ആദ്യ മത്സരത്തിൽ ആതിഥേയരായ ഡെന്മാർക്കിനോടേറ്റ തോൽവിക്ക് പിന്നാലെ യൂബർ കപ്പിൽ കരുത്തുറ്റ തിരിച്ചുവരവുമായി ഇന്ത്യൻ യുവ വനിതാ ടീം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഉക്രെയ്‌നെ 4–1 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാക്കളായ ഉക്രെയ്‌നെതിരെയുള്ള ഈ ആധികാരിക വിജയം ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.
പ്രധാന താരം പി വി സിന്ധുവിന് സിംഗിൾസിൽ വിശ്രമം അനുവദിച്ച മത്സരത്തിൽ യുവനിരയാണ് ഇന്ത്യക്കായി റാക്കറ്റേന്തിയത്. ആദ്യ സിംഗിൾസിൽ ഉക്രെയ്‌ന്റെ പോളിന ബുഹ്‌റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് (21–19, 22–20) പരാജയപ്പെടുത്തി ഉന്നതി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. രണ്ടാം സിംഗിൾസിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ യെവ്ഹേനിയ കാന്റെമിറിനെ (21–12, 17–21, 21–10) തൻവി കീഴടക്കി. മൂന്നാം സിംഗിൾസിൽ മരിയ സ്റ്റോളിയാരെങ്കോയെ (23–21, 21–13) പരാജയപ്പെടുത്തി ദേവിക ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
ഡബിൾസിൽ ഒരു മത്സരം കൈവിട്ടെങ്കിലും അവസാന മത്സരത്തിൽ ഇന്ത്യ മികവ് കാട്ടി. എന്നാൽ അവസാന ഡബിൾസിൽ അപ്രതീക്ഷിത കൂട്ടുകെട്ടായ പി വി സിന്ധു — താനിഷ ക്രാസ്റ്റോ സഖ്യം ഉക്രെയ്ൻ സഖ്യത്തെ (21–18, 21–15) പരാജയപ്പെടുത്തി ഇന്ത്യയുടെ ലീഡ് 4–1 ആക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ചൈനയെ നേരിടും. ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment