മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കുറ്റവിചാരണാ പ്രമേയത്തിൽ ചർച്ച വേണമെന്ന് നോട്ടീസ് നൽകിക്കൊണ്ട് അപൂർവമായ നീക്കമായിരുന്നു മാർച്ച് 12ന് പ്രതിപക്ഷം നടത്തിയത്. പക്ഷേ പ്രസ്തുത നോട്ടീസ് പരിഗണനയ്ക്കെടുക്കേണ്ടെന്ന തീരുമാനമാണ് ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും കൈക്കൊണ്ടത്. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നിഷ്പക്ഷമെന്നോ സുതാര്യമെന്നോ കരുതാവുന്ന ഒരു നടപടിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്ന് ജനം കണ്ടുകൊണ്ടിരിക്കുന്നു. എന്നുമാത്രമല്ല ഏകപക്ഷീയ സമീപനങ്ങൾ ആവർത്തിക്കുകയുമാണ്. ഈ പശ്ചാത്തലത്തിൽ രണ്ടാമതും നോട്ടീസ് നൽകുന്നതിന് പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭമാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ച വനിതാ സംവരണത്തിന്റെ പേരിലുള്ള ഭരണഘടനാ ഭേദഗതി ബില്ലും അത് പരാജയപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തോട് നടത്തിയ പ്രസംഗവും. പ്രതിപക്ഷം ഉന്നയിക്കുന്ന വിയോജിപ്പിനപ്പുറം ഈ ബില്ലും മോഡിയുടെ പ്രസംഗവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടേണ്ടതാണ്. അതിനുപക്ഷേ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സന്നദ്ധമാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
അതുകൊണ്ടാണ് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് പി സന്തോഷ് കുമാറും സിപിഐ(എം), കോൺഗ്രസ് പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിഇസിക്ക് കത്ത് നൽകിയത്. കേരളം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്താണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടർമാരെ സ്വീധിനിക്കുക ലക്ഷ്യം വച്ചാണ് ഭരണഘടനാ ഭേദഗതി നീക്കവും പിന്നാലെ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രസംഗവുമുണ്ടായതെന്നത് പകൽപോലെ വ്യക്തമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടവർക്കെല്ലാം അത് ബിജെപി തെരഞ്ഞെടുപ്പ് പൊതുയോഗം ലൈവായി കേൾക്കുന്ന പ്രതീതിയാണ് ഉണ്ടായത്; അല്ലാതെ രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളോട് നടത്തുന്ന പ്രസംഗമായല്ല.
രാജ്യത്തെ വോട്ടർമാരെ തീർച്ചയായും സ്വാധീനിക്കാൻ ഇടയുള്ളതാണ് വനിതാ സംവരണം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെങ്കിൽ രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടർമാരെ പ്രത്യേകം പരാമർശിച്ചുളള മോഡിയുടെ പ്രസംഗം ബിജെപിയുടെ പച്ചയായ രാഷ്ട്രീയം നിറഞ്ഞതുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയതും സിഇസിയെ നീക്കണമെന്നാവശ്യപ്പെടുന്ന കുറ്റ വിചാരണാ നോട്ടീസ് നൽകാൻ വീണ്ടും തീരുമാനിക്കുകയും ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രിക്ക് നൽകിയതുപോലെ, പ്രതിപക്ഷ നേതാക്കൾക്ക് ദൂരദർശനിൽ തുല്യസമയം നൽകണമായിരുന്നു എന്ന മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഓം പ്രകാശ് റാവത്തിന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി ഇത്തരം അവസരങ്ങൾ ഒരു പാർട്ടിക്ക് നൽകുന്നത് വ്യക്തമായും നിയമവിരുദ്ധമാണെന്നും അങ്ങനെ ചെയ്താൽ അത് മത്സരിക്കുന്ന എല്ലാ പാർട്ടികൾക്കും ബാധകമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ ദിവസങ്ങൾ പിന്നിട്ടിട്ടും എന്തെങ്കിലും നിലപാടെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സന്നദ്ധമായില്ല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമർശം നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന ബിജെപി പരാതിയിൽ മണിക്കൂർ തികയുന്നതിന് മുമ്പ് നോട്ടീസ് അയക്കുന്നതിന് മടിയുണ്ടായില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കാണ് വിശദീകരണം തേടി കമ്മിഷൻ നോട്ടീസ് നൽകിയത്. വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശമാണ് നടപടിക്ക് കാരണമായത്. എന്നാല്‍ ഭരണസ്വാധീനമുപയോഗിച്ച് ഒദ്യോഗിക വാർത്താ പ്രക്ഷേപണ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അധികാര ദുർവിനിയോഗവും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമവും നടത്തിയ മോഡിക്കെതിരെ ഒന്നുമുണ്ടായില്ല. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്ഷപാതിത്വത്തിന് ഇതിൽപ്പരം തെളിവ് വേറെ വേണ്ടതില്ല.
മാർച്ച് 15ന് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് മുതൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. സമ്മതിദായകരെ സ്വാധീനിക്കാൻ ഇടയുള്ള തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകരുത് എന്നതാണ് വ്യവസ്ഥ. പക്ഷേ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ, തമിഴ്‌നാട് സംസ്ഥാനത്തെ വോട്ടർമാരെ സ്വാധീനിച്ചേക്കാവുന്ന സുപ്രധാന തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചതിന് ശേഷം പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് വനിതാ സംവരണബിൽ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനാണ് മോഡി സർക്കാർ പദ്ധതിയിട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന കാര്യമാണിത്. എങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിസംഗമായിരിക്കുന്നു.
ജനാധിപത്യ സംവിധാനം നിലനിൽക്കുന്നൊരു രാജ്യത്തിന്റെ ആണിക്കല്ലാണ് സുതാര്യവും സത്യസന്ധവുമായി നടക്കുന്ന തെരഞ്ഞെടുപ്പുകളും അത് നിഷ്പക്ഷമായും വിവേചനങ്ങളില്ലാതെയും നടത്തുന്നതിന് ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മിഷനും. ഭരണഘടനാപരമായി സ്വതന്ത്രാധികാരങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങൾ കുറച്ചുവർഷങ്ങളായി സംശയാസ്പദ നിലപാടുകളും ഏകപക്ഷീയ സമീപനങ്ങളും കൊണ്ട് ജനാധിപത്യ വിശ്വാസികളുടെ ചോദ്യമുനയിൽ നിൽക്കുകയാണ്.
പെരുമാറ്റച്ചട്ട ലംഘനങ്ങൾ നടത്തുന്ന കേന്ദ്ര ഭരണാധികാരികളോട് മൃദുസമീപനം സ്വീകരിക്കുക, അല്ലാത്തവർക്കു നേരെ ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കുക, ഭരണപക്ഷത്തുള്ളവരെ രക്ഷിക്കാൻ സാധിക്കാത്തവിധം പ്രയാസത്തിലാകുമ്പോൾ കുറുക്കുവഴികൾ തേടുക എന്നിങ്ങനെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ട നിരവധി സന്ദർഭങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുമുണ്ടായി. പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കൃത്യമായി തെളിയുകയും നടപടി ആവശ്യമാണെന്ന് വരികയും ചെയ്ത അവസരങ്ങളിൽ വിചിത്ര നടപടികളിലൂടെ അത് ഒഴിവാക്കുന്നതാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാം കണ്ടത്. ഈ ഘട്ടത്തിൽ കമ്മിഷണറായിരുന്നു ഗ്യാനേഷ് കുമാറെന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ പ്രമുഖ ഭരണകകക്ഷി നേതാക്കൾക്കെതിരെയാണ് ചട്ടലംഘന ആരോപണമുയർന്നത്. എന്നാൽ അവരെ പ്രചാരണത്തിനയച്ച പാർട്ടിയുടെ — ബിജെപിയുടെ — അധ്യക്ഷന് വിശദീകരണ നോട്ടീസ് നൽകി നടപടി അവസാനിപ്പിക്കുന്ന വിചിത്ര നടപടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായത്. പിന്നീട് മറ്റ് കക്ഷിനേതാക്കൾക്കെതിരെ ഇതേ ആരോപണങ്ങളുയർന്നപ്പോൾ സമാനരീതിയിലുള്ള നടപടി സ്വീകരിച്ചുകൊണ്ട് സമീകരിക്കുന്നതിലൂടെ തങ്ങളുടെ നിഷ്പക്ഷതയെന്ന കാപട്യം വ്യക്തമാക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് ഗ്യനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ തീരുമാനം കേന്ദ്രസർക്കാരിൽ നിന്നുണ്ടായത്. വ്യക്തമായ പ്രവർത്തന പദ്ധതിയോടെയായിരുന്നു നിയമനം. ഇതിനിടയിൽ 2019ലെ തെരഞ്ഞെടുപ്പിലുണ്ടായ ഒരു സംഭവം കൂടി നാം ഓർക്കണം. അതും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരുടെ ചട്ടലംഘനവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രകടമായ വിദ്വേഷ പ്രസംഗമാണ് അവരിൽ നിന്നുണ്ടായത്. ഇതിനെതിരെ പരാതി ഉയർന്നപ്പോൾ നടപടി വേണമെന്ന് അന്നത്തെ കമ്മിഷണർമാരിലൊരാളായിരുന്ന അശോക് ലവാസ അഭിപ്രായപ്പെട്ടിരുന്നുവെന്നും പക്ഷേ ഭൂരിപക്ഷ തീരുമാനപ്രകാരം നടപടി വേണ്ടെന്ന് വയ്ക്കുകയുമായിരുന്നു എന്നും പിന്നീട് വാർത്തകൾ പുറത്തുവന്നു.
2019ലെ പ്രചാരണ വേളയിൽ, ഭൂരിപക്ഷ തീരുമാനങ്ങൾക്കെതിരെ ലവാസ കുറഞ്ഞത് അഞ്ച് തവണയെങ്കിലും വിയോജിച്ചിരുന്നുവെന്നും ഇവയിൽ ഭൂരിഭാഗവും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരായ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളായിരുന്നുവെന്നുമാണ് വാർത്തകളുണ്ടായത്. ഇത് ലവാസയോ മറ്റ് ആരെങ്കിലുമോ നിഷേധിച്ചിരുന്നുമില്ല. മാത്രമല്ല അത് ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന പ്രതികാര നടപടികൾ ബിജെപി സർക്കാരിന് കീഴിലുള്ള ഏജൻസികളെ ഉപയോഗിച്ച് ഉണ്ടാക്കുകയും ചെയ്തു. അശോക് ലവാസയ്ക്ക് പകരം അദ്ദേഹത്തിന്റെ കുടുംബത്തെ പിടികൂടുന്നതിനാണ് ശ്രമിച്ചത്.
2019 ഓഗസ്റ്റിൽ ലവാസയുടെ ഭാര്യ നോവൽ സിംഗാളിന് ആദായനികുതി (ഐടി) വകുപ്പ് നോട്ടീസ് നൽകി. ഇതിനുപുറമേ ലേയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മകൾ അവനി ലവാസയ്ക്കെതിരെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളുടെ പേരിലും അന്വേഷണമുണ്ടായി. ലവാസയുടെ സഹോദരിക്കെതിരെയും മകനെതിരെയും പോലും നികുതി വകുപ്പ് അന്വേഷണമാരംഭിക്കുകയുണ്ടായെന്ന് അക്കാലത്ത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സഹോദരി ശിശുരോഗ വിദഗ്ധയായ ശകുന്തള ലവാസ, അവരുടെ മകൻ ഒരു കമ്പനിയുടെ ഡയറക്ടർ അബിർ ലവാസ എന്നിവർക്കും ഐടി വകുപ്പിൽ നിന്ന് സമാന നോട്ടീസുകൾ ലഭിച്ചുവെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. പക്ഷേ കാര്യങ്ങൾ പെട്ടെന്ന് തകിടം മറിഞ്ഞു. 2021 ന് ശേഷവും പദവിയിൽ തുടരാൻ കാലപരിധി ബാക്കിയുണ്ടായിരുന്ന, അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ലവാസ 2020 ഓഗസ്റ്റിൽ സ്ഥാനം രാജിവച്ചുള്ള കത്ത് രാഷ്ട്രപതിക്ക് നൽകി. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിച്ചിരുന്നതെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെ തുടർന്നായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. കാരണം ലവാസയുടെ ബന്ധുക്കൾക്കെതിരായ നടപടികൾ പെട്ടെന്ന് മരവിച്ചു. നോട്ടീസ് നൽകിയതിനപ്പുറം ഒരു നടപടിയും അവർക്കെതിരെ കൈക്കൊണ്ടില്ല. തങ്ങളുടെ ഇംഗിതത്തിന് നിൽക്കാത്തവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാകുകയായിരുന്നു ഈ സംഭവ വികാസങ്ങൾ. അത് രാഷ്ട്രീയ നേതാക്കൾക്കെതിരെ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ഉണ്ടാകുമെന്ന സൂചന നൽകുകയായിരുന്നു മോഡിഭരണകൂടം.
(അവസാനിക്കുന്നില്ല)
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment