കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ലഹരിമരുന്നുകളുടെ വ്യാപനമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവ് അതീവ ഗൗരവകരമായ ഒരു സാമൂഹിക വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ലഹരിക്കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025‑ലെ കണക്കുകൾ പ്രകാരം പൊലീസ്, എക്സൈസ് വകുപ്പുകൾ ചേർന്ന് ഏകദേശം 33,000‑ൽ അധികം എൻ ഡി പി എസ് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. കഞ്ചാവിനേക്കാൾ എം ഡി എം എ, മെതാംഫെറ്റാമൈൻ തുടങ്ങിയ രാസലഹരികളുടെ വലിയ ശേഖരമാണ് ഇക്കാലയളവിൽ പിടികൂടിയത്. കൊച്ചി നഗരത്തിൽ മാത്രം 3.08 കിലോ എംഡിഎംഎ പിടിച്ചെടുത്തത് ഇതിന്റെ വ്യാപനം വ്യക്തമാക്കുന്നു.
സ്കൂൾ- കോളേജ് വിദ്യാർത്ഥികളെയാണ് ലഹരി മാഫിയകൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഇത് യുവതലമുറയെടെ മാനസികാരോഗ്യം, വിദ്യാഭ്യാസം, കുടുംബബന്ധങ്ങൾ തുടങ്ങിയവയെ കാര്യമായി ബാധിക്കുന്നു. രാസലഹരികളുടെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കടുത്ത വിഷാദം, ഉത്കണ്ഠ, സ്വഭാവ വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പഠനത്തിൽ ഏകാഗ്രത നഷ്ടപ്പെടുകയും ലഹരിക്കേസുകളിൽ പെടുന്നതോടെ തൊഴിൽ സാധ്യതകളും പാസ്പോർട്ട് ക്ലിയറൻസുൾപ്പെടെ തടസ്സപ്പെടുകയും ചെയ്യുന്നു. ലഹരിക്ക് അടിമപ്പെടുന്നതോടെ മാതാപിതാക്കളുമായുള്ള വിശ്വാസം തകരുകയും കുടുംബങ്ങളിൽ സാമ്പത്തികവും മാനസികവുമായ തകർച്ച ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്നു.
ഡിജിറ്റൽ യുഗത്തിന്റെ കാലമായതിനാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ലഹരി വില്പന സംഘങ്ങൾ സജീവമാണ്. ക്രിപ്റ്റോകറൻസി വഴിയുള്ള പണമിടപാടുകൾ ഉപയോഗിക്കുന്നത് പ്രതികളെ പിടികൂടുന്നത് അധികൃതർക്ക് വെല്ലുവിളിയുണ്ടാക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊറിയർ പാഴ്സലുകൾക്കുള്ളിൽ ഒളിപ്പിച്ച് സിന്തറ്റിക് ഡ്രഗ്സ് എത്തിക്കുന്നത് വർധിച്ചിട്ടുണ്ട്. പെട്ടെന്ന് പണമുണ്ടാക്കാമെന്ന പ്രലോഭനത്തിൽ വീണ് ടൂറിസ്റ്റ് ബസുകളിലും ട്രെയിനുകളിലും ലഹരി എത്തിക്കുന്ന കാരിയർമാരായി വിദ്യാർത്ഥികളും യുവാക്കളും മാറുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്നുകൾ എത്തുന്ന പ്രധാന കവാടങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളാണ്. വാളയാർ, മുത്തങ്ങ, അമരവിള, മഞ്ചേശ്വരം തുടങ്ങിയ പ്രധാന ചെക്ക് പോസ്റ്റുകൾ വഴി ലഹരി കടത്തിയതിന് കഴിഞ്ഞ വർഷം 1,500‑ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തു. ചരക്ക് വാഹനങ്ങൾ, അന്തർസംസ്ഥാന സ്വകാര്യ ബസുകൾ, കൊറിയർ വണ്ടികൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും കടത്ത് നടക്കുന്നത്. അതേസമയം, ലഹരി ഉപയോഗം കേവലം ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, ക്രമസമാധാന പ്രശ്നം കൂടിയാണ്. ലഹരി വാങ്ങാൻ പണമില്ലാതെ വരുമ്പോൾ യുവാക്കൾ മോഷണം, പിടിച്ചുപറി, മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു. ഇത് ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് ആക്കം കൂട്ടുന്നു. ലഹരിയുടെ സ്വാധീനത്തിൽ അകാരണമായ കലഹങ്ങൾ, കൊലപാതക ശ്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ എന്നിവയും വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിപണനത്തെച്ചൊല്ലി ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പൊതുജന സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ലഹരിക്കെതിരെ സർക്കാർ തലത്തിൽ ‘വിമുക്തി’ പോലുള്ള പദ്ധതികൾ നടക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ ജാഗ്രത അത്യന്താപേക്ഷിതമാണ്. ലഹരിയുടെ ഉപയോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ മടിക്കരുത്. വരുംതലമുറയെ ഈ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്ത്വം കൂടിയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment