ഇന്ത്യ: തകരുന്ന പ്രതിഛായയും തളരുന്ന സമ്പദ്‌വ്യവസ്ഥയും

Janayugom
Developer Admin

യാതൊരു അന്താരാഷ്ട്ര മര്യാദകളും പാലിക്കാതെ ഇസ്രയേല്‍ ഇറാനില്‍ കടന്നാക്രമണം നടത്തി യുഎന്‍ അംഗത്വമുള്ള ആ സ്വതന്ത്രപരമാധികാര രാഷ്ട്രത്തിന്റെ തലവനെ ബോംബിങ്ങിലൂടെ വധിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പ് നരേന്ദ്ര മോഡി, ടെല്‍ അവീവില്‍ അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായ നെതന്യാഹുവിനൊപ്പം വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. ഇസ്രയേല്‍ പിതൃരാജ്യമാണ്, ഇന്ത്യ മാതൃരാജ്യവും എന്നാണ് മോഡി അവിടെ പ്രഖ്യാപിച്ചത്. ഗാസയിലും പലസ്തീനിലുമൊക്കെ നികൃഷ്ടമായ അക്രമം അഴിച്ചുവിട്ട് ലക്ഷങ്ങളെ നിരാലംബരാക്കിയും ഒരു ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയും ഹിറ്റ്ലറോളം തന്നെ വെറുക്കപ്പെട്ട യുദ്ധക്കുറ്റവാളി നെതന്യാഹുവിനോടൊപ്പം വേദി പങ്കിട്ടാണ് മോഡി ഈ പ്രസ്താവന നടത്തിയത്.

ഇറാനിലെ യുഎസ്, ഇസ്രയേല്‍ അക്രമങ്ങളെ ലോകരാഷ്ട്രങ്ങളൊട്ടാകെ നാറ്റോ സഖ്യകക്ഷികളടക്കം ശക്തമായി അപലപിച്ചപ്പോള്‍ ആഴ്ചകള്‍ക്കുശേഷം സെക്രട്ടറി തലത്തിലുള്ള ഒരു കുറിപ്പിലൊതുങ്ങി ഇന്ത്യന്‍ പ്രതികരണം. ഇറാനുനേരെയുള്ള യു
എസ് ഉപരോധം മൂലം ഹോര്‍മുസ് അടഞ്ഞപ്പോഴാണ് യുഎസ് ഇന്ത്യയെ ഒരു മാസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാന്‍ അനുവദിച്ചു എന്ന വാര്‍ത്ത വരുന്നത്. നേരത്തെ അമേരിക്കന്‍ സമ്മര്‍ദം മൂലം റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍‍ത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടിരുന്ന യൂണിയൻ സര്‍ക്കാര്‍ ഈ വാര്‍ത്ത നിഷധിച്ചില്ല. ഇന്ത്യ സ്വതന്ത്രരാജ്യമായതിനുശേഷമുളള 79 കൊല്ലക്കാലവും കേള്‍ക്കാത്ത ഒരു കാര്യമാണിത്. ലോക വിപണിയിലെ ഏതെങ്കിലുമൊരുല്പന്നം ഇന്ത്യക്ക് സൗകര്യമുള്ള രാജ്യത്ത് നിന്ന് വാങ്ങുന്നതിന് അത് എണ്ണയായാലും ആയുധമായാലും മറ്റെന്തുല്പന്നമായാലും യുഎസ് പ്രസിഡന്റിന്റെ അനുമതി വേണം എന്ന അവസ്ഥ രാഷ്ട്രത്തിന്റെ പരമാധികാരത്തിനു നേരയുള്ള വെല്ലുവിളിയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപമാനകരവും ആണെങ്കിലും നരേന്ദ്ര മോഡിക്കോ കൂട്ടാളികള്‍ക്കോ ഇതില്‍ യാതൊരു അപമാനവും തോന്നുന്നില്ല. ഇന്ത്യ ഒരു നരകക്കുഴിയാണെന്നും കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പറയുകയുണ്ടായി. ആദ്യ ദിവസങ്ങളില്‍ ഈ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് പറഞ്ഞ വിദേശകാര്യ വകുപ്പ് പിന്നീട് ചട്ടപ്പടിയുളള ഒരു പ്രതിഷേധക്കുറിപ്പ് പുറത്തിറക്കി. അപ്പോഴും നരേന്ദ്ര മോഡി ഒരക്ഷരം മിണ്ടിയില്ല. അതേസമയം ബ്രിക്സ് രാഷ്ട്രങ്ങള്‍ ഇറാനിലെയും ലബനനിലെയും മനുഷ്യക്കുരുതിയുടെ പേരില്‍ ഇസ്രയേലിനെതിരെ തയ്യാറാക്കിയ പ്രമേയം മയപ്പെടുത്തുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍.

അന്താരാഷ്ട്ര തലത്തില്‍ പശ്ചിമേഷ്യയിലെ യുഎസ്, ഇസ്രയേല്‍ അതിക്രമങ്ങള്‍ ഒരു ആഗോള യുദ്ധത്തിന്റെ തലത്തിലേക്ക് ഉയരുമോ എന്ന ആശങ്കകളും വിപണികളെ തകര്‍ക്കുന്ന വിലക്കയറ്റവും നിലനില്‍ക്കുമ്പോള്‍, ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ പരിഹാരം കാണാതെ അവഗണിക്കുന്ന മണിപ്പൂരിലെ വംശീയ സംഘര്‍ഷം വീണ്ടും കലുഷിതമാവുകയാണ്. അന്താരാഷ്ട്ര തലത്തിലോ ദേശീയ തലത്തിലോ ഉയര്‍ന്നുവന്നിട്ടുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തുവാന്‍ ഒരു ശ്രമവും നടത്താതെ നരേന്ദ്ര മോഡി സര്‍ക്കാര്‍ വനിതാസംവരണം എന്ന പേരില്‍ കൊണ്ടുവന്ന ബില്ലിലൂടെ മണ്ഡല പുനര്‍നിര്‍ണയം ഒളിച്ചുകടത്താൻ ശ്രമിക്കുകയും ആ ശ്രമത്തില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇന്ത്യയിലെ പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകള്‍ പക്ഷപാതരഹിതമായി നടത്താൻ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനം മോഡിസര്‍ക്കാരിന്റെ ദാസ്യവൃത്തി ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ചേരിചേരാ രാഷ്ട്രങ്ങളുടെ ശബ്ദമായിരുന്ന ഇന്ത്യയും ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലെ ലോകമാകെ ആദരിക്കപ്പെട്ട, ഇന്ദിരാ ഗാന്ധിയെപ്പോലെ ഏഴാം കപ്പല്‍പടയെ ഭയപ്പെടാത്ത ദേശീയ നേതാക്കളുടെ യുഗം അവസാനിച്ചു എന്നാണ് റാം മാധവ് എന്ന ആര്‍എസ്എസ് നേതാവ് അമേരിക്കയിലെ വാഷിങ്ടണില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. “ഞങ്ങള്‍ (ഇന്ത്യ) ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തി 50% താരിഫ് നല്‍കാന്‍ സമ്മതിച്ചു. ഇനി എന്താണ് ഇന്ത്യ അമേരിക്ക ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ളത്” എന്നാണ് വാഷിങ്ടണിലെ രാം മാധവിന്റെ വിലാപം. ഈ വിലാപം രഹസ്യമായി അമേരിക്കയും മോഡിസര്‍ക്കാരും തമ്മില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പാചകവാതക ക്ഷാമം മൂലം ഗ്രാമ — നഗരങ്ങളിലെ ഹോട്ടലുകള്‍ പ്രവര്‍‍ത്തനം നിര്‍ത്തുന്നതും ഭക്ഷ്യ വിലവര്‍ധനവും ഗള്‍ഫ് യുദ്ധം കാരണം ഇന്ത്യയിലുണ്ടാകുന്ന തൊഴിലില്ലായ്മയും വാണിജ്യ വ്യാവസായിക രംഗങ്ങളിലെ തകര്‍ച്ചയും ഒന്നും തന്നെ മോഡിയെ ഒട്ടും അസ്വസ്ഥനാക്കുന്നില്ല. തൊട്ടടുത്ത സംസ്ഥാനമായ മണിപ്പൂരില്‍ വലിയ സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ സിക്കിമില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തുന്ന തിരക്കിലാണ് നരേന്ദ്ര മോഡി.

Previous
ബ്രെന്റ്ഫോർഡിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Next
കേരളത്തിലെ ആദ്യ തൊഴിലാളി രക്തസാക്ഷി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment