കേരളത്തിലെ ആദ്യ തൊഴിലാളി രക്തസാക്ഷി ഗരുഡൻ ബാവ രക്തസാക്ഷിയായിട്ട് 90 വർഷമാകുന്നു. ഒരു സാധാരണ കയർ ഫാക്ടറി തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ സ്മരണയ്ക്കായുള്ള രക്തസാക്ഷി മണ്ഡപം മേയ് ദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഗരുഡൻ വേഷം ധരിച്ച് കലാപ്രകടനം നടത്തിവന്നതിനാലാണ് ആ പേരിൽ അറിയപ്പെട്ടത്.
1859ലാണ് ബ്രിട്ടീഷുകാരനായ ഡാറാ സ്മെയിൽ ആദ്യ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിക്കുന്നത്. പിന്നീട് നിരവധി കയർ ഫാക്ടറികൾ ഉയർന്നുവന്നു. ഇതിലെല്ലാമായി 50,000ത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്നു. തൊഴിൽസമയ വ്യവസ്ഥയുണ്ടായിരുന്നില്ല. അതിരാവിലെ മുതൽ വൈകുന്നതുവരെ ജോലിയെടുക്കണം. കുടികിടപ്പുകാരനായ തൊഴിലാളി, വെളുപ്പിന് ജന്മിയുടെ തെങ്ങുകൾക്ക് വെള്ളമൊഴിക്കണം. കൃത്യമായി വെള്ളമൊഴിച്ചില്ലെങ്കിൽ ജന്മി, കുടിൽ പൊളിച്ച് കളയും. അതിനു ശേഷമാണ് ഫാക്ടറിയിൽ എത്തുന്നത്. അവിടെ കങ്കാണിയും, മൂപ്പനും, മേസ്ത്രിയും പറയുന്നതെല്ലാം അനുസരിക്കണം. അനുസരണക്കേട് കാണിച്ചാൽ ശിക്ഷ കടുത്തതാകും. കൂലി കിട്ടുന്ന ദിവസം ‘മൂപ്പ് കാശ്’ എന്ന പേരിൽ മൂപ്പന്മാർക്ക് വിഹിതം നൽകണം. മെച്ചപ്പെട്ട വസ്ത്രം ധരിക്കുവാൻ പാടില്ല. ചെറിയ പിഴവുകൾക്ക് വലിയ പിഴയും ശാരീരിക പീഢനവും. തൊഴിലാളികൾ അനുഭവിക്കുന്ന ഈ ദുരിതങ്ങൾ ശ്രീനാരായണ ഗുരുവിനെ വാടപ്പുറം ബാവ എന്ന മൂപ്പൻ ബോധ്യപ്പെടുത്തി. ഗുരുവിന്റെ ഉപദേശം ഇതായിരുന്നു. ”തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘശക്തിയിൽ അവർ കരുത്തുള്ളവരും സ്വതന്ത്രരും ആകട്ടെ” ഈ ആശയം ആലപ്പുഴയിലെ പൗരപ്രമുഖരുമായി ബാവ ചർച്ച ചെയ്തു.
തുടർന്നാണ് 1922ൽ ലേബർ യൂണിയൻ രൂപംകൊണ്ടത്. വാടപ്പുറം ബാവയായിരുന്നു സ്ഥാപക ജനറല്‍ സെക്രട്ടറി. അഡ്വ. പി കെ മുഹമ്മദായിരുന്നു അധ്യക്ഷൻ. ശ്രീനാരായണ ഗുരു ശിഷ്യനായ സ്വാമി സത്യവ്രതൻ മുഖ്യാതിഥിയായി പങ്കെടുത്തു. തിരുവിതാംകൂറിലാകെ പ്രവർത്തിക്കുന്നതിനായി ഈ സംഘടനയുടെ പേര് പിന്നീട് തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്നാക്കി. ആദ്യഘട്ടത്തിൽ തൊഴിലാളികളിൽ നിന്നും ചെറിയ തുക സംഭരിച്ച് ചികിത്സാ സഹായം നൽകുക, വായനശാലകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. പിന്നീട് സാമൂഹ്യ പുരോഗതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും അസോസിയേഷൻ മുന്നോട്ടുവച്ചു. തിരുവിതാംകൂർ ലേബർ അസോസിയേഷൻ വായനശാലയും വാടകക്കെട്ടിടത്തിൽ ആശുപത്രിയും സ്ഥാപിച്ചു. അംഗങ്ങളുടെ വീടുകളിൽ മരണം ഉണ്ടായാൽ സഹായിക്കുന്നതിന് മരണഫണ്ടും രൂപീകരിച്ചു. പ്രശസ്തമായ വൈക്കം സത്യഗ്രഹത്തിന് 50 പേരെ പങ്കെടുപ്പിച്ചതിലൂടെ അന്ന് നിലനിന്നിരുന്ന സാമൂഹ്യ അനാചാരങ്ങൾക്കെതിരെയുള്ള ശക്തമായ നിലപാടും യൂണിയന്‍ വ്യക്തമാക്കി. തൊഴിലാളി എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ഇ വി രാമസ്വാമി നായ്ക്കർ, പിന്നീട് രാഷ്ട്രപതിയായ വി വി ഗിരി ഉൾപ്പെടെ പ്രമുഖർ യൂണിയന്റെ വാർഷിക സമ്മേളനങ്ങളിൽ മുഖ്യാതിഥികളായിരുന്നു. 12-ാമത് വാർഷിക സമ്മേളനം ആർ സുഗതനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
അതിന് മുമ്പ് പി കേശവദേവായിരുന്നു ജനറൽ സെക്രട്ടറി. ബോംബെ കമ്പനി എന്ന കയർ ഫാക്ടറിയിലെ തൊഴിലാളികൾ നൂറ് തടുക്കിന് 80 ചക്രം കൂലി ആവശ്യപ്പെട്ട് 1931ൽ നടത്തിയ പണിമുടക്കായിരുന്നു ആദ്യ സമരം. വേണ്ടത്ര വിജയം നേടാനാകാതെയാണ് ഈ സമരം അവസാനിച്ചത്. തങ്ങളുടെ ആവശ്യകതകൾ ഉൾക്കൊള്ളുന്ന നിവേദനം തിരുവനന്തപുരത്തെത്തി രാജാവിന് സമർപ്പിക്കുന്നതിന് കൊല്ലം ജോസഫ് ലീഡറായി 50 പേരടങ്ങുന്ന ജാഥാ സംഘത്തെ നിശ്ചയിച്ചു. ജാഥ നിരോധിക്കപ്പെട്ടു. കൊല്ലം ജോസഫ്, കെ സി ഗോവിന്ദൻ, വി കെ പുരുഷോത്തമൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കി. പൊതുപണിമുടക്ക് ആഹ്വാനത്തെ തുടർന്ന് ആർ സുഗതൻ, പി കെ കുഞ്ഞ്, പി എൻ കൃഷ്ണപിള്ള, വി കെ പുരുഷോത്തമൻ, സി കെ വേലായുധൻ എന്നിവർ അറസ്റ്റിലായി. നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ആലപ്പുഴ പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. അന്നുനടന്ന ലാത്തിച്ചാർജിൽ ബാവ (ഗരുഡൻ ബാവ) തൊഴിലാളി രക്തസാക്ഷിയായി. ആലപ്പുഴയിലെ തൊഴിലാളി സമരത്തിലെ ആദ്യ രക്തസാക്ഷിയാണ് ബാവ. സംഭവം അന്വേഷിക്കുവാൻ പി കൃഷ്ണപിള്ള ഇവിടെയെത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കെ ദാമോദരനും കെ കെ വാര്യരും ആലപ്പുഴയിലെത്തി. പ്രശ്നങ്ങളിൽ ഇടപെട്ട ഇവർ തൊഴിലാളികളിൽ രാഷ്ട്രീയബോധം പകർന്നു.
1937ൽ വീണ്ടും പൊതുപണിമുടക്ക് ആഹ്വാനം ചെയ്തതിനെത്തുടർന്ന് ആർ സുഗതൻ അറസ്റ്റിലായി. ചില നിയമ നിർമ്മാണങ്ങൾ നടത്താതെ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായി. അങ്ങനെയാണ് ഫാക്ടറീസ് ആക്ട്, ട്രേഡ് ഡിസ്പ്യൂട്ട് ആക്ട്, വർക്ക്മെൻ കോമ്പൻസേഷൻ ആക്ട്, ട്രേഡ് യൂണിയൻ ആക്ട് എന്നിവ പാസാക്കിയത്. ഈ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം തിരുവിതാംകൂറിൽ 1938 (1113 കർക്കിടകം 9)ൽ ഒന്നാം നമ്പരായി തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്തു. ഈ യൂണിയനെ വിപ്ലവ ട്രേഡ് യൂണിയനായി മാറ്റിയെടുക്കുന്നതിൽ പി കൃഷ്ണപിള്ള വലിയ പങ്കു വഹിച്ചു. 1938 ഒക്ടോബർ 22ന് രാജാവിന്റെ ജന്മദിനത്തിൽ അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ രാജധാനിയിലേക്ക് നടന്ന മാർച്ചിൽ ഈ യൂണിയനിൽ നിന്നും 24 ചുവപ്പ് വോളണ്ടിയര്‍മാർ അണിനിരന്നു. ഇതിന്റെ ഫലമായി രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചെങ്കിലും തൊഴിലാളികൾക്കെതിരെ ആക്രമണം തുടർന്നു. ജയിൽമോചിതരായ എകെജിയും കെ ദാമോദരനും ഇവിടെയെത്തി തൊഴിലാളി സമരത്തെ സഹായിച്ചു. എം എൻ ഗോവിന്ദൻ നായർക്ക് ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനവുമായി ആദ്യം മുതൽ തന്നെ ബന്ധമുണ്ടായിരുന്നു. ഈ ഘട്ടത്തിൽ നടന്ന വിജയിച്ച സമരങ്ങളിലൊന്നാണ് സെലീറ്റാ സമരം. യുദ്ധാവശ്യത്തിനു വേണ്ടി കയർ ഉപയോഗിച്ച് സെലീറ്റ, വാൾബാഗ് എന്നിവ നിർമ്മിച്ചപ്പോൾ യൂണിയൻ, കൂടുതൽ കൂലി ആവശ്യപ്പെട്ടു. മുതലാളിമാർ എതിർത്തു.
എന്നാല്‍ സമരം വിജയിച്ചു. ഇതിലൂടെയാണ് ഭൂതകാല വേതനം ആദ്യം നേടിയെടുത്തത്. 1946ൽ ത്രികക്ഷി സമ്മേളനത്തിൽ ബോണസ് പ്രഖ്യാപനം ഉണ്ടായി. ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും നാല് ശതമാനം ബോണസ് എന്ന പ്രഖ്യാപനം വന്നത് തൊഴിലാളി പ്രക്ഷോഭത്തിന്റെ ഫലമായിട്ടായിരുന്നു. 1946 സെപ്തംബർ 15ന് നടന്ന മറ്റൊരു പൊതുപണിമുടക്ക് സർ സിപിയെ ഞെട്ടിച്ചു. ട്രേഡ് യൂണിയൻ നിയമം വന്നതിനു ശേഷം രജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയനുകളുടെ കേന്ദ്ര സംഘടനയായി അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് (എടിടിയുസി) ഈ ഘട്ടത്തിൽ നിലവിൽ വന്നിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വാർഷികത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത എടിടിയുസി സമ്മേളനം ടി വി തോമസിനെ പ്രസിഡന്റായും ആർ സുഗതനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 55 യൂണിയനുകളുടെ 83 പ്രതിനിധികൾ പങ്കെടുത്തു. ഈ സമ്മേളനം അനിശ്ചിതകാല പണിമുടക്കിനുള്ള തയ്യാറെടുപ്പുകൾ നടത്തി. കൊല്ലത്ത് എൻ ശ്രീകണ്ഠൻ നായരും ടി കെ ദിവാകരനും നയിച്ച യൂണിയനുകളും എടിടിയുസിയിലായിരുന്നു. 1946 ഒക്ടോബറിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിനുമുമ്പ് സർ സിപിയുമായി നടത്തിയ ചർച്ചയിൽ രാഷ്ട്രീയ ആവശ്യങ്ങൾ ഒഴികെ സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സിപി പറഞ്ഞു. രാഷ്ട്രീയ ആവശ്യങ്ങളിലാണ് തങ്ങൾ ഉറച്ചുനിൽക്കുന്നതെന്ന് നേതാക്കളും പറഞ്ഞു.
പണിമുടക്കിയ തൊഴിലാളികൾ നടത്തിയ ജാഥയ്ക്ക് നേരെ തിരുവാമ്പാടിയിൽ വച്ച് വെടിവച്ചു. പുന്നപ്രയിൽ വെടിവയ്പും പൊലീസ് ക്യാമ്പ് ആക്രമണവും നടന്നു. കാട്ടൂർ, മാരാരിക്കുളം, ഒളതല, മേനാശേരി എന്നിവിടങ്ങളിലും തൊഴിലാളികളെ വെടിവച്ചുകൊന്നു. സി കെ കുമാരപ്പണിക്കരായിരുന്നു സമരം നയിച്ചത്. കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സമരത്തിൽ ശക്തമായി പങ്കെടുത്തു. ടിവി ഉൾപ്പെടെ ഒട്ടനേകം നേതാക്കൾ അറസ്റ്റിലായി. ഇതിനിടെ ദിവാൻ ഭരണം അവസാനിച്ചു. അമേരിക്കൻ മോഡൽ ഉപേക്ഷിക്കപ്പെട്ടു. വെട്ടുകൊണ്ട് സിപി നാടുവിട്ടു. പ്രായപൂർത്തി വോട്ടവകാശം ലഭിച്ചു. താൻ കുഴിച്ചുമൂടിയെന്ന് സിപി പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി 10 വർഷം പിന്നിട്ടപ്പോൾ കേരളത്തിൽ അധികാരത്തിലേറി. പട്ടിണിക്കാരായ തൊഴിലാളികളിൽ ഉന്നതമായ രാഷ്ട്രീയ ബോധം പകർന്നുനൽകിയ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ നാടിന്റെ ചരിത്രത്തിൽ ഇങ്ങനെയാണ് പ്രധാന പങ്കു വഹിച്ചത്. ഗരുഡൻ ബാവയെന്ന തൊഴിലാളിയുടെ രക്തസാക്ഷിത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തൊഴിലാളി പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് പുതിയ കേരളം സൃഷ്ടിക്കപ്പെട്ടത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment