സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ സെൽറ്റ വിഗോയെ പരാജയപ്പെടുത്തി ബാഴ്സലോണ വിജയക്കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ വിജയിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനേക്കാൾ ഒമ്പത് പോയിന്റ് ലീഡ് ബാഴ്സ സ്വന്തമാക്കി. എന്നാൽ ടീമിന്റെ പ്രധാന താരങ്ങളായ ലാമിൻ യമാലിന്റെയും ജോവോ കാൻസലോയുടെയും പരിക്കുകൾ ടീമിന് കനത്ത തിരിച്ചടിയായി. ബാഴ്സലോണയുടെ തുടർച്ചയായ എട്ടാം വിജയമാണിത്. മത്സരത്തിന്റെ 40-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ലാമിൻ യമാൽ ബാഴ്സയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഗോൾ നേടിയതിന് തൊട്ടുപിന്നാലെ താരം പരിക്ക് അനുഭവപ്പെടുന്നതായി ബെഞ്ചിലേക്ക് സൂചന നൽകുകയും പിന്നീട് വേദനയോടെ കളം വിടുകയും ചെയ്തു. മത്സരത്തിന്റെ 24-ാം മിനിറ്റിൽ കാൻസലോയെയും സമാനമായ രീതിയിൽ പേശീ സംബന്ധമായ പരിക്കിനെ തുടർന്ന് പിൻവലിച്ചിരുന്നു.
മത്സരത്തിനിടെ ഗാലറിയിൽ ഒരു കാണിയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കളി ഏകദേശം 15 മിനിറ്റോളം നിർത്തിവയ്ക്കേണ്ടി വന്നു. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം പിന്നീട് കളി പുനരാരംഭിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അലാവസിനെ തോല്പിച്ച് റയൽ മാഡ്രിഡ് പോയിന്റ് വ്യത്യാസം ആറായി കുറച്ചിരുന്നെങ്കിലും, ഈ വിജയത്തോടെ ബാഴ്സലോണ വീണ്ടും വ്യക്തമായ മേൽക്കൈ നേടിയിരിക്കുകയാണ്. ലാ ലീഗിലെ മോശം ഫോം അത്‌ലറ്റിക്കോ മാഡ്രിഡിൽ തുടരുകയാണ്. എൽച്ചെയ്ക്കെതിരായ മത്സരത്തിൽ 3–2 എന്ന സ്കോറിനാണ് ടീം പരാജയപ്പെട്ടത്. തുടർച്ചയായ നാലാം മത്സരത്തിലാണ് അത്‌ലറ്റിക്കോ വിജയം കാണാതെ വലയുന്നത്. മത്സരത്തിന്റെ 30-ാം മിനിറ്റിൽ തിയാഗോ അൽമേയ്ഡയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത് ടീമിന്റെ താളം തെറ്റിച്ചു. എൽച്ചെയ്ക്ക് വേണ്ടി ആന്ദ്രേ സിൽവ രണ്ട് ഗോളുകൾ നേടി ടീമിന് വിജയം സമ്മാനിച്ചു. തോൽവിയോടെ അത്‌ലറ്റിക്കോ ലീഗിൽ കൂടുതൽ പ്രതിസന്ധിയിലായി. മറ്റൊരു മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ ഗെറ്റാഫെ 1–0 ന് വിജയിച്ചു. ഈ ജയത്തോടെ ഗെറ്റാഫെ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment