ്റത്തിൽ ഇന്ത്യക്കാര്‍ മുന്നില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

Janayugom
Developer Admin

2024ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിയേറുന്ന പ്രധാന പാതകളിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുമുള്ള വഴികൾ മുൻനിരയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐഒഎം പുറത്തുവിട്ട ‘വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2026’ ആണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിലും വികസനത്തിലും കുടിയേറ്റം എത്രത്തോളം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 മധ്യത്തോടെ ലോകത്താകെ ഏകദേശം 30.4 കോടി ആളുകൾ തങ്ങൾ ജനിച്ച രാജ്യത്തിന് പുറത്ത് ജീവിക്കുന്നവരാണ്. ഇത് ലോകജനസംഖ്യയുടെ ഏകദേശം 3.7 ശതമാനമാണ്. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്കുള്ളതാണ് ലോകത്തെ ഏറ്റവും വലിയ കുടിയേറ്റ പാത. 1.1 കോടി ആളുകൾ ഈ പാതയിലൂടെ. അഫ്ഗാനിസ്ഥാൻ‑ഇറാൻ, സിറിയ‑തുർക്കി പാതകളാണ് തൊട്ടുപിന്നിൽ. യുക്രെയ്ൻ‑റഷ്യ വഴിയും കുടിയേറ്റത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുണ്ട്.

അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ‑യുഎഇ പാതപ്രധാനമായും തൊഴിൽ കുടിയേറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. യുഎഇയിലെ എട്ടു കോടിയിലധികം വരുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ഇത് 30 ലക്ഷത്തിലധികം വരും. ആറാം സ്ഥാനത്തുള്ള ഇന്ത്യ‑അമേരിക്ക പാത ഇന്ത്യയുടെ ഉയർന്ന നൈപുണ്യമുള്ള തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും കുടിയേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഏകദേശം 32 ലക്ഷം ഇന്ത്യക്കാരാണ് 2024‑ൽ അമേരിക്കയിൽ താമസിക്കുന്നത്. അമേരിക്കയിലെ വിദേശികളിൽ മെക്സിക്കൻ കഴിഞ്ഞാൽ രണ്ടാമത് ഇന്ത്യക്കാരാണ്. 

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ യുഎസ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വ്യാപാര കരാറുകൾ, പ്രതിരോധ സഹകരണം, വിസ നയങ്ങൾ എന്നിവയിൽ ഇന്ത്യൻ വംശജരുടെ ഇടപെടൽ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം 2024‑ൽ ഏകദേശം 905 ബില്യൺ ഡോളറായിരുന്നുവെന്നും റിപ്പോർട്ട് കണക്കാക്കുന്നു. വിദേശ സഹായത്തെക്കാളും നേരിട്ടുള്ള വിദേശ നിക്ഷേപത്തെക്കാളും വലിയ തുകയാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് പോകുന്നവരിൽ പുരുഷന്മാരാണ് കൂടുതലെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിർമ്മാണം, ഉല്പാദനം, കൃഷി തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങളാണ് ഇതിന് കാരണം. ഗൾഫ് രാജ്യങ്ങളിൽ പുരുഷന്മാരുടെ കുടിയേറ്റം കൂടുതലാണെങ്കിൽ, ഇന്ത്യയിലേക്ക് കുടിയേറുന്നവരിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്. കുടിയേറ്റ പാതകൾ സുരക്ഷിതമാക്കുന്നതും, ഈ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതും ആഗോള സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

Previous
കണ്ണൂർ പാനൂരിൽ സ്ഫോടനം; 11 വയസ്സുകാരന് ഗുരുതര പരിക്ക്
Next
ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാമല; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സീറ്റ് കുറഞ്...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment