ഇന്ത്യൻ ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത കുതിപ്പുമായി ആദിത്യ ധർ — രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് കളക്ഷൻ നേടുന്ന ആദ്യ ചിത്രം എന്ന അപൂർവ്വ നേട്ടത്തിന് തൊട്ടരികിലാണ് ഈ ചിത്രം. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 961 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മൂന്നാം വാരന്ത്യം പൂർത്തിയാകുന്നതോടെ 1000 കോടി എന്ന ചരിത്ര നാഴികക്കല്ല് ചിത്രം പിന്നിടുമെന്നുറപ്പായി. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആഗോള കളക്ഷൻ ഇതിനോടകം 1501 കോടി രൂപ പിന്നിട്ടുകഴിഞ്ഞു. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ സിനിമയുടെ ആഗോള മാനദണ്ഡങ്ങൾ തിരുത്തിക്കുറിച്ച ‘ധുരന്ധർ 2’, വിദേശ വിപണികളിലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള ആകെ ഗ്രോസ് കളക്ഷൻ 1,134 കോടി രൂപയും ഓവർസീസ് വിപണിയിലെ ഗ്രോസ് 367 കോടിയുമാണ്. ആദ്യ എട്ട് ദിവസത്തിനുള്ളിൽ 690 കോടി നേടിയ ചിത്രം രണ്ടാം വാരത്തിൽ 271 കോടി രൂപ കൂടി അധികമായി നേടി. രണ്ടാം ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളിലും മികച്ച കളക്ഷൻ നിലനിർത്താൻ ചിത്രത്തിന് സാധിച്ചു.
ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ ചിത്രം, എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ്, വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം തുടങ്ങി നിരവധി റെക്കോർഡുകൾ ഇതിനോടകം ‘ധുരന്ധർ 2’ സ്വന്തമാക്കി. വെറും പത്ത് ദിവസത്തിനുള്ളിൽ തന്നെ ഈ ചിത്രം ആദ്യ ഭാഗത്തിന്റെ വിദേശ കളക്ഷൻ മറികടന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സിനിമയിലെ പല മുൻകാല റെക്കോർഡുകളും തകർത്തുകൊണ്ടുള്ള ഈ കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment