എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ടാളി

Janayugom
Developer Admin

രാജ്യത്തൊട്ടാകെ ജനം ദുരിതമനുഭവിക്കുമ്പോൾ ഇത്രയും ക്രൂരമായ നിസംഗത പുലർത്തുന്ന ഭരണാധികാരികൾ പ്രാകൃത ചരിത്രത്തിൽ പോലുമുണ്ടായിട്ടില്ല. നമ്മുടെ രാജ്യത്ത് നിലവിലുള്ള നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണാധികാരികൾ അത്തരമൊരു പുതിയ പ്രതീകം അവതരിപ്പിക്കുകയാണ്. എണ്ണക്കമ്പനികൾ ഇന്ധനക്കൊള്ള നടത്തുമ്പോൾ മൗനം പാലിക്കുകയും പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെ ഈ നിലയിലല്ലാതെ വിശേഷിപ്പിക്കുവാൻ സാധിക്കില്ല. ഇസ്രയേലും യു എസും സംയുക്തമായി ഇറാനെതിരെ ഏകപക്ഷീയ ആക്രമണം അഴിച്ചുവിട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ രൂപപ്പെട്ട പ്രതിസന്ധി ലോകത്താകെ ഇന്ധന ക്ഷാമത്തിന്, പ്രത്യേകിച്ച് പാചകവാതക ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യം വീട്ടടുക്കളകളെ മാത്രമല്ല ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവയെ ബാധിക്കുകയും അടച്ചുപൂട്ടലിന് നിർബന്ധിതമാകുകയും ചെയ്തു. ലഭ്യതക്കുറവും കരിഞ്ചന്തവിലയും കാരണം ഹോട്ടൽ ഭക്ഷണത്തിന് ഇതിനകംതന്നെ വിലക്കയറ്റം ഉണ്ടായി. ഹോട്ടലുകൾ അടച്ചുപൂട്ടിയതിന്റെയും വിലക്കയറ്റത്തിന്റെയും ഫലമായി ജോലിക്കും മറ്റുമായി വീട് വിട്ട് ജീവിക്കുന്നവർ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ദുരിതത്തിലാണ്. ഈഘട്ടത്തിൽ സാധാരണക്കാരെ സഹായിക്കുന്നതിന് പകരം എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന നോക്കുകുത്തികളായിരിക്കുകയാണ് രാജ്യ ഭരണാധികാരികൾ. അതിന്റെ അവസാനത്തെ തെളിവാണ് വാണിജ്യ പാചക വാതകം, വിമാന ഇന്ധനം, പ്രീമിയം പെട്രോൾ എന്നിവയ്ക്ക് വൻ തോതിൽ വിലവർധന വരുത്തിയ എണ്ണക്കമ്പനികളുടെ നടപടിയും നിസംഗമായി നിൽക്കുന്ന കേന്ദ്രസർക്കാർ നിലപാടും.

ഫെബ്രുവരി അവസാന ദിവസമാണ് യുദ്ധം ആരംഭിച്ചതെങ്കിലും ആ മാസം ആദ്യംതന്നെ വാണിജ്യ പാതകവാതക സിലിണ്ടറുകളുടെ വിലയിൽ വർധന വരുത്തിയിരുന്നു. സിലിണ്ടറിന് 49 രൂപ വർധനയാണ് ഉണ്ടായത്. ആഗോള തലത്തില്‍ വില വർധിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് വില വർധനയുണ്ടായതെങ്കിലും എന്തെങ്കിലും നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. പിന്നീട് മാർച്ച് ആറിന് യുദ്ധമെന്ന കാരണം പറഞ്ഞ് വീണ്ടും ഗാർഹിക, വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60, വാണിജ്യ സിലിണ്ടറിന് 114.50 രൂപ വീതമാണ് കൂട്ടിയത്. വാതക ക്ഷാമം രൂക്ഷമാകുകയും വില കൂട്ടുകയും ചെയ്തതോടെ അവശ്യസാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും നിരക്ക് ഉയര്‍ത്താന്‍ വ്യാപാരികൾ നിർബന്ധിതമായി. ഇതിനെല്ലാം പിന്നാലെയാണ് കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195.50 രൂപ കൂട്ടിയിരിക്കുന്നത്. വിമാന ഇന്ധനം, പ്രീമിയം പെട്രോൾ എന്നിവയുടെ വിലയിലും കമ്പനികൾ വർധന വരുത്തി. വിമാനത്തിലുപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ കടന്നിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് 2.07 ലക്ഷം രൂപയായാണ് ഉയർന്നത്. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40% ഈയിനത്തിലാണെന്നതിനാൽ വിമാനയാത്രാ നിരക്കുകൾ വർധിക്കുവാൻ കാരണമാകും. അവധിക്കാലത്ത് വിദേശങ്ങളിൽ കുടുംബമായി താമസിക്കുന്നവർ നാടണയുന്ന സമയമാണിതെന്നതിനാൽ സാധാരണക്കാരെയാണ് പ്രധാനമായും ഇത് ബാധിക്കുക. വിനോദസഞ്ചാരികൾക്കും തിരിച്ചടിയാകും. എൽപിജി ക്ഷാമം രൂക്ഷമായതോടെ ദ്രവീകൃത പ്രകൃതി വാതക (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് — എൽഎൻജി) ത്തിലേക്ക് മാറണമെന്ന് സർക്കാർ പൗരന്മാരെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. വാതക പൈപ്പ്‌ലൈൻ ഉള്ള മേഖലകളിൽ ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകൾ നിയന്ത്രിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ വിലയും മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുകയാണ്.

യുദ്ധം വന്ന് ക്ഷാമം രൂക്ഷമായതോടെ ആശങ്കപ്പെടേണ്ടതില്ലെന്ന് ആവർത്തിച്ചുകൊണ്ടിരുന്നതല്ലാതെ പ്രശ്നപരിഹാരത്തിനായി എന്തെങ്കിലും നടപടി സ്വീകരിക്കുവാൻ സർക്കാർ സന്നദ്ധമായിട്ടില്ല. ആഗോള വില ഉയരുമ്പോള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന കാരണം പറഞ്ഞിരുന്ന എണ്ണക്കമ്പനികൾ, ക്രൂഡ് വില കുറഞ്ഞിട്ടും നിരക്ക് കുറയ്ക്കാൻ തയ്യാറാകാതിരുന്നപ്പോഴും സർക്കാർ നിസംഗമായി നിൽക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ആഗോള വിപണിയിൽ 100 ഡോളർ കടന്നപ്പോൾ നിശ്ചയിച്ച ഇന്ധന വില തന്നെയാണ് 60–70 ഡോളറിനടുത്ത് നിന്ന ഇക്കാലമത്രയും കമ്പനികൾ ഈടാക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ വില 100 ഡോളർ കടന്നപ്പോൾ അക്കാരണം പറഞ്ഞ് വീണ്ടും കൂട്ടുകയാണ് ചെയ്തത്. ആഗോളതലത്തിലുണ്ടാകുന്ന വില മാറ്റത്തിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന പ്രതീക്ഷ നൽകിയാണ് എണ്ണക്കമ്പനികൾക്ക് പ്രതിമാസ വിലനിർണയ രീതിക്ക് കോൺഗ്രസ് ഭരിക്കുന്ന കാലത്ത് തുടക്കമിട്ടത്. പെട്രോൾ വില നിർണയിക്കാൻ സർക്കാരിനുണ്ടായിരുന്ന അവകാശം 2010 ജൂണ്‍ 25ന് എടുത്തുകളയുകയും ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കുകയും ചെയ്തു. കമ്പനികൾക്ക് വില നിർണയാവകാശം നൽകിയതിനെ ബിജെപി എതിർത്തിരുന്നതാണെങ്കിലും അധികാരത്തിലെത്തി മാസങ്ങള്‍ക്കകം ഡീസലിന്റെ വില നിര്‍ണയം കൂടി കമ്പനികള്‍ക്ക് നല്‍കിയത് മോഡി സര്‍ക്കാരാണ്. 2014 ഒക്ടോബർ 18നാണ് ഡീസൽ വിലയിന്മേലുള്ള നിയന്ത്രണാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തത്. ആഗോള വില കുറഞ്ഞതിന്റെ നേട്ടം വളരെ അപൂർവമായല്ലാതെ ഉപഭോക്താക്കൾക്ക് ലഭിച്ചില്ല. ഫലത്തിൽ പ്രതിമാസ വില നിർണയമെന്നത് കമ്പനികൾക്ക് ഉപഭോക്താക്കളെ കൊള്ളയടിക്കാനും ലാഭം വർധിപ്പിക്കുവാനുമുള്ള അവസരമാകുകയാണ് ചെയ്തത്. ഇപ്പോഴും എണ്ണക്കമ്പനികളുടെ കൊള്ളയെ ന്യായീകരിക്കുകയും ജനദുരിതമേറുമ്പോൾ പരിഹാരമാർഗം തേടാതെ അതിന് കൂട്ടുനിൽക്കുകയാണ് സർക്കാർ ചെയ്യുന്നത്. 

Previous
ഓഹരി വിപണി ഇടിവ് തുടരുന്നു; നഷ്ടം ഒമ്പത് ലക്ഷം കോടി
Next
ബ്ലേക്ക് ലൈവ്‌ലിക്ക് തിരിച്ചടി; ജസ്റ്റിൻ ബാൾഡോണിക്കെതിരായ ലൈംഗികാരോപണ പരാതികൾ കോ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment