യുവതിയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കാറിലിട്ട് തീകൊളുത്തി കൊന്നു. പ്രതിയായ ആൺസുഹൃത്തിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ദേവനഹള്ളിയിലെ സ്വകാര്യ കോളജ് പ്രൊഫസർ സരോജ ജെ (40) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തും ദേവനഹള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരനുമായ രാമാഞ്ചിനപ്പ (45) യുടെ മൃതദേഹമാണ് ബിഡദിക്ക് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
സുഹൃത്തിൽ നിന്ന് കടം വാങ്ങിയ കാറിലാണ് ശനിയാഴ്ച രാവിലെ രാമാഞ്ചിനപ്പ സരോജയുമായി യാത്ര പോയത്. ഇരുവരും നന്ദി ഹിൽസും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. എന്നാൽ ഉച്ചയോടെ ദൊഡ്ഡബല്ലാപൂരിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇവർക്കിടയിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു.
തർക്കത്തിനൊടുവിൽ രാമാഞ്ചിനപ്പ കാറിനുള്ളിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് സരോജയുടെ തലയ്ക്കടിക്കുകയായിരുന്നു. ബോധരഹിതയായ സരോജയെ പിൻസീറ്റിലേക്ക് മാറ്റിയ ശേഷം കാറിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കാറിന് തീപിടിക്കുന്നതിനിടെ രാമാഞ്ചിനപ്പയുടെ വസ്ത്രത്തിലും തീ പിടിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴാണ് കാറിനുള്ളിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരാൾ പൊള്ളലേറ്റ നിലയിൽ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ‘ഓട്ടോമേറ്റഡ് ക്രാഷ് അലേർട്ട്’ ഉടമ സുരേഷ് കുമാറിന്റെ ഫോണിലേക്ക് സന്ദേശമയച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ലഭിച്ച കരിഞ്ഞ ആഭരണങ്ങൾ സരോജയുടേതാണെന്ന് ഭർത്താവ് ജയശങ്കർ തിരിച്ചറിഞ്ഞു.
പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ബിഡദിക്ക് സമീപം ട്രെയിൻ തട്ടി വികൃതമായ നിലയിൽ രാമാഞ്ചിനപ്പയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ആധാർ കാർഡാണ് തിരിച്ചറിയാൻ സഹായിച്ചത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. കൊലപാതകത്തിനുള്ള പ്രകോപന കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment