യജമാന ശബ്ദം പിന്തുടരുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom
Developer Admin

മിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ചെന്നൈയിൽ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ‘തീവ്രവാദി‘യെന്ന് പരാമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോട് 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയിലും സ്വയംഭരണാവകാശത്തിലുമുള്ള സംശയത്തെ ബലപ്പെടുത്തുന്നു. സ്ത്രീസംവരണത്തെ മണ്ഡല പുനർനിർണയവുമായി കൂട്ടിക്കെട്ടി അവതരിപ്പിച്ച ഭരണഘടനാ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ദൂരദർശനടക്കം സർക്കാർ മാധ്യമങ്ങളെ ദുരുപയോഗംചെയ്ത്, രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുവെന്നപേരിൽ, പ്രതിപക്ഷപാർട്ടികളെ കടന്നാക്രമിച്ചുകൊണ്ട് മോഡി നടത്തിയ തെരഞ്ഞെടുപ്പ് വിദ്വേഷ പ്രചാരണത്തിനെതിരെ ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിക്കും മുതിരാത്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്പറഞ്ഞ തിരക്കിട്ട നടപടി വൻ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയും, പശ്ചിമബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ പോളിങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയുമാണ്, മോഡി ചട്ടങ്ങളും സാമാന്യ രാഷ്ട്രീയ മര്യാദയും ലംഘിച്ചുകൊണ്ട് തന്റെ പദവി ദുരുപയോഗം ചെയ്ത്, ഔദ്യോഗിക മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുതിർന്നത്. ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച മോഡി രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തെതുടർന്ന് സിപിഐ, സിപിഐ (എം), കോൺഗ്രസ് തുടങ്ങി പ്രതിപക്ഷപാർട്ടികളും ഏതാണ്ട് എഴുനൂറില്പരം വ്യക്തികളും സംഘടനകളും മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അതിന്മേൽ യാതൊരു നടപടിക്കും തയ്യാറാവാത്ത തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഖാർഗെയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. 

ഖാർഗെ മോഡിയെ തീവ്രവാദിയെന്ന് പരാമർശിച്ച വാര്‍ത്താസമ്മേളനത്തിൽത്തന്നെ, താൻ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്റെ പരാമർശം ‘പ്രതിപക്ഷപാർട്ടികളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നയാൾ’ എന്നുമാത്രമാണെന്നായിരുന്നു ഖാർഗെയുടെ സ്പഷ്ടീകരണം. അത്, ദേശീയമാധ്യമങ്ങളടക്കം വ്യാപകമായി റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. അത് കണ്ടെന്ന് നടിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ യജമാനഭക്തിയും വിധേയത്വവും പ്രകടിപ്പിക്കാൻ മുതിർന്നത്. ആ തത്രപ്പാടിൽ ഖാർഗെക്കെതിരായ പരാതിക്കാരാരെന്ന് പരിശോധിക്കാനുള്ള ക്ഷമപോലും കമ്മിഷന് ഉണ്ടായില്ല. എസ്ഐആറുമായി ബന്ധപ്പെട്ട് കമ്മിഷനുമായി കൊമ്പുകോർക്കുകയും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ‌്കുമാർ, തന്റെ ഓഫിസിൽനിന്നും ഇറങ്ങിപ്പോകാൻ ആജ്ഞാപിക്കുകയും ചെയ്ത, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയാനെ ഖാർഗെക്കെതിരായ പരാതിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ആദ്യ വിശദീകരണ നോട്ടീസ് പുറപ്പെടുവിച്ചത്. താൻ പരാതി നൽകിയിട്ടില്ലെന്ന് ഒബ്രിയാനും അദ്ദേഹത്തിന്റെ പാർട്ടിയും വ്യക്തമാക്കിയതോടെയാണ് ആദ്യ നോട്ടീസ് പിൻവലിച്ച് പുതിയത് പുറപ്പെടുവിച്ചത്. രാജ്യത്തെ സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളിൽ പ്രമുഖമായ തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ യജമാന ഭക്തിയിലും വിധേയത്വത്തിലും മതിമറന്ന് സുപ്രധാന വിഷയങ്ങളെപ്പോലും എത്രത്തോളം ലാഘവബുദ്ധിയോടെയാണ് സമീപിക്കുന്നതെന്നാണ് ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ ഭരണഘടനാഭേദഗതിയെപ്പോലും തികഞ്ഞ ലാഘവബുദ്ധിയോടെ സമീപിക്കുന്ന, ഭരണകൂടത്തിന്റെ ‘യജമാന ശബ്‍ദം’ പിന്തുടരുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവസ്ഥയെക്കുറിച്ച് അവരുടെ പ്രകടനം തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യപത്രം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തെരഞ്ഞെടുപ്പും നിയമനവും സംബന്ധിച്ച കീഴ്‌വഴക്കങ്ങളും സുപ്രീം കോടതി ഉത്തരവുകളും കാറ്റിൽപ്പറത്തി നിയമനിർമ്മാണം നടത്തിയ മോഡി ഭരണകൂടത്തിന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ഭരണഘടനയെയും അതിലെ പഴുതുകളെയും ഉപയോഗിച്ച് ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ജനാധിപത്യത്തെത്തന്നെയും അട്ടിമറിക്കുന്ന ഫാസിസ്റ്റ് ബലതന്ത്രത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 

രാജ്യവും അതിന്റെ ഭരണഘടനാധിഷ്ഠിത ജനാധിപത്യക്രമവും കൂടുതൽക്കൂടുതൽ അനിശ്ചിതത്വത്തിലേക്കും പ്രവചനാതീതമായ പ്രതിസന്ധികളിലേക്കുമാണ് തള്ളിനീക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയെപ്പോലെ ബൃഹത്തായ ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യ ഉള്ളടക്കം നിലനിൽക്കുന്നത് സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കും. എന്നാൽ, അത്തരത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ യജമാന ഭക്തിയുടെയും വിധേയത്വത്തിന്റെയും പ്രതീകവും യജമാന ശബ്ദത്തെ അനുസരണയോടെ പിന്തുടരുന്നതിനുള്ള ഉപകരണവുമായി മാറുന്നത് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ജനാധിപത്യത്തെയും അത് ഉറപ്പുനൽകുന്ന ഭരണഘടനാ ചട്ടക്കൂടിനെയും, അതിനാൽ സ്ഥാപിതമായ സംവിധാനങ്ങളെയും മാനിക്കാത്ത, അവയെ ആജ്ഞാനുവർത്തികളാക്കി മാറ്റുന്ന ഫാസിസ്റ്റ് ഭരണം ഉയർത്തുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണ്. പാർലമെന്റിലെയും നിയമസഭകളിലെയും രാഷ്ട്രീയ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കാവുന്നതിനും അപ്പുറത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വിപുലവും വിശാലവും നിരന്തരവുമായ ജനകീയ മുന്നേറ്റങ്ങളും ചെറുത്തുനില്പുമാണ് കാലവും ചരിത്രവും ജനതയോട് ആവശ്യപ്പെടുന്നത്. അതിലുണ്ടാവുന്ന അമാന്തത്തിന് ഇന്ത്യ വലിയ വില നൽകേണ്ടിവരും.

Previous
കുറ്റവിചാരണ തള്ളിയാലും കുറ്റാരോപണങ്ങൾ തള്ളപ്പെടില്ല
Next
വൈഭവിനെയും ഗില്ലിനെയും മറികടന്ന് സഞ്ജു; ഓറഞ്ച് ക്യാപ്പിനായി ചേട്ടനൊരുങ്ങി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment