അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗൗരവ് ഗൊഗോയ് രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് തോൽവി ഏറ്റുവാങ്ങി. ജോർഹാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി നേതാവ് ഹിതേന്ദ്ര ഗോസ്വാമി 23,182 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഗോസ്വാമി 69,439 വോട്ടുകൾ നേടിയപ്പോൾ ഗൊഗോയ് 46,257 വോട്ടുകൾ മാത്രമാണ് നേടിയത്.
മുൻ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനായ ഗൗരവ് ഗൊഗോയ് മൂന്ന് തവണ ലോക്‌സഭാംഗമായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജോർഹാട്ടിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിജയം കോൺഗ്രസിന് ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി ഗൊഗോയ്ക്കെതിരെ ശക്തമായ പ്രചാരണമാണ് നടത്തിയത്. ഗൊഗോയിക്കും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് വംശജയായ ഭാര്യക്കും പാകിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാരോപിച്ച് ശര്‍മ്മ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുകയും കഴിഞ്ഞ സെപ്റ്റംബറില്‍ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങൾ ഗൊഗോയ് തള്ളിക്കളഞ്ഞു.
ആരോപണങ്ങള്‍ക്കിടയിലും പാര്‍ട്ടി അദ്ദേഹത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി നിയമിച്ചു. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കുകയും വിവിധ പാർട്ടികളുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു. ഗ്രാമീണ വോട്ടർമാരെയും സ്ത്രീകളെയും ലക്ഷ്യമാക്കി ഗൊഗോയ് പ്രവർത്തിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്നതിനിടെ സ്വന്തം മണ്ഡലത്തിൽ പരിമിതമായ സമയം മാത്രമാണ് ചെലവഴിച്ചത്.
ലോക്‌സഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന ഗൊഗോയ് പാർലമെന്റിലെ പ്രസംഗങ്ങളിലൂടെ ശ്രദ്ധ നേടിയ നേതാവാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് അടുത്ത ബന്ധമുള്ള ഗൊഗോയ് എൻജിനീയറിങ്ങിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment