കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വയല ശരത് ഭവനിൽ ശരത്ത് (വയല സ്വദേശി) ആണ് കൊല്ലപ്പെട്ടത്. കടയ്ക്കലിലെ ഒരു ബാറിലുണ്ടായ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ബാറിൽ വെച്ച് രാഹുൽ എന്ന യുവാവുമായി ശരത്ത് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ബാർ ജീവനക്കാർ ഇടപെട്ട് ഇരുവരെയും അവിടെ നിന്നും പറഞ്ഞുവിട്ടു. എന്നാൽ, ബാറിൽ നിന്നിറങ്ങിയ ശരത്തിനെ നാലംഗ സംഘം ഓട്ടോറിക്ഷയിൽ പിന്തുടരുകയായിരുന്നു.
പന്തളംമുക്കിൽ വെച്ച് സംഘം ശരത്തിനെ തടഞ്ഞുനിർത്തി ആയുധങ്ങളുമായി ആക്രമിച്ചു. വെട്ടേറ്റ ശരത്ത് രക്ഷപ്പെടാനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ അക്രമിസംഘം ക്രൂരമായി വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ കടയ്ക്കൽ അഞ്ചുമുക്കിലെ ഭാര്യവീട്ടിലായിരുന്നു ശരത്ത് താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി കടയ്ക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment