മലയാള സിനിമാ പ്രേമികൾ പതിനെട്ട് വർഷമായി കാത്തിരുന്ന ആ നിമിഷം ഇതാ വന്നെത്തിയിരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ‘പേട്രിയറ്റ്’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി, രണ്ട് നഗരങ്ങളിലെ തിയേറ്ററുകളിൽ ഒരേസമയം രണ്ട് മെഗാതാരങ്ങൾ തങ്ങളുടെ ആരാധകർക്കൊപ്പം ചേർന്നാണ് ട്രെയ്‌ലർ പ്രീമിയർ നിർവഹിച്ചത്.
തൃശൂർ രാഗം തിയേറ്ററിൽ വൻ ജനസഞ്ചയത്തെ സാക്ഷിയാക്കി മമ്മൂട്ടിയും, കൊച്ചി കവിത തിയേറ്ററിൽ ആരാധകരുടെ ആവേശത്തിനിടയിൽ മോഹൻലാലും ട്രെയ്‌ലർ ലോഞ്ച് ചെയ്തു. സ്പൈ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചനകൾ പ്രകാരം, ഇരുവരുടെയും തകർപ്പൻ ആക്ഷൻ പ്രകടനങ്ങൾ തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം.
‘ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനവും രചനയും നിർവഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ, പ്രകാശ് ബെലവാടി എന്നീ വൻ താരനിരയാണ് അണിനിരക്കുന്നത്.
മലയാള സിനിമയിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന ‘പേട്രിയറ്റ്’, വിദേശ രാജ്യങ്ങളിലടക്കം പത്തിലധികം ഷെഡ്യൂളുകളിലായാണ് ചിത്രീകരിച്ചത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, യുകെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ ലൊക്കേഷനുകൾ ചിത്രത്തിന് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളുടെ ഗാംഭീര്യം നൽകുന്നു.
താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സ് സജ്ജീകരണങ്ങളുമായാണ് ചിത്രം ഒരുങ്ങുന്നത്. മെയ് ഒന്നിനാണ് ചിത്രത്തിന്റെ പ്രദര്‍ശനം. മലയാള സിനിമാ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ പോകുന്ന ഒരു ‘മെഗാ റിലീസിനായി’ കാത്തിരിക്കുകയാണ് ആരാധകർ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment