Related News

ബ്ലേക്ക് ലൈവ്‌ലിക്ക് തിരിച്ചടി; ജസ്റ്റിൻ ബാൾഡോണിക്കെതിരായ ലൈംഗികാരോപണ പരാതികൾ കോടതി തള്ളി

Janayugom
Developer Admin

ഹോളിവുഡ് താരം ബ്ലേക്ക് ലൈവ്‌ലിയും നടനും സംവിധായകനുമായ ജസ്റ്റിൻ ബാൾഡോണിയും തമ്മിലുള്ള നിയമപോരാട്ടത്തിൽ ബ്ലേക്കിന് കനത്ത തിരിച്ചടി. ജസ്റ്റിനെതിരെ ബ്ലേക്ക് ഉന്നയിച്ച ലൈംഗികാരോപണം, അപകീർത്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള പ്രധാന പരാതികൾ കോടതി തള്ളി. ‘ഇറ്റ് എൻഡ്‌സ് വിത്ത് അസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് താരം ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വാദം നിലനിൽക്കില്ലെന്ന് ജഡ്ജി ലൂയിസ് ലിമാൻ നിരീക്ഷിച്ചു.

ബ്ലേക്ക് ലൈവ്‌ലി സമർപ്പിച്ച 13 പരാതികളിൽ 10 എണ്ണവും കോടതി തള്ളിക്കളഞ്ഞു. ലൈംഗികാരോപണങ്ങൾ ഫെഡറൽ നിയമപ്രകാരം നിലനിൽക്കില്ലെന്നും താരം ഒരു സ്വതന്ത്ര കരാറുകാരി ആയതിനാൽ ഇത്തരം പരാതികൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ, ചിത്രീകരണം നടന്നത് ന്യൂജേഴ്‌സിയിലായതിനാൽ കാലിഫോർണിയ നിയമപ്രകാരം ഹരാസ്‌മെന്റ് കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിലും, കരാർ ലംഘനം, പ്രതികാര നടപടികൾ എന്നീ മൂന്ന് പരാതികളിൽ വിചാരണ തുടരാൻ കോടതി അനുമതി നൽകി. മെയ് 18ന് ന്യൂയോർക്കിൽ ഈ കേസിൽ സിവിൽ വിചാരണ ആരംഭിക്കും. തനിക്കെതിരെ ഓൺലൈൻ വഴി അപകീർത്തികരമായ പ്രചാരണം നടത്താൻ ജസ്റ്റിൻ പ്രത്യേക സംഘത്തെ നിയോഗിച്ചു എന്ന ബ്ലേക്കിന്റെ ആരോപണത്തിൽ ജൂറി അന്തിമ തീരുമാനമെടുക്കും.

2024ലാണ് ഈ നിയമയുദ്ധം ആരംഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും സഹതാരവുമായ ജസ്റ്റിൻ തന്റെ ശരീരത്തെക്കുറിച്ചും ഭാരത്തെക്കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ബ്ലേക്കിന്റെ ആരോപണം. എന്നാൽ സിനിമയുടെ നിയന്ത്രണം ഏറ്റെടുക്കാനായി ബ്ലേക്ക് കെട്ടിച്ചമച്ച കഥകളാണിതെന്ന് ജസ്റ്റിന്റെ അഭിഭാഷകർ വാദിച്ചു. സുപ്രധാനമായ പത്ത് പരാതികൾ കോടതി തള്ളിയതിൽ ജസ്റ്റിന്റെ നിയമസംഘം സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ പോരാട്ടം തുടരുമെന്ന് ബ്ലേക്ക് ലൈവ്‌ലിയുടെ അഭിഭാഷകർ അറിയിച്ചു.

Previous
എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ടാളി
Next
‘ദൃശ്യം 3’യുടെ എല്ലാ ഡിജിറ്റൽ അവകാശങ്ങളും സ്വന്തമാക്കി ആമസോൺ പ്രൈം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment