പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം. കാസെമിറോ, സെസ്കോ എന്നിവർ യുണൈറ്റഡിനായി ലക്ഷ്യം കണ്ടപ്പോൾ മത്തിയാസ് ജെൻസൻ ബ്രെന്റ്ഫോർഡിന്റെ ആശ്വാസ ഗോൾ നേടി.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ യുണൈറ്റഡ് ലീഡ് നേടി. ഹാരി മാഗ്വയർ നൽകിയ ഹെഡർ പാസിൽ നിന്നും കാസെമിറോ ആണ് പന്ത് വലയിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ യുണൈറ്റഡ് രണ്ടാം ഗോൾ നേടി. നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നും സെസ്കോയാണ് ഗോൾ നേടിയത്. ഈ സീസണിലെ ബ്രൂണോയുടെ 19-ാമത്തെ അസിസ്റ്റ് ആണിത്. ഇതോടെ പ്രീമിയർ ലീഗിലെ സർവകാല റെക്കോഡിന് തൊട്ടരികിലെത്താൻ താരത്തിന് സാധിച്ചു.
റൂബൻ അമോറിം പുറത്തായതിനെത്തുടർന്ന് മൈക്കൽ കാരിക്കിന്റെ പരിശീലനത്തിന് കീഴിലാണ് യുണൈറ്റഡ് ഇപ്പോൾ കളിക്കുന്നത്. ലക്ഷ്യസ്ഥാനത്തെത്താൻ ടീമിന് ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അടുത്ത മത്സരങ്ങളിൽ ബ്രൈറ്റണും ബോൺമൗത്തും പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ ലിവർപൂളുമായുള്ള വമ്പൻ പോരാട്ടത്തിന് മുമ്പേ യുണൈറ്റഡിന് സ്ഥാനമുറപ്പിക്കാം.
യൂറോപ്യൻ യോഗ്യത സ്വപ്നം കണ്ടിരുന്ന ബ്രെന്റ്ഫോർഡിന് ഈ പരാജയം വലിയ തിരിച്ചടിയായി. അവരുടെ തുടർച്ചയായ ഏഴാം തോൽവിയാണിത്.
ആദ്യ പകുതിയിൽ ലഭിച്ച സുവർണാവസരങ്ങൾ പാഴാക്കിയതും ഔട്ടാരയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചതും അവർക്ക് വിനയായി. കളിയുടെ അവസാന നിമിഷങ്ങളിൽ മത്തിയാസ് ജെൻസൻ ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാൻ അവർക്കായില്ല. ബ്രെന്റ്ഫോർഡിന്റെ അവസാന ശ്രമം യുണൈറ്റഡ് ഗോൾകീപ്പർ സെനെ ലാമൻസ് തടഞ്ഞതോടെ വിജയം യുണൈറ്റഡിനൊപ്പം നിന്നു. നിലവില്‍ മൂന്നാമതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment