Related News

ഐപിഎല്ലിൽ സഞ്ജു സാംസണ് ചരിത്ര നേട്ടം; 5,000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം

Janayugom
Developer Admin

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിംഗ് കരുത്തിന്റെ പുതിയൊരു ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 5,000 റൺസ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടതോടെ ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ താരമായി സഞ്ജു മാറി. 2013ൽ ഐപിഎൽ കരിയർ ആരംഭിച്ച സഞ്ജു, തന്റെ 185-ാം മത്സരത്തിലാണ് (180 ഇന്നിങ്സ്) ഈ നേട്ടം സ്വന്തമാക്കിയത്.

വേഗത്തിൽ 5,000 റൺസ് തികച്ച താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയെന്നതാണ് സഞ്ജുവിന്റെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നത്. വെറും 3,555 പന്തുകളിൽ നിന്നാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. ഇതിഹാസ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ് (3,288 പന്ത്), ഡേവിഡ് വാർണർ (3,554 പന്ത്) എന്നിവർ മാത്രമാണ് ഈ പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ളത്.

ഗുജറാത്തിനെതിരായ മത്സരത്തിൽ കാഗിസോ റബാഡയെറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് സഞ്ജു 5,000 റൺസ് ക്ലബ്ബിൽ ഇടംപിടിച്ചത്. ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികളും 26 അർധ സെഞ്ചുറികളും സ്വന്തം പേരിൽ കുറിച്ചിട്ടുള്ള സഞ്ജുവിന് 140.87 സ്ട്രൈക്ക് റേറ്റും 31.82 ശരാശരിയുമുണ്ട്. 119 റൺസാണ് സഞ്ജുവിന്റെ ടൂർണമെന്റിലെ ഉയർന്ന വ്യക്തിഗത സ്കോർ.

വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ തുടങ്ങി ഐപിഎല്ലിലെ മഹാരഥന്മാരുടെ പട്ടികയിലേക്കാണ് സഞ്ജുവും ഇതോടെ ചേർക്കപ്പെട്ടത്. എന്നാൽ ചരിത്ര നേട്ടം സ്വന്തമാക്കിയ ഇതേ മത്സരത്തിൽ 15 പന്തിൽ 11 റൺസെടുത്ത് സഞ്ജുവിന് ക്രീസ് വിടേണ്ടി വന്നു. റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

Previous
ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...
Next
എസി വാങ്ങുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment