ക്രൂരവും സ്വാർത്ഥവുമായ ഒരു ലോകക്രമത്തിന് യൂറോപ്പ് കീഴ്‌പ്പെടില്ലെന്നും, തകർന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളെ യൂറോപ്പ് കേന്ദ്രീകരിച്ച് പുനർനിർമ്മിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അർമേനിയൻ തലസ്ഥാനമായ യെറിവാനിൽ നടന്ന എട്ടാമത് ‘യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി’ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്ന ആദ്യ യൂറോപ്യൻ ഇതര നേതാവ് കൂടിയാണ് കാർണി. അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്ന പശ്ചാത്തലത്തിലാണ് ഈ ഉച്ചകോടി നടന്നത്. ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാനുള്ള ഡോണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുമാനം നാറ്റോ സഖ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രമം പുനർനിർമ്മിക്കപ്പെടുന്നത് യൂറോപ്പിൽ നിന്നായിരിക്കുമെന്ന് പറഞ്ഞ കാർണി, അമേരിക്കൻ ആധിപത്യത്തിന്റെ കാലം അവസാനിക്കുന്നു എന്ന വ്യക്തമായ സൂചനയും നൽകി.
റഷ്യയുടെ സ്വാധീനവലയത്തിൽ നിന്ന് അർമേനിയയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ഉച്ചകോടി യെറിവാനിൽ സംഘടിപ്പിച്ചത്. ഇറാനുമായുള്ള സംഘർഷങ്ങളിൽ യൂറോപ്പ് കാണിക്കുന്ന വിമുഖതയിൽ അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെന്ന് നാറ്റോ തലവൻ മാർക്ക് റുട്ടെ സമ്മതിച്ചു. അതേസമയം, യൂറോപ്പ് തങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് ഓർമ്മിപ്പിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment