ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് ഓഹരി വിപണിയിലേക്ക്. ഇതിന്റെ ഭാഗമായി പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള രഹസ്യ രേഖകൾ കമ്പനി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് സമർപ്പിച്ചു. ജൂൺ മാസത്തോടെ സ്പേസ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലിസ്റ്റിംഗിന് പിന്നാലെ സ്പേസ് എക്സിന്റെ മൂല്യം ഒരു ട്രില്യൺ ഡോളർ (ഏകദേശം 92 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഇതോടെ ലോകത്തെ ആദ്യത്തെ ട്രില്യണയർ എന്ന പദവി ഇലോൺ മസ്കിന് സ്വന്തമായേക്കും. ഐപിഒ വഴി 50 ബില്യൺ ഡോളറിലധികം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മസ്കിന്റെ തന്നെ നിർമ്മിത ബുദ്ധി സ്ഥാപനമായ xAIയെ സ്പേസ് എക്സ് ഏറ്റെടുത്തതോടെ കമ്പനിയുടെ ആഭ്യന്തര മൂല്യം 1.25 ട്രില്യൺ ഡോളറായി ഉയർന്നിരുന്നു.
നിലവിൽ റോക്കറ്റ് നിർമ്മാണം, സ്റ്റാർലിങ്ക് ഉപഗ്രഹ സേവനം എന്നിവയിലാണ് സ്പേസ് എക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഭാവിയിൽ ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനും ചൊവ്വയിൽ നഗരം നിർമ്മിക്കാനും മസ്കിന് പദ്ധതിയുണ്ട്. ഇതിനാവശ്യമായ വൻതുക കണ്ടെത്താനാണ് ഇപ്പോൾ ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നത്. മസ്കിന്റെ മറ്റ് സ്ഥാപനങ്ങളായ ടെസ്‌ല, എക്സ് എന്നിവയുമായി സ്പേസ് എക്സിനെ കൂടുതൽ സംയോജിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment