Related News

ഉക്രെയ്നിൽ റഷ്യൻ മിസൈലാക്രമണം; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Janayugom
Developer Admin

വടക്കുകിഴക്കൻ ഉക്രെയ്നിലെ ഖാർകിവ് മേഖലയിലുള്ള മെറെഫ നഗരത്തിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റതായും പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഖാർകിവ് ഗവർണർ ഒലെഗ് സിനിഹുബോവ് തിങ്കളാഴ്ച വ്യക്തമാക്കി.
രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പത്തോളം വീടുകളും നാല് കടകളും ആക്രമണത്തിൽ തകർന്നു. ‘ഇസ്‌കന്ദർ’ വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈലാണ് റഷ്യ ഉപയോഗിച്ചതെന്ന് പ്രാദേശിക പ്രോസിക്യൂട്ടർമാർ അറിയിച്ചു. യുദ്ധമുഖത്ത് നിന്ന് ഏറെ അകലെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയാണ് റഷ്യ ലക്ഷ്യം വെച്ചതെന്ന് ഗവർണർ കുറ്റപ്പെടുത്തി. എന്നാൽ സാധാരണക്കാരെ ബോധപൂർവം ലക്ഷ്യം വെക്കുന്നില്ലെന്നാണ് റഷ്യയുടെ ഔദ്യോഗിക നിലപാട്.

റഷ്യൻ ആക്രമണത്തിന് പിന്നാലെ റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ക്രെംലിനിൽ നിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയുള്ള മോസ്ഫിൽമോവ്സ്കായ സ്ട്രീറ്റിലെ ആഡംബര പാർപ്പിട സമുച്ചയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ ചുവരുകളും വാതിലുകളും തകർന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. മറ്റ് രണ്ട് ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു.

റഷ്യയുടെ വാർഷിക വിജയദിന പരേഡിന് അഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മോസ്കോയിൽ ആക്രമണമുണ്ടായിരിക്കുന്നത്. ഡ്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ ഇത്തവണത്തെ പരേഡിൽ സൈനിക ഹാർഡ്‌വെയറുകളും കേഡറ്റുകളും ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഡ്രോണുകൾ റെഡ് സ്ക്വയറിന് മുകളിലൂടെ പറക്കുമെന്ന് റഷ്യ ഭയപ്പെടുന്നുണ്ടെന്ന് അർമേനിയയിൽ നടന്ന ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പരിഹസിച്ചു. സമീപകാലത്തായി റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്കും തുറമുഖങ്ങൾക്കും നേരെ യുക്രെയ്ൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

Previous
ഐ എ എസ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി 1.89 കോടി കവർന്ന സംഭവം; പ്രതി പിടിയി...
Next
തിരിച്ചടി അപ്രതീക്ഷിതം, പോരായ്മകൾ തിരുത്തും, ബിജെപിയുടെ വിജയം ഗൗരവകരമെന്ന് സി പി...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment