കോൺഗ്രസിന് കൂലിത്തൊഴിലാളികൾ നികൃഷ്ടരോ?

Janayugom
Developer Admin

“നീറി മരിക്കും ജനകോടികളേ
പാടും കലയുടെ പടവാളുകളേ
കാർമുകിൽനിര പോൽ
പോക നാം, പോക നാം
വാടിക്കരിയും മലർവാടികളേ
പാടിയുണർത്തും മണിവീണകളേ
കാർമുകിൽനിര പോൽ
പോക നാം, പോക നാം
നാടുകളുണരും നവകാഹളമേ
നീയലതല്ലുക ജനവീഥികളിൽ…”

നാടുകളെയുണർത്തിയ നവകാഹളം സൃഷ്ടിച്ചത് തൊഴിലാളിവർഗമാണ്. ചോരയാൽ രചിച്ച രക്തസാക്ഷിത്വ പരമ്പരകളുടെ, തൊഴിലാളിവർഗത്തിന്റെ നീണ്ട ചരിത്രഗാഥ പറയാനുണ്ട് ഈ കൊച്ചുകേരളത്തിൽ. കയ്യൂരിലും കരിവെള്ളൂരിലും ഒഞ്ചിയത്തും കാവുമ്പായിയിലും മൊറാഴയിലും അന്തിക്കാടും ശൂരനാടും പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലും കല്ലറയിലും കടയ്ക്കലിലും എത്രയെത്ര രക്തരൂക്ഷിത പോരാട്ടങ്ങൾ. പതിതര്‍ക്ക് നേരെ യന്ത്രത്തോക്കുകൾ തീതുപ്പി. പക്ഷേ, കഴുമരങ്ങളിൽ ശിരസുയർത്തിപ്പിടിച്ച് കമ്മ്യൂണിസ്റ്റുകാർ തൂക്കിലേറി. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായ പോരാട്ടങ്ങളിലെ രക്തസാക്ഷിത്വ ഗാഥകളാണവ.

മൂന്നായി വിഭജിക്കപ്പെട്ടിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നടന്ന കമ്മ്യൂണിസ്റ്റുകാരുടെ ധീരദേശാഭിമാന പോരാട്ടങ്ങളിൽ പങ്കുചേരാതെ, മലബാറിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പവും കൊച്ചിയിലും തിരുവിതാംകൂറിലും ദിവാൻ ഭരണ സ്വേച്ഛാധിപത്യത്തിനൊപ്പവും സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനൊപ്പവും നിന്ന കോൺഗ്രസിന് തൊഴിലാളിവർഗ പോരാട്ടങ്ങളെ അംഗീകരിക്കാനാവുകയില്ല എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
നാടാകെ നടുങ്ങിയ, ജനമനസുകളെ നൊമ്പരക്കടലിലാഴ്ത്തിയ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തകാലത്ത് ഹൃദയവേദനയനുഭവിക്കുന്ന മനുഷ്യരെ നെഞ്ചോട് ചേർത്തുപിടിച്ച ഇടതുപക്ഷ സര്‍ക്കാറിനെയും അതിനെ മുന്നിൽ നിന്നു നയിച്ച റവന്യുമന്ത്രി കെ രാജനെയും അവഹേളിക്കുവാനാണ് പ്രതിപക്ഷ നേതാവും യുഡിഎഫും വ്യാജപ്രചാരണങ്ങളിലൂടെ ഇന്ന് യത്നിക്കുന്നത്. മന്ത്രി കെ രാജൻ കേവലമൊരു തൊഴിലാളിയായി മാറിയെന്ന് അവർ ആക്ഷേപിക്കുന്നു. കൂലിപ്പണിക്കാരൻ എന്ന് പറഞ്ഞ് അധിക്ഷേപിക്കുമ്പോൾ ഉപജീവനത്തിനായി ദൈനംദിനം പ്രവർത്തിയെടുക്കുന്ന പരശ്ശതം കൂലിപ്പണിക്കാരെയാണ് വി ഡി സതീശനും ചാണ്ടി ഉമ്മനും ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ അധിക്ഷേപിക്കുന്നത്.

ചെത്തുതൊഴിലാളികളുടെ അവകാശസമ്പാദന പോരാട്ടത്തിൽ വീറുറ്റ രക്തസാക്ഷിത്വങ്ങളുണ്ടായ അന്തിക്കാടിന്റെ മണ്ണിലാണ് കെ രാജൻ ജനിച്ചത്. ചെത്തുതൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും ജന്മിത്തഭീകരതയാൽ അടിച്ചമർത്തപ്പെട്ട കുടികിടപ്പുകാരുടെയും സാമ്രാജ്യത്വ ഭീകരതയാലും ദിവാൻ ഭരണത്തിന്റെ മേൽക്കോയ്മയാലും നീതി നിഷേധിക്കപ്പെട്ട തൊഴിലാളിവർഗത്തിനൊപ്പം നിൽക്കാതെ, ജന്മിത്വ സാമ്രാജ്യത്വ ശക്തികൾക്കും ദിവാൻഭരണ മേധാവിത്വത്തിനും കൂട്ടുനിന്ന കോൺഗ്രസിന് കൂലിപ്പണിക്കാരും തൊഴിലാളികളും ഇന്നും നികൃഷ്ടജീവികളാകുന്നതില്‍ അത്ഭുതമില്ല. ജന്മിത്വവാസനയിൽ, പ്രഭുത്വസ്മരണയിൽ അഭിരമിക്കുന്ന കോൺഗ്രസിന് ഇതേ സാധ്യമാവൂ. അംബാനിമാരുടെയും അഡാനിമാരുടെയും ബിർളമാരുടെയും ടാറ്റമാരുടെയും മിത്തൽമാരുടെയും പാദസേവകരായ കോൺഗ്രസിന് സാമ്രാജ്യത്വ ദാസ്യം കൈവിടാനാവുകയില്ല. കോൺഗ്രസിനെക്കാൾ ശക്തമായി നരേന്ദ്ര മോഡിയുടെ ഭരണകൂടം ഇന്ന് കുത്തകമുതലാളിമാരുടെ ദാസ്യപ്രവൃത്തിയെടുക്കുന്നു. രണ്ടുകൂട്ടർക്കും തൊഴിലാളിവർഗവും കൂലിപ്പണിക്കാരും നികൃഷ്ടജീവികളാണ്.
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും സർവവും നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ചത് ഇടതുപക്ഷസർക്കാരാണ്. അവിടത്തെ അമ്മമാർ, പിഞ്ചുകുഞ്ഞുങ്ങൾ, പിതാക്കൾ ഇടതുപക്ഷ മന്ത്രിമാരുടെയും ഇടതുപക്ഷ ബഹുജന സംഘടനകളുടെയും സാന്ത്വനസ്പർശങ്ങളറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നൽകിയ കപടവാഗ്ദാനങ്ങളെ തിരിച്ചറിയുകയും ചെയ്തു. എൽഡിഎഫ് സർക്കാർ കല്പറ്റയിൽ ടൗൺഷിപ്പ് പദ്ധതിയിലൂടെ ആലംബഹീനരായ മനുഷ്യരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ തുടങ്ങി. അതിന്റെ ഒന്നാംഘട്ടം പൂർത്തിയായപ്പോഴാണ് ഒരു കോൺഗ്രസ് പ്രവർത്തകനെക്കൊണ്ട് — അയാൾ വീട് ലഭിച്ചയാൾ കൂടിയാണ് — വിള്ളൽ വിവാദം സൃഷ്ടിച്ചത്.

ജനോപകാരപ്രദമായി ജനപിന്തുണയോടെ നടപ്പാക്കിയ വയനാട് ടൗൺഷിപ്പ് പദ്ധതിയെ അവമതിപ്പിക്കുകയായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം. ആ ഗൂഢലക്ഷ്യം തുറന്നു കാണിച്ചതിന്റെ പേരിലാണ് റവന്യുമന്ത്രി കെ രാജന് കൂലിപ്പണിക്കാരൻ എന്ന സവിശേഷമുദ്ര ചാർത്തിച്ചു നൽകിയത്. അടിസ്ഥാനവർഗത്തിന്റെ പോരാട്ടങ്ങളെ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകന് ആ വിശേഷണം അഭിമാനമുദ്രയാണ്. നൂറ് വീടുകള്‍ വച്ചു നൽകുമെന്ന് പറഞ്ഞ കോൺഗ്രസും 30 വീടുകള്‍ നൽകുമെന്നു പറഞ്ഞ യൂത്ത് കോൺഗ്രസും ചൂരൽമലയിലും മുണ്ടക്കൈയിലും കാണാമറയത്താണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വാര്‍ത്താ സമ്മേളനത്തിൽ പറയുന്നു വീട് നിർമ്മിക്കാൻ തങ്ങൾ തറക്കല്ലിട്ടു എന്ന്. കല്ലു പോയിട്ട് തരിമ്പുപോലും ആ പ്രദേശങ്ങളിൽ കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ പേരിൽ കാണാനില്ല. കോടാനുകോടി രൂപ വയനാട്ടിലെ ദുരന്തത്തില്‍ ഇല്ലാതായവരുടെയും ഉറ്റവരും ജീവിതവും നഷ്ടപ്പെട്ടവരുടെയും പേരിൽ പിരിച്ചെടുത്തവർ ഒരു നയാപൈസ ചെലവഴിക്കാതെ മനുഷ്യത്വ ക്രൂരത പ്രകടിപ്പിക്കുകയാണ്. അതിനിടയിലാണ് തങ്ങൾക്ക് സഹായഹസ്തവുമായി ചൂരൽമലയിലെത്തിയ റവന്യുമന്ത്രി കെ രാജനെ കാണാനും ആലിംഗനം ചെയ്യാനും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ, ചൂരല്‍മല നിവാസികള്‍ മലയോരം കടന്ന് ഒല്ലൂരില്‍ എത്തിച്ചേർന്നത്. ആ മനുഷ്യർ കേരള സര്‍ക്കാരിന്റെയും മന്ത്രി കെ രാജന്റെയും മാനവസ്നേഹത്തെയും മനുഷ്യത്വത്തെയും തിരിച്ചറിയുന്നുണ്ട് എന്നതിന്റെ തെളിവാണ് അവരുടെ ആലിംഗനമുദ്രകൾ. ആ ഘട്ടത്തിൽ യുഡിഎഫിന്റെ തൊഴിലാളിവർഗത്തെ അപഹസിച്ചുകൊണ്ടുള്ള പരാമർശങ്ങൾ മാനവർ കാലത്തിന്റെ ചവറ്റുകുട്ടയിൽ തള്ളിയിടും.
“പൊരുതും വർഗചരിത്രത്തിൽ
ഉടനീളം ചുടുചോരയിലെഴുതിയ
ചുടുചുടെ നിൽക്കും പരമാർത്ഥം.”
ഈ പരമയാഥാർത്ഥ്യം അറിയാത്തവർ തൊഴിലാളിവർഗത്തെ അപഹസിച്ച് സ്വയം അവഹേളിതരാകുന്നു.

Previous
വിജയത്തിളക്കത്തിൽ ബാഴ്സലോണ; ഒന്നാം സ്ഥാനത്തേക്ക് ഒമ്പത് പോയിന്റ് ലീഡ്
Next
കുറ്റവിചാരണ തള്ളിയാലും കുറ്റാരോപണങ്ങൾ തള്ളപ്പെടില്ല

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment