ദക്ഷിണ കൊറിയൻ വ്യവസായ ഭീമനായ സാംസങ് ഗ്രൂപ്പിന്റെ ഉടമസ്ഥരായ ലീ കുടുംബം അടച്ചുതീർത്തത് ലോകത്തെ തന്നെ ഞെട്ടിക്കുന്ന നികുതി പണം. സാംസങ് മുൻ ചെയർമാൻ പരേതനായ ലീ കുൻ ഹീയുടെ പിൻഗാമികൾ പാരമ്പര്യ നികുതിയായി 12 ട്രില്യൺ വോൺ (ഏകദേശം 70000 കോടിയിലധികം രൂപ) ആണ് ഖജനാവിലേക്ക് നൽകിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതി സെറ്റിൽമെന്റാണിത്. 2020 ഒക്ടോബറിൽ ലീ കുൻ ഹീ അന്തരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പിൻഗാമികളായ ലീ ജേ യോങ്, മാതാവ് ഹോങ് റാ ഹീ, സഹോദരിമാരായ ലീ ബൂ ജിൻ, ലീ സിയോ ഹ്യുൻ എന്നിവർക്ക് ഈ ഭീമമായ നികുതി ബാധ്യത വന്നത്. 26 ട്രില്യൺ വോൺ വരുന്ന സ്വത്തുക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറ് ഗഡുക്കളായാണ് കുടുംബം ഈ തുക പൂർണ്ണമായും അടച്ചുതീർത്തതെന്ന് സാംസങ് ഗ്രൂപ്പ് അറിയിച്ചു.
ലോകത്ത് തന്നെ ഏറ്റവും ഉയർന്ന പാരമ്പര്യ നികുതി നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ (50 ശതമാനം). സാംസങ് കുടുംബം അടച്ച ഈ തുക 2024ൽ കൊറിയൻ സർക്കാർ ഈ ഇനത്തിൽ ആകെ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ ഒന്നര മടങ്ങ് വരുമെന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഓഹരി വിപണിയിലെ വിഹിതം കുറയാതെയും കമ്പനിയുടെ നിയന്ത്രണം കൈവിടാതെയും എങ്ങനെ നികുതി അടച്ചുതീർക്കും എന്നത് ആഗോള നിക്ഷേപകർ ഉറ്റുനോക്കിയ ഒന്നായിരുന്നു. ലീ കുൻ ഹീയുടെ വമ്പിച്ച സ്വത്തുക്കളിൽ ഓഹരികൾക്കും വസ്തുവകകൾക്കും പുറമെ പാബ്ലോ പിക്കാസോ, സാൽവദോർ ദാലി തുടങ്ങിയ ലോകപ്രശസ്തരായ കലാകാരന്മാരുടെ ചിത്രശേഖരങ്ങളും ഉൾപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും നാഷണൽ മ്യൂസിയം ഓഫ് കൊറിയ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് കുടുംബം സംഭാവനയായി നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുന്നേറ്റം സാംസങ് ഇലക്ട്രോണിക്സിന്റെ മൂല്യം വർധിപ്പിച്ചത് കുടുംബത്തിന്റെ ആസ്തി കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. 1938ൽ ലീ ബ്യുങ് ചുൽ സ്ഥാപിച്ച സാംസങ് നിലവിൽ സ്മാർട്ട്‌ഫോൺ, ചിപ്പ് നിർമ്മാണം, ഹെവി ഇൻഡസ്ട്രി തുടങ്ങി നിരവധി മേഖലകളിൽ ലോകത്തിലെ തന്നെ മുൻനിര ഗ്രൂപ്പാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment