തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമാകുന്നു. നിർണ്ണായക നീക്കത്തിന്റെ ഭാഗമായി, സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന്റെ പിന്തുണ തേടി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചു. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. വിഷയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നിർണ്ണായക യോഗത്തിൽ കെ സി വേണുഗോപാൽ ഈ വിഷയം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച ചെയ്യും. തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ 118 സീറ്റുകളാണ് ആവശ്യമായ ഭൂരിപക്ഷം. ടിവികെ നേടിയ സീറ്റുകൾ 107 ആണ്. ഭൂരിപക്ഷത്തിന് ഇനിയും വേണ്ടത് 11 സീറ്റുകൾ ആണ്. കോൺഗ്രസ് അംഗബലം 5 ആണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചാൽ വിജയിച്ച അഞ്ച് സ്ഥാനാർത്ഥികളും വിജയ്‌ക്കൊപ്പം നിൽക്കും. ഇതോടെ പിന്തുണ 112 ആയി ഉയരും. ബാക്കി ആവശ്യമായ സീറ്റുകൾക്കായി ഇടതുപക്ഷത്തെയും വിസികെയെയും ആണ് വിജയ് ലക്ഷ്യമിടുന്നത്. തമിഴ് നാട്ടിൽ സിപിഐക്കും സിപിഐഎമ്മിനും വിസികെക്കും രണ്ട് സീറ്റുകൾ വീതമുണ്ട്. ഈ മൂന്ന് പാർട്ടികൾ കൂടി പിന്തുണച്ചാൽ വിജയ്‌ക്ക് 118 എന്ന കേവലഭൂരിപക്ഷത്തിൽ എത്താൻ സാധിക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment