ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരുന്നു. രണ്ടാഴ്ചത്തെ വെടിനിർത്തലിനെത്തുടർന്ന് നൂറ് ഡോളറിന് താഴേക്ക് പോയിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച ഏഴ് ശതമാനത്തിലധികം വർധിച്ച് 101.74 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയിൽ വില എട്ട് ശതമാനത്തിലധികം ഉയർന്ന് 104.69 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന വാർത്ത പുറത്തുവന്നതോടെ ആഗോള ഓഹരി വിപണികളിലും വലിയ ഇടിവുണ്ടായി.
ജപ്പാനിലെ നിക്കി, ഹോങ്കോങ്ങിലെ ഹാങ് സെങ് തുടങ്ങിയ ഏഷ്യൻ സൂപ്പർ വിപണികൾക്കൊപ്പം ലണ്ടനിലെ എഫ് ടി എസ് ഇ 100, ജർമ്മനിയിലെ ഡാക്സ് ഉൾപ്പെടെയുള്ള യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ധനവില വർധന തിരിച്ചടിയാകുമെന്ന ആശങ്കയിൽ വിമാനക്കമ്പനികളുടെ ഓഹരികൾ വലിയ തകർച്ച നേരിട്ടപ്പോൾ എണ്ണക്കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. ഇന്ധന വിലക്കയറ്റം ലോക സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം വർധിപ്പിക്കുമെന്നും ഇത് പലിശനിരക്ക് ഉയർത്താൻ സെൻട്രൽ ബാങ്കുകളെ പ്രേരിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം വികസ്വര രാജ്യങ്ങളിലെ മൂന്ന് കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടും നിലവിലെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment