Related News

വിദേശ ഇടപെടൽ പട്ടികയിൽ ഇന്ത്യ; വിമർശനത്തിൽ അയവ്

Janayugom
Developer Admin

കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ നിലനിർത്തി കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്). എന്നാൽ, മുൻ വർഷങ്ങളിലെ റിപ്പോർട്ടുകളെ അപേക്ഷിച്ച് ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളുടെ തീവ്രത ഇത്തവണ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇടപെടലുകളെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പുതിയ വാർഷിക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
കാനഡയിലെ ജനാധിപത്യ പ്രക്രിയകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സ്വാധീനം ചെലുത്താൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. 

2025ലെ പ്രവർത്തനങ്ങൾ മുൻനിർത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയുടെ ജനാധിപത്യ സംവിധാനങ്ങൾക്കും സാമ്പത്തിക സുരക്ഷയ്ക്കും എതിരെ ഏറ്റവും വ്യാപകവും സങ്കീർണവുമായ ഇടപെടലുകൾ നടത്തുന്നത് ചെെനയാണെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു. കാനഡയിലെ ഫെഡറൽ, പ്രവിശ്യാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായ പ്രതിപാദ്യമുണ്ട്.

2024ലെ റിപ്പോർട്ടിൽ ഇന്ത്യയെക്കുറിച്ച് പേജുകളോളം നീണ്ട വിശദീകരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് ചുരുങ്ങിയ വരികളിൽ ഒതുക്കി. ഇന്ത്യയുടെ ഇടപെടലുകൾ ദീർഘകാലമായി നിലനിൽക്കുന്ന ഒന്നാണെന്ന അർത്ഥത്തിലാണ് ‘ചരിത്രപരം’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. കാനഡയിലെ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാർക്കിടയിൽ ഭിന്നതയുണ്ടാക്കാനും വിമർശകരെ അടിച്ചമർത്താനും ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുമ്പ് ഉന്നയിച്ചിരുന്ന കടുത്ത ആരോപണങ്ങൾ ഇത്തവണത്തെ റിപ്പോർട്ടിൽ നേരിട്ട് ആവർത്തിച്ചിട്ടില്ല. 

കാനഡയിലെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പ്രത്യേക രാജ്യം ആവശ്യപ്പെടുന്നതിനെ (ഖാലിസ്ഥാൻ വാദം) മൗലികമായ അഭിപ്രായ സ്വാതന്ത്ര്യമായും ‘നിയമാനുസൃതമായ രാഷ്ട്രീയ പ്രവർത്തനമായും’ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നു. ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും തീവ്രവാദികളായി കാണാനാവില്ല. കാനഡയെ താവളമാക്കി അക്രമം ആസൂത്രണം ചെയ്യുകയും, വിദേശ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കാൻ പണം സമാഹരിക്കുകയും ചെയ്യുന്ന വളരെ ചെറിയൊരു ശതമാനം ആളുകളെ മാത്രമേ ‘തീവ്രവാദികൾ’ എന്ന ഗണത്തിൽ പെടുത്താവൂ എന്നാണ് സിഎസ്ഐസിന്റെ നിലപാട്.

2024ലെ റിപ്പോർട്ട് പ്രകാരം, ‘കാനഡയിലെ ഖലിസ്ഥാൻ പ്രസ്ഥാനമാണ് ഇന്ത്യയുടെ ഇടപെടലുകൾക്ക് പ്രേരിപ്പിക്കുന്നത്’ എന്നൊരു വ്യക്തമായ കാരണം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളെ ഒരു സ്വതന്ത്ര പ്രശ്നമായിട്ടാണ് കാണുന്നത്. 2025ലെ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഒരു തീവ്രവാദ സംഘടനയായി കാനഡ ഔദ്യോഗികമായി പട്ടികപ്പെടുത്തിയതാണ്.

കാനഡയുടെ സാമ്പത്തിക താല്പര്യങ്ങളും നയതന്ത്ര മാറ്റങ്ങളും സിഎസ്ഐഎസ് റിപ്പോർട്ടിലെ ഭാഷയെ സ്വാധീനിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. 2024ലെ റിപ്പോർട്ടിൽ ഇന്ത്യയുടെ ഇടപെടലുകൾക്ക് കാരണം ഖാലിസ്ഥാൻ പ്രസ്ഥാനമാണെമ്മ് കാനഡ പറഞ്ഞിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടിൽ ആ വാചകം നീക്കം ചെയ്തു. ഇന്ത്യയുമായി 50 ബില്യൺ ഡോളറിന്റെ വ്യാപാരവും യുറേനിയം കരാറും ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ഇന്ത്യയെ നേരിട്ട് പ്രകോപിപ്പിക്കാതിരിക്കാനുള്ള നയതന്ത്ര നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. മാർക്ക് കാർണിയുടെ കീഴിൽ ഇന്ത്യയുമായി മികച്ച സാമ്പത്തിക ബന്ധം ആഗ്രഹിക്കുന്ന കാനഡയ്ക്ക്, ഇന്ത്യയെ ഒരു ‘സമകാലിക സുരക്ഷാ ഭീഷണി‘യായി ഉയർത്തിക്കാട്ടുന്നത് വ്യാപാര ചർച്ചകളെ ബാധിക്കുമെന്ന് ആശങ്കയുണ്ടാകാം. നിലവിലെ ആഗോള സാമ്പത്തിക യാഥാർത്ഥ്യം’ കാരണമാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ ഇന്ത്യക്കെതിരെയുള്ള വിമർശനത്തിന്റെ മൂർച്ച കുറഞ്ഞതെന്നും വിദഗ്ധര്‍ പറയുന്നു. 

Previous
ക്യൂബയ്ക്ക് ആഗോള പിന്തുണ; അമേരിക്കൻ ഉപരോധങ്ങൾക്കെതിരെ ആഗോള കൂട്ടായ്മ
Next
വിദേശ നിക്ഷേപകരുടെ പിന്മടക്കം തുടരുന്നു; ഈ മാസം പിന്‍വലിച്ചത് 60,000 കോടി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment