Related News

ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാമല; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സീറ്റ് കുറഞ്ഞു

Janayugom
Developer Admin

ഉത്തരേന്ത്യക്കൊപ്പം അസം നിലനിര്‍ത്തിയും പശ്ചിമ ബംഗാള്‍ പിടിച്ചെടുത്തും വടക്കുകിഴക്കന്‍ മേഖലയിലും ആധിപത്യമുറപ്പിച്ചുവെങ്കിലും ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാമല തന്നെ. അസമിനും പശ്ചിമ ബംഗാളിനുമൊപ്പം വോട്ടെടുപ്പ് നടന്ന പ്രതിപക്ഷ ഭരണമുള്ള കേരളത്തില്‍ മൂന്ന് സീറ്റുകള്‍ നേടിയതൊഴിച്ചാല്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവരുടെ നില പിറകോട്ട് പോയി. കേരളത്തിലും തമിഴ്‌നാട്ടിലും എസ്‌ഐആർ നടപടികളിലൂടെ വോട്ടര്‍മാരുടെ എണ്ണം വെട്ടിയെങ്കിലും ബിജെപിക്ക് ഗുണം ചെയ്തില്ല. തമിഴ്‌നാട്ടില്‍ ഏകദേശം 68 ലക്ഷം പേരെ (10.6%) ഒഴിവാക്കി, 6.41ൽ നിന്ന് 5.73 കോടിയായി കുറച്ചു. കേരളത്തിൽ വോട്ടര്‍മാരുടെ എണ്ണം 2.78ൽ നിന്ന് 2.71 കോടിയായും കുറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലും ഭരണമാറ്റമുണ്ടായെങ്കിലും ബിജെപി സഖ്യത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായില്ല.

നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ എന്നീ മൂന്നിടങ്ങളിലെ ജയവും നാലിടത്ത് രണ്ടാം സ്ഥാനവും നേടാനായ കേരളത്തില്‍ വോട്ടിങ് ശതമാനത്തില്‍ അതിനനുസൃതമായ വര്‍ധയുണ്ടാക്കാനായില്ല. 2021ൽ 11.3% ആയിരുന്ന വോട്ട് വിഹിതം ഇത്തവണ 11.42% ആണ്. എന്‍ഡിഎ എന്ന നിലയില്‍ മൂന്നിടങ്ങളിലെ ബിജെപി വിജയം ആശ്വാസമായെങ്കിലും മറ്റ് സഖ്യകക്ഷികളെല്ലാം അതിദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. തമിഴ്‌നാട്ടില്‍ 2021ല്‍ നാല് സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒരെണ്ണം മാത്രമേ ലഭിച്ചുള്ളൂ. അതേസമയം കഴിഞ്ഞ തവണ 20 സീറ്റില്‍ മത്സരിച്ച അവര്‍ ഇത്തവണ 26 സീറ്റിലാണ് മത്സരിച്ചത്. വോട്ട് വിഹിതത്തില്‍ 2.62ല്‍ നിന്ന് 2.97 ശതമാനമെന്ന നേരിയ വര്‍ധന വരുത്താന്‍ മാത്രമേ സാധിച്ചുള്ളൂ. ഭരണമാറ്റം തീരുമാനിച്ച സംസ്ഥാനത്തെ വോട്ടര്‍മാര്‍ നേരത്തെ അധികാരം കയ്യാളിയിരുന്ന, ബിജെപിയുടെ സഖ്യകക്ഷി എഐഎഡിഎംകെ ഉണ്ടായിരുന്നിട്ടും പുതിയതായി രംഗപ്രവേശം നടത്തിയ നടന്‍ വിജയിന്റെ ടിവികെയാണ് പകരം കണ്ടത് എന്നത് തമിഴകത്തിന്റെ ബിജെപി വിരുദ്ധ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. 

പുതുച്ചേരിയിലും ബിജെപിക്കുണ്ടായത് തിരിച്ചടി തന്നെ. കഴിഞ്ഞ തവണ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസും എഐഎഡിഎംകെയുമായി സഖ്യത്തിലായിരുന്ന ബിജെപി ഒമ്പതിടത്ത് മത്സരിക്കുകയും ആറിടത്ത് ജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ പത്തിടത്ത് മത്സരിച്ച ബിജെപിക്ക് നാലിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. സഖ്യകക്ഷികളായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് രണ്ട്, എഐഎഡിഎംകെ, എല്‍ജെകെ എന്നിവ ഒന്ന് വീതം സീറ്റുകള്‍ കൂടുതല്‍ നേടിയപ്പോഴായിരുന്നു ബിജെപിക്ക് നഷ്ടമുണ്ടായത്. 13.66ല്‍ നിന്ന് 12.19% ആയി വോട്ടിങ് ശതമാനത്തിലും കുറവുണ്ടായി. 

Previous
ആഗോള കുടിയേറ്റത്തിൽ ഇന്ത്യക്കാര്‍ മുന്നില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ...
Next
കൊളംബിയയിലെ ഖനിയിൽ സ്ഫോടനം; ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment