പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ, ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’ സുരക്ഷിതമായി കടന്നു. 45,000 ടൺ എൽപിജിയുമായി ശനിയാഴ്ചയാണ് കപ്പൽ ഈ തന്ത്രപ്രധാനമായ പാതയിലൂടെ കടന്നുപോയത്.
അമേരിക്ക ഇറാനുമേൽ നാവിക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലാണ് ‘സർവ്വ് ശക്തി’. യുഎഇയിലെ തുറമുഖത്ത് നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചത്. മാർഷൽ ദ്വീപുകളുടെ പതാകയേന്തി സഞ്ചരിച്ച ഈ കപ്പൽ, ഇറാനിലെ ലാറക്, ഖേഷ്ം ദ്വീപുകൾക്ക് സമീപത്തുകൂടി ഒമാൻ ഉൾക്കടലിലേക്ക് നീങ്ങിയതായി കപ്പൽ ട്രാക്കിങ് ഡാറ്റകൾ വ്യക്തമാക്കുന്നു. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. മേയ് 13ന് കപ്പല്‍ വിശാഖപട്ടണം തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കേ ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കപ്പലായി സര്‍വ് ശക്തി മാറി.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കപ്പലിലെ എൽപിജി ചരക്ക് ഇറക്കുമതി ചെയ്യുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യക്ക് പശ്ചിമേഷ്യന്‍ സംഘര്‍ഷം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സംഘര്‍ഷത്തിനിടെ എട്ട് എല്‍പിജി ടാങ്കര്‍ കടത്തി വിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രം ബന്ധപ്പെട്ട ഏജൻസികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വിവരം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment