Related News

സിഗ്നലുകളില്ല, പിടിക്കപ്പെടില്ല; ഇസ്രായേൽ പ്രതിരോധത്തെ തകര്‍ക്കാൻ ഹിസ്ബുള്ളയുടെ ക്വാഡ്കോപ്റ്ററുകൾ

Janayugom
Developer Admin

കടന്നുകയറുന്ന ശത്രുസൈന്യത്തെ പ്രതിരോധിക്കാൻ നൂതനമായ യുദ്ധതന്ത്രവുമായി ഹിസ്ബുള്ള. ഇസ്രായേലിന്റെ അത്യാധുനിക ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോണുകളാണ് ഇപ്പോൾ യുദ്ധഭൂമിയിലെ പുതിയ താരം. സാധാരണ ഡ്രോണുകൾ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുമ്പോൾ, ഈ ഡ്രോണുകൾ ഓപ്പറേറ്ററുമായി നേരിട്ട് ഒരു നേർത്ത ഫൈബർ ഒപ്റ്റിക് കേബിൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. റേഡിയോ സിഗ്നലുകളുടെ അഭാവം മൂലം ഇസ്രായേലിന്റെ ജാമിങ് സംവിധാനങ്ങൾക്ക് ഇവയെ തിരിച്ചറിയാനോ തടയാനോ സാധിക്കില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഏകദേശം 15 കിലോമീറ്റർ വരെ നീളമുള്ള, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമുള്ള അത്രയും നേർത്ത കേബിളുകളാണ് ഈ ഡ്രോണുകളിൽ ഉപയോഗിക്കുന്നത്. ഡ്രോണിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം യാതൊരു തടസ്സവുമില്ലാതെ ഓപ്പറേറ്റർക്ക് ലഭിക്കുന്നതിനാൽ, കൃത്യമായ ലക്ഷ്യസ്ഥാനം കണ്ടെത്തി ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കുന്നു. ഡ്രോണുകൾ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്തുക ഇസ്രായേൽ സൈന്യത്തിന് അസാധ്യമാണെന്ന് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകർ തന്നെ സമ്മതിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച ഹിസ്ബുള്ള പുറത്തുവിട്ട വീഡിയോയിൽ ഈ ഡ്രോണുകളുടെ പ്രഹരശേഷി വ്യക്തമാണ്. ഇസ്രായേൽ സൈനികർക്കിടയിലേക്ക് ഡ്രോൺ പതിക്കുന്നതും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം. ഈ ആക്രമണത്തിൽ 19 വയസ്സുകാരനായ സർജന്റ് ഇദാൻ ഫൂക്സ് കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മാറ്റാൻ എത്തിയ ഹെലികോപ്റ്ററിന് നേരെയും ഡ്രോൺ ആക്രമണം നടത്താൻ ഹിസ്ബുള്ള ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ട് വർഷം മുൻപ് നടന്ന പേജർ സ്ഫോടനങ്ങൾക്ക് പകരമായി ഹിസ്ബുള്ള നടത്തുന്ന ഈ ‘നിശബ്ദ യുദ്ധം’ ഇസ്രായേലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Previous
വിദേശ നിക്ഷേപകരുടെ പിന്മടക്കം തുടരുന്നു; ഈ മാസം പിന്‍വലിച്ചത് 60,000 കോടി
Next
ഇറാന്‍ ആക്രമണം: യുഎസ് സൈനിക ശൃംഖല തകർന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment