വിവാഹേതര ബന്ധത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കാമുകി ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ആഗ്രയിലെ സ്വകാര്യ ഹോട്ടലിൽ ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട 36‑കാരന്റെ അകന്ന ബന്ധുവായ 29‑കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയ്ക്ക് 12:30-ഓടെ ഇവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുകയും പിന്നാലെ യുവതി കരുതിയിരുന്ന ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയും ചെയ്തു. തുടർന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് മരണം ഉറപ്പാക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം യുവതി തന്നെ ഹോട്ടൽ ജീവനക്കാരെ സമീപിച്ച് വിവരം വെളിപ്പെടുത്തുകയായിരുന്നു. ‘ഞാൻ അയാളെ കൊന്നു’ എന്ന് യുവതി പറഞ്ഞത് കേട്ട് ഞെട്ടിയ ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഭർതൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി യുവാവുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ യുവാവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും, ഈ പീഡനങ്ങളിൽ നിന്നുള്ള മോചനത്തിനായാണ് കൊലപാതകം നടത്തിയതെന്നുമാണ് യുവതി നൽകിയ പ്രാഥമിക മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment