കെജ്‌രിവാളിന്റെ ബഹിഷ്കരണവും നീതിപീഠങ്ങളുടെ നിഷ്പക്ഷതയും

Janayugom
Developer Admin

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി മദ്യനയ കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജ് സ്വർണകാന്ത ശർമ്മയുടെ കോടതി ബഹിഷ്കരിക്കുന്നതായി ഒരു കത്തുമുഖേന അവരെ അറിയിച്ചു. കെജ്‌രിവാൾ നേരിട്ടോ അഭിഭാഷകൻ വഴിയോ കോടതി നടപടികളിൽ പങ്കെടുക്കില്ലെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ആർഎസ്എസ് പ്രത്യയശാസ്ത്രം പിന്തുടരുന്ന കേന്ദ്രസർക്കാർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കെജ്‌രിവാളിനെ തടവിലാക്കുകയും ഫെബ്രുവരിയിൽ സിബിഐ സ്പെഷ്യൽ കോടതി അദ്ദേഹം ഉൾപ്പെടെ 2020–21ലെ മദ്യനയ കേസിലെ പ്രതികൾ എല്ലാവരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

കേസിൽ കുറ്റാരോപിതരായ കെജ്‌രിവാൾ ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനോ മതിയായ തെളിവുകൾ ഹാജരാക്കാനോ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പ്രത്യേക കോടതി കേസ് തള്ളിയത്. എന്നാൽ, ആ വിധിക്കെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് ജഡ്ജ് സ്വർണകാന്ത ശർമ്മ നേരത്തെ പല അവസരങ്ങളിലും നിരീക്ഷിച്ചിരുന്നു. കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിവിധി പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ജഡ്ജ് ശർമ്മയുടെ മാർച്ച് ഒമ്പതിന്റെ ഏകപക്ഷീയ വിധിയില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന്, രാഷ്ട്രീയ സ്വയംസേവക് സംഘുമായി അടുത്തബന്ധം പുലർത്തുന്ന ശർമ്മയുടെ നിഷ്പക്ഷതയിൽ സംശയം ഉന്നയിച്ച കെജ്‌രിവാൾ സിബിഐ അപ്പീൽ ഫയലിൽ സ്വീകരിച്ച മദ്യനയ കേസ് വിചാരണയിൽനിന്നും അവർ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സമാന കേസുകളിൽ ശർമ്മ നേരത്തെ നൽകിയ വിധിപ്രസ്താവങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ സിബിഐ അപ്പീലിന്റെ വിചാരണയിൽനിന്നും പിന്മാറണമെന്ന പ്രതികളുടെ ആവശ്യം ന്യായാധിപ എന്ന നിലയിൽ തന്റെ ‘അന്തസിനും, ധാർമ്മികതയ്ക്കും’ നേരെയുള്ള വ്യക്തിപരവും, ഒരു ‘സ്ഥാപനം എന്ന നിലയിൽ നീതിപീഠത്തിനും’ എതിരായ കടന്നാക്രമണമാണെന്ന് ഏപ്രിൽ 20ന്റെ വിധിയിൽ പ്രഖ്യാപിക്കുകയും കേസിന്റെ വിചാരണയിൽ നിന്നും പിന്മാറാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ‘അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നീതിന്യായ പ്രക്രിയയെ തരംതാഴ്ത്താനുള്ള’ ശ്രമമാണ് പ്രതികളുടെ ആവശ്യമെന്നും വിധിപ്രസ്താവം വ്യാഖ്യാനിക്കുകയുണ്ടായി. പ്ര തികളെ കേൾക്കാതെ ജഡ്ജ് ശർമ്മ നടത്തിയ ഏകപക്ഷീയ വിധി പ്രസ്താവം കെജ്‌രിവാളിലും ഇതര പ്രതികളിലും കോടതിയോടുള്ള വിശ്വാസത്തിന് ക്ഷതമേല്പിക്കുകയും കോടതി നടപടികളുടെ നീതിപൂർവമായ നടത്തിപ്പിൽ സംശയം ജനിപ്പിക്കുകയും ചെയ്തതായി കെജ്‌രിവാൾ ജഡ്ജ് ശർമ്മക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.

ആയതിനാൽ, താൻ ഗാന്ധിജിയുടെ സത്യഗ്രഹ തത്വം ഉയർത്തിപ്പിടിച്ച് കോടതി നടപടികൾ ബഹിഷ്കരിക്കുന്നതായാണ് ജഡ്ജിനെ അറിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ വിമോചനസമരത്തിൽ, വിശേഷിച്ചും 1919ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെത്തുടർന്ന്, 1920–22 കാലത്തെ നിസഹകരണ പ്രസ്ഥാനത്തിൽ, ഗാന്ധിജി കോടതി ബഹിഷ്കരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഗാന്ധിജി, കോളനി ഭരണത്തിന്റെ കോടതികൾ ബഹിഷ്കരിക്കുക മാത്രമല്ല അഭിഭാഷകരോട് കോടതി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും സമാന്തര ജനകീയ (പഞ്ചായത്ത്) കോടതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കോടതികളിൽ ഹാജരാകാൻ വിസമ്മതിച്ച ഗാന്ധിജി തന്റെമേൽ ആരോപിക്കപ്പെട്ട നിയമലംഘനമടക്കം കുറ്റകൃത്യങ്ങളിൽ വിചാരണയ്ക്ക് നിയോഗിക്കപ്പെട്ട ജഡ്ജിമാരോട് തൽസ്ഥാനം രാജിവയ്ക്കുകയോ, അല്ലെങ്കിൽ തനിക്കെതിരെ പരമാവധി ശിക്ഷ വിധിക്കുകയോ ചെയ്യാൻ കോളനി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര രാഷ്ട്രത്തിൽ അത്തരം വെല്ലുവിളികളുടെ പ്രസക്തിയിൽ സംശയം ഉയരുക അസ്വാഭാവികമല്ല. നരേന്ദ്ര മോഡി ഭരണത്തിന്റെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം രാജ്യത്തെ നീതിപീഠങ്ങളടക്കം ഭരണഘടനാസ്ഥാപനങ്ങൾ ഗുരുതരമായ മൂല്യത്തകർച്ചയെയും പക്ഷപാതിത്വത്തെയുമാണ് നേരിടുന്നത്.

ന്യായാധിപർ അഴിമതികൾക്കും ഭരണാനുകൂല പക്ഷപാതിത്വത്തിനും വിധേയമാകുന്ന സംഭവങ്ങൾ അസാധാരണമല്ലാതായിരിക്കുന്നു. അതിന്റെ അപലപനീയ ഉദാഹരണമാണ് സിബിഐ അപ്പീലിൽ മദ്യനയ കേസിന്റെ വിചാരണയിൽനിന്നും പിന്മാറാൻ വിസമ്മതിക്കുന്ന ഡൽഹി ഹൈക്കോടതി ജഡ്ജ് സ്വർണ കാന്ത ശർമ്മ എന്ന് പറയുന്നതിൽ തെറ്റില്ല. ജഡ്ജ് ശർമ്മയ്ക്ക് ആർഎസ്എസ് അനുബന്ധ സംഘടനകളുമായുള്ള ഉറ്റബന്ധം ഒരു രഹസ്യമേ അല്ല. ആർഎസ്എസിന്റെ അഭിഭാഷക മുന്നണിയായി പ്രവർത്തിക്കുന്ന അഖിൽ ഭാരതീയ അധിവക്താ പരിഷദുമായി (എബിഎപി) ഉറ്റബന്ധം പുലർത്തുകയും അതിന്റെ പരിപാടികളിൽ സ്ഥിരസാന്നിധ്യവുമാണ് ജഡ്ജ് ശർമ്മ. ആ ബന്ധം പരസ്യമായി അംഗീകരിക്കുകയും അതിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ഒരു ന്യായാധിപയിൽനിന്നും തനിക്കും സഹപ്രവർത്തകർക്കും നീതി ലഭിക്കില്ലെന്ന കെജ്‌രിവാളിന്റെ ആശങ്ക അസ്ഥാനത്താണെന്ന് കരുതാൻ കഴിയില്ല. മാത്രമല്ല, ശർമ്മയുടെ മക്കൾ മദ്യനയ കേസിൽ സിബിഐയെ പ്രതിനിധാനം ചെയ്യുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കൊപ്പം കേന്ദ്രസർക്കാരിന്റെ അഭിഭാഷക പ്രതിനിധികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നതും അവരുടെ നിഷ്പക്ഷതയിൽ ആശങ്ക വളർത്തുന്നു. അവിടെയാണ് കെജ്‌രിവാളിന്റെ കോടതി ബഹിഷ്കരണ പ്രഖ്യാപനം പ്രസക്തമാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ജുഡീഷ്യറി ഇത്തരം ഒരു രാഷ്ട്രീയ വെല്ലുവിളിയെ നേരിടുന്നത്. അത് ഒരുപക്ഷെ, നീതിപീഠങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും നിഷ്പക്ഷതയും സുതാര്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും ആദരവും സംരക്ഷിക്കാനുള്ള വിശാല ശ്രമങ്ങളുടെ തുടക്കമാവുമെന്ന് പ്രതീക്ഷിക്കാം.

Previous
കേരളത്തിലെ ആദ്യ തൊഴിലാളി രക്തസാക്ഷി
Next
മുംബൈക്ക് ഇന്ന് തീക്കളി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment