നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്നും പോരായ്മകൾ പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾക്കിടയിലും സംഭവിച്ച ഈ പരാജയത്തെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലും ആരോഗ്യ‑വിദ്യാഭ്യാസ‑പാർപ്പിട മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിലും എൽ ഡി എഫ് സർക്കാർ വിജയിച്ചിരുന്നു. നീതി ആയോഗിന്റെ കണക്കനുസരിച്ച് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റാനും ക്ഷേമ പദ്ധതികളിൽ മാതൃകയാകാനും കഴിഞ്ഞു. എന്നാൽ ഈ വികസന നേട്ടങ്ങൾ തുടർഭരണത്തിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയെന്ന് പാർട്ടി വിലയിരുത്തുന്നു.
കേരള നിയമസഭയിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും എൽ. ഡി എഫ് ആണ് ശക്തമായി പൊരുതി രണ്ടാം സ്ഥാനത്തെത്തിയത്.
ഈ മണ്ഡലങ്ങളിലെല്ലാം യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നത് ഗൗരവകരമാണ്. മതസൗഹാർദ്ദത്തിന്റെ മണ്ണിൽ വർഗ്ഗീയ രാഷ്ട്രീയം പിടിമുറുക്കുന്നത് തടയാൻ കൂടുതൽ ശക്തമായ പോരാട്ടം ആവശ്യമാണെന്ന് ഈ ഫലം ഓർമ്മിപ്പിക്കുന്നു.
ഭരണവിരുദ്ധ വികാരമില്ലാതെ തന്നെ സംഭവിച്ച ഈ പരാജയത്തെക്കുറിച്ച് ഉയർന്നുവരുന്ന വിമർശനങ്ങൾ പാർട്ടി തുറന്ന മനസ്സോടെ പരിശോധിക്കും. അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റം എന്ന രീതി തിരുത്തിക്കൊണ്ട് പത്ത് വർഷം തുടർച്ചയായി അധികാരത്തിലിരിക്കാൻ കഴിഞ്ഞത് ജനകീയ പിന്തുണയുടെ തെളിവായിരുന്നു. കേരളം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും ക്രിയാത്മകമായി മുന്നോട്ടുപോകുമെന്ന് പാർട്ടി വ്യക്തമാക്കി. എൽ ഡി എഫിന് വോട്ട് ചെയ്ത മുഴുവൻ ജനങ്ങളെയും സംസ്ഥാന സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment