മൂന്നാംകിട നാടകമാണ് വനിതാ സംവരണ ബില്ലിന്റെ പേരിൽ ബിജെപി നടത്തുന്നത്. രാജ്യത്തെ സ്ത്രീകളോടുള്ള ധാർഷ്ട്യം കലർന്ന വെല്ലുവിളിയാണിത്. ഈ ബിൽ 2023 സെപ്റ്റംബർ 28ന് പാർലമെന്റ് പാസാക്കി 2026 ഏപ്രിൽ 16 ന് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. അടുത്തു വരുന്ന നിയമസഭാ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ നിയമം നടപ്പിലാക്കി തുടങ്ങണം. നിയമം പ്രാബല്യത്തിൽ വന്നതിന്റെ പിറ്റേ ദിവസം വീണ്ടും ആ ബിൽ സഭയുടെ മുമ്പാകെ കൊണ്ടു വന്ന് അത് നടപ്പിലാക്കണമെങ്കിൽ മറ്റൊരു ബിൽ പാസാക്കണമെന്ന് സഭയിൽ കൗശലം കാണിച്ച് രാജ്യത്തെ ജനങ്ങളെ ബിജെപിയും മോഡി സർക്കാരും കബളിപ്പിച്ചത് ശരിക്കും പറഞ്ഞാൽ സഭയോടുള്ള അവഹേളനമാണ്.
അത് സഭയുടെ പരമാധികാരത്തോടുള്ള വെല്ലുവിളികൂടിയാണ്. കേന്ദ്രസർക്കാരിനെതിരെ അവകാശ ലംഘനത്തിന് അന്ന് ബില്ലിനുവേണ്ടി വോട്ടു ചെയ്തവർ ആവശ്യപ്പെടണം. രാജ്യത്തെ സ്ത്രീകളെ മുഴുവൻ കുരങ്ങുകളിപ്പിക്കുന്ന ബിജെപിയെയും മോഡി സർക്കാരിനെയും സ്ത്രീകൾ പരസ്യവിചാരണ ചെയ്യണം. അതേസമയം വനിതാ ബില്ലിന്റെ മറവിൽ അവർ രാജ്യത്തെ വെട്ടിനുറുക്കാൻ കൊണ്ടുവന്ന മണ്ഡല പുനർനിർണയമെന്ന പേരുള്ള വിഘടന ബിൽ പരാജയപ്പെടുത്തിയവർക്ക് വലിയൊരു സല്യൂട്ട്. ബിജെപി അവഹേളിച്ച വനിതാസംവരണ ബില്ലിന്റെ പശ്ചാത്തലത്തിൽ ഈ ബില്ലിന്റെ നാൾവഴികൾ ഒന്ന് പരിശോധിക്കാം. “നിങ്ങൾക്ക് സംവരണം വേണോ എങ്കിൽ ഈ ഉപാധികള്‍ക്ക് വഴങ്ങണം” വനിതാ സംവരണ ബിൽ ചർച്ചയ്ക്ക് വരുമ്പോഴൊക്കെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഓരോരോ ന്യായങ്ങളും ഉപാധികളും ഉന്നയിക്കും. സ്ഥാനാർത്ഥിയാക്കാൻ സ്ത്രീകൾ എവിടെ?
ഇനി തപ്പിപ്പിടിച്ചു കൊണ്ടുവന്നാലും ജയസാധ്യത ഉണ്ടോ? ചോദ്യങ്ങൾ തീർന്നില്ല. സംവരണത്തിൽ സംവരണം എവിടെ എന്ന് മറ്റൊരു കൂട്ടർ. മോഡി സർക്കാരും ഈ തന്ത്രം തന്നെയാണ് ഇപ്പോഴും പ്രയോഗിക്കുന്നത്. വനിതാസംവരണം വേണോ എങ്കിൽ മണ്ഡല പുനർനിർണയ ബിൽ ഒപ്പിടൂ ഇതാണ് മോഡിയുടെ വാദം. വനിതാ സംവരണ ബില്ലിന്റെ പ്രധാന ശില്പിയായ സിപിഐ നേതാവ് സഖാവ് ഗീതാ മുഖർജി 1996 മുതൽ ഇതിനായി പാർലമെന്റിനകത്ത് പോരാടുന്നുണ്ട്. ഇപ്പോൾ ആ പോരാട്ടം 30 വർഷം പിന്നിട്ടു. അന്ന് രാജ്യത്തെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും വനിതാ സംവരണം നടപ്പിലാക്കുമെന്ന് അവരവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു.
അങ്ങനെ അധികാരത്തിൽ വന്ന അന്നത്തെ ദേവഗൗഡ സർക്കാർ ബിൽ 1996 സെപ്റ്റംബർ നാലിന് ആദ്യമായി പാർലമെന്റിൽ 81-ാം ഭരണഘടന ഭേദഗതിയായി അവതരിപ്പിച്ചു. പിന്നീട് ഗീതാ മുഖർജി അധ്യക്ഷയായ 31 അംഗ പാർലമെന്ററി കമ്മിറ്റിക്ക് ഈ ബിൽ പരിശോധനക്കായി അയയ്ക്കുകയും ഡിസംബർ ഒമ്പതിന് തന്നെ റെക്കോഡ് കാലയളവിൽ ഗീതാ മുഖർജി ബില്ലിന് അന്തിമരൂപം ഉണ്ടാക്കുകയും ചെയ്തു. രാജ്യത്തെ എത്രയോ സ്ത്രീകൾ രക്തം കൊണ്ട് ഒപ്പിട്ട മെമ്മോറാണ്ടങ്ങളാണ് ഈ കാലയളവിൽ സമിതിക്ക് മുമ്പാകെ അന്ന് നൽകിയത്.
എന്നാൽ ആർജെഡി(യു), ആർജെഡി സെക്കുലർ, സമാജ്‌വാദി പാർട്ടി എന്നിവരുടെ സംവരണത്തിനുള്ളിൽ സംവരണം വേണമെന്ന ആവശ്യത്തെ തുടർന്ന് ബിൽ പാസാക്കാൻ കഴിഞ്ഞില്ല. ഈ ആവശ്യത്തിൽ തട്ടി തകർന്ന ബില്ലിന് പിന്നീട് ജീവൻ വയ്ക്കുന്നത് ഗീതാ മുഖർജിക്ക് അപ്രതീക്ഷിതമായി കൈവന്ന പാർലമെന്റ് അധ്യക്ഷപദവിയിലൂടെയാണ്. 1997 ജൂലൈയിലെ മൺസൂൺ സമ്മേളനത്തിൽ അതിന്റെ അവസാനദിവസം സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കാൻ ഗീതാ മുഖർജിക്ക് അവസരം കിട്ടിയപ്പോൾ അവർ പൊടുന്നനെ വനിതാ സംവരണ ബിൽ ചർച്ചയ്ക്ക് എടുക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ അന്നത്തെ കാര്യപരിപാടിയിൽ രണ്ടാമത്തെ ഇനമായി ബിൽ വിഷയം പോസ്റ്റ് ചെയ്തു പോയതുകൊണ്ട് അവതരണം നടന്നില്ല. ബിജെപിയിലെ രാംനായിക്കാണ് ഈ ക്രമപ്രശ്നം സഭയിൽ ഉന്നയിച്ചത്.
പിന്നീട് 1998ൽ ബിജെപിയുടെ വാജ്പേയി സർക്കാർ ബിൽ വീണ്ടും അവതരിപ്പിച്ചപ്പോൾ സഭ പല പ്രക്ഷുബ്ധ രംഗങ്ങൾക്കും വേദിയായി. സഭയിലെ ആർജെഡി അംഗം സ്പീക്കറിൽ നിന്ന് ബിൽ തട്ടിപ്പറിച്ച് കീറി സഭയിൽ എറിഞ്ഞു. അന്ന് വാജ്പേയി പറഞ്ഞത് ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടുന്ന കാലത്ത് ഈ ബിൽ യാഥാർത്ഥ്യമാക്കുമെന്നാണ്. 1999ലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വാജ്പേയി വീണ്ടും അധികാരത്തിലെത്തിയെങ്കിലും 544 ലോകസഭാ സീറ്റുകളിൽ 303 എണ്ണം നേടിയ എൻഡിഎ ഭരണത്തിന് സംവരണ ബിൽ പാസാക്കി എടുക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷേ അന്ന് ബിൽ സഭയ്ക്ക് മുമ്പാകെ കൊണ്ടുവന്നിരുന്നെങ്കിൽ കോൺഗ്രസും ഇടതുപക്ഷവും പിന്തുണക്കുമായിരുന്നു.
എന്നാൽ വാജ്പേയി അതിന് തയ്യാറായില്ല. പിന്നീട് 2008ൽ മൻമോഹൻ സിങ് സർക്കാർ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചു രണ്ടു വർഷത്തിനുശേഷം 2010 മാർച്ച് ഒമ്പതിന് ബിൽ രാജ്യസഭയിൽ പാസാക്കി എടുക്കാൻ കഴിഞ്ഞെങ്കിലും ലോകസഭയിൽ പരാജയപ്പെട്ടു. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയാൽ വനിതാസംവരണം നടപ്പിലാക്കുമെന്ന വാജ്പേയിയുടെ പാർലമെന്റ് പ്രഖ്യാപനം പക്ഷേ വെറും ജലരേഖയാകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. 2019ൽ 543 അംഗ സഭയിൽ 303 സീറ്റുകൾ നേടി അധികാരത്തിൽ വന്ന നരേന്ദ്ര മോഡി സർക്കാർ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ആ മന്ത്രിസഭയുടെ കാലാവധി തീരാൻ മാസങ്ങൾ ബാക്കിയുള്ളപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധൃതി വച്ച് 2023ൽ ബിൽ അവതരിപ്പിച്ചു. ഈ നാടകം മനസിലായിട്ടും രാജ്യത്തെ സ്ത്രീകളുടെ ചിരകാല സ്വപ്നം നടപ്പിലാക്കാൻ പ്രതിപക്ഷം കൂടി ചേർന്ന് ബിൽ പാസാക്കി.
എന്നാൽ അത് ഉടൻ നടപ്പിലാക്കുന്നതിനുപകരം മണ്ഡല പുനർനിർണയം കഴിഞ്ഞേ ചെയ്യൂ എന്ന് ബിജെപി വാശി പിടിച്ചു. സത്യത്തിൽ അവർക്ക് സ്ത്രീസംവരണമല്ല വേണ്ടത് പകരം രാജ്യത്തെ വെട്ടിമുറിക്കുന്ന ബിൽ പാസാക്കി എടുക്കുകയായിരുന്നു. ആ ഗൂഢ പദ്ധതിയാണ് കഴിഞ്ഞ ദിവസം പാർലമെന്റും രാജ്യവും തള്ളിക്കളഞ്ഞത്. അല്ലെങ്കിലും സ്ത്രീകളുടെ തുല്യതയ്ക്ക് ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസ് ഒരിക്കലും അനുകൂലമല്ല. മനുസ്മൃതിയുടെ ആശയം പേറുന്നവർ സ്ത്രീയെ അടിമയ്ക്ക് സമാനമായി മാത്രമാണ് കണക്കാക്കുന്നത്. ഭർത്താവിന്റെ പാദസേവ ചെയ്യുന്ന കുലസ്ത്രീകൾ സ്വത്വബോധമുള്ളവരോ വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവരോ ആകില്ലെന്ന് ആർക്കാണ് അറിയാത്തത്. ബിജെപി ഭരണത്തിൽ വന്നശേഷം രാജ്യത്ത് ഉണ്ടായ സ്ത്രീവിരുദ്ധ നിയമങ്ങൾ, സ്ത്രീവിരുദ്ധ കോടതി വിധികൾ, സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ പുലർത്തിയ ഞെട്ടിക്കുന്ന ഭരണകൂട മൗനം ഇതൊക്കെ ഈ നാട്ടിലെ സ്ത്രീകൾക്ക് ബോധ്യമുണ്ട്. അവർ മറക്കില്ല, മണിപ്പൂർ, കത്വാ, ഉന്നാവ, ഹത്രാസ് സംഭവങ്ങൾ.
ബിൽക്കീസ് ബാനു കേസ് തുടങ്ങി നിരവധി വേറെയും ഓർമ്മകൾ സ്ത്രീകൾക്കുണ്ട്. അവിടെയൊക്കെ പിടഞ്ഞു മരിച്ചവരോട് മോഡി ഭരണം കാണിച്ച ക്രൂരതകൾ മറക്കാനാവില്ല. 2016നും 2022 നും ഇടയിൽ സ്ത്രീകൾക്കെതിരായി റിപ്പോർട്ട് ചെയ്ത അതിക്രമങ്ങൾ 3,38,954ൽ നിന്നും 4,45,000 ആയി വർധിച്ചു എന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിടുന്ന കണക്ക് കാണിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 15,000ത്തിൽപരം പെൺകുട്ടികളെ കാണാതായിട്ടും മോഡി സർക്കാരിന് ഒരു കുലുക്കവുമില്ല. രാജ്യത്തിനകത്ത് സ്ത്രീകൾക്കെതിരെ പോലീസും കോടതിയും കേന്ദ്രഭരണ ഏജൻസികളും ബജ്‌റംഗ‌്‌ദൾ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ബിജെപിയുടെ തീവ്ര ഹിന്ദുത്വ ശക്തികളും നിരന്തര സ്ത്രീ വേട്ട നടത്തുമ്പോൾ പാർലമെന്റിൽ നാരീ ശക്തി വന്ദൻ എന്ന പേരിൽ ഒരിക്കൽ സഭ പാസാക്കിയ സ്ത്രീ സംവരണ ബില്ലിനെ വീണ്ടും വർണ ഉടുപ്പിട്ട് അവതരിപ്പിക്കുന്നത് എന്തിനായിരിക്കും.
ഇതൊക്കെ ചെയ്ത മോഡി പറയുന്നു ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പു നൽകില്ലെന്ന്. ഇതുപോലൊരു തമാശ ഏപ്രിൽ ഫൂൾ മാസത്തിൽ വേറെ എന്തുണ്ട്. ബിൽ പാസായാൽ അതനുസരിച്ചു വരുന്ന വനിതാ അംഗങ്ങൾക്ക് കൂടി ഇരിക്കാൻ പുതുതായി പണിത പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം നടക്കുമ്പോൾ രാഷ്ട്രപതിയായ ആദിവാസി വനിത എവിടെയായിരുന്നു? രാജ്യത്തെ പ്രഥമ വനിതയെ സ്ത്രീയും സർവോപരി ആദിവാസിയും ആയതിന്റെ പേരിൽ ഉദ്ഘാടനവേദിയിലെ ശുഭകർമ്മത്തിൽ നിന്നു ഒഴിച്ച് നിർത്തിയവർ അവർ പണിത മന്ദിരത്തിൽ രാജ്യത്തെ സ്ത്രീകൾ ഇരിക്കണമെന്ന് പറയുന്നത് വെറും തട്ടിപ്പാണ് ചതിയാണ്. ഇതാണ് ബിജെപി-ആർഎസ്എസിന്റെ യഥാർത്ഥ മുഖം, യഥാർത്ഥ നാരീ വന്ദൻ. 2023ൽ പാസാക്കിയ വനിതാ സംവരണ ബിൽ ഇപ്പോൾ പ്രതിപക്ഷം മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചില്ലെങ്കിൽ നടപ്പാക്കില്ല എന്ന് പറഞ്ഞ് സ്ത്രീകളുടെ പേരിൽ ബിജെപി മുതലക്കണ്ണീർ പൊഴിക്കുന്നത് മറ്റൊരു വഞ്ചന മറച്ചു പിടിക്കാനാണ്. ഡീലിമിറ്റേഷൻ ബിൽ നിയമമാക്കാൻ വനിതാ സംവരണ ബില്ലിനെ മറയാക്കുന്ന ബിജെപി രാജ്യത്തെ വഞ്ചിക്കുന്നു.
ജനസംഖ്യാ കണക്കെടുപ്പ് ഇന്ത്യയിൽ ഏറ്റവും അവസാനം നടന്നത് 2011ലാണ്. എല്ലാ പത്തുവർഷം കൂടുമ്പോഴും നടക്കുന്ന ഈ സെൻസസ് എന്തുകൊണ്ട് കേന്ദ്രസർക്കാർ നടത്തുന്നില്ല. രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ കണക്കുപോലും കയ്യിലില്ലാത്ത ഒരു ഭരണകൂടം ധൃതി പിടിച്ച് മണ്ഡല പുനർനിർണയം നടത്തുന്നത് ജനവഞ്ചനയാണ്. ആദ്യം ജനസംഖ്യ സെൻസസ് പൂർത്തിയാക്കട്ടെ. അതിനുശേഷം ബാക്കി ആലോചിക്കാം. വനിതാ സംവരണ ബിൽ രാജ്യസഭയിലും ലോക്‌സഭയിലും ഒരു കണ്ടീഷനും ഇല്ലാതെ ഒറ്റക്കെട്ടായി പാസ്സാക്കി കഴിഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പരമോന്നത സഭ നൽകിയ ആ അംഗീകാരം കാറ്റിൽ പറത്താനാണ് ബിജെപിയും മോഡിയും ഒരുങ്ങുന്നത്. നിയമവിരുദ്ധ രാജ്യദ്രോഹ പ്രവർത്തനമാണത്. സ്ത്രീകളോടുള്ള പൊറുക്കാനാവാത്ത വഞ്ചന. ബിൽ നടപ്പിലാക്കാൻ ഇനിയെങ്കിലും മോഡിയും കൂട്ടരും തയ്യാറുണ്ടോ? അതിനുള്ള ചങ്കൂറ്റം അവർക്കുണ്ടോ? രാജ്യത്തെ സ്ത്രീകൾ വെല്ലുവിളിക്കുന്നു… ഇല്ലെങ്കിൽ ഇവരെ സ്ത്രീകൾ ക്രൂശിക്കും. നിശ്ചയം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment