Related News

മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്ന ഭയം; ഭാര്യയും മക്കളെയും കൊലപ്പെടുത്തി

Janayugom
Developer Admin

തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിൽ ആൺകുഞ്ഞ് വേണമെന്ന ഭ്രാന്തമായ ആഗ്രഹത്തെത്തുടർന്ന് ഗർഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും പിതാവ് സ്വിമ്മിങ് പൂളിൽ മുക്കിക്കൊന്നു. സംഭവത്തിൽ പ്രതിയായ അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫർഹത്ത് (26), മക്കളായ ഉമേറ (8), അയേഷ (6) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

തനിക്ക് ഒരു മകൻ വേണമെന്ന് അസറുദ്ദീൻ തീവ്രമായി ആഗ്രഹിച്ചിരുന്നു. ഗർഭിണിയായ ഭാര്യ മൂന്നാമതും ഒരു പെൺകുഞ്ഞിന് ജന്മം നൽകുമോ എന്ന ഭയമാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുൻപായി തെളിവ് നശിപ്പിക്കാനായി അസറുദ്ദീൻ വീട്ടിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയിരുന്നു. സ്വന്തം വീടിനോട് ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വെച്ചാണ് ഇയാൾ ഈ കടുംകൈ ചെയ്തത്.

ഭാര്യയും മക്കളും അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും വരുത്തിതീർക്കാൻ പ്രതി ശ്രമിച്ചു. ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇയാൾ ഈ കള്ളക്കഥയാണ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഫർഹത്ത് മുമ്പ് ഗർഭിണിയായിരുന്നപ്പോൾ, പെൺകുഞ്ഞാണെന്ന് അറിഞ്ഞതിനെത്തുടർന്ന് അസറുദ്ദീൻ രണ്ട് തവണ അവരെ ഗർഭഛിദ്രത്തിന് വിധേയയാക്കിയതായി ബന്ധുക്കൾ ആരോപിച്ചു. മൂന്നാമതും ഗർഭിണിയായപ്പോൾ ലിംഗനിർണയ പരിശോധന നടത്തി ഗർഭഛിദ്രത്തിന് നിർബന്ധിച്ചെങ്കിലും ഫർഹത്ത് അത് നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് ഫർഹത്തിന്റെ അമ്മായി മുംതാസ് പറഞ്ഞു.

സ്വന്തമായി സിമന്റ് കട്ട നിർമ്മാണശാല നടത്തുന്ന അസറുദ്ദീൻ സാമ്പത്തികമായി വലിയ ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. ഇയാളുടെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ഇത്രയും സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നുണ്ടായ ഈ ക്രൂരകൃത്യം നാടിനെ നടുക്കിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഹനംകൊണ്ട പൊലീസ് അറിയിച്ചു.

Previous
ആഗോള കളക്ഷൻ 1500 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ ചരിത്രനേട്ടവുമായി രൺവീർ...
Next
വാഴ II — ബയോപിക് ഓഫ് ബില്യൺ ബ്രോസ്- പ്രേക്ഷക ഹൃദയവും ബോക്സ് ഓഫീസും കീഴടക്കി ഈ ബ്...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment