2026ലെ പുലിറ്റ്‌സർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഇലസ്‌ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി’ വിഭാഗത്തിൽ ഇന്ത്യൻ ഇല്ലസ്‌ട്രേറ്റർ ആനന്ദ് ആർ കെയും മാധ്യമപ്രവർത്തക സുപർണ്ണ ശർമ്മയും പുരസ്‌കാരത്തിന് അർഹരായി. ബ്ലൂംബെർഗിലെ നതാലി ഒബിക്കോ പിയേഴ്‌സണുമായി ചേർന്ന് തയ്യാറാക്കിയ “ട്രാപ്പ്ഡ്” എന്ന ദൃശ്യാവിഷ്കാരത്തിനാണ് ഈ ആഗോള അംഗീകാരം ലഭിച്ചത്. ദക്ഷിണേഷ്യയിലെ സൈബർ തട്ടിപ്പ് ശൃംഖലകളുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടാണ് ഈ കൃതി.
ഇന്ത്യയിലെ ഒരു ന്യൂറോളജിസ്റ്റ് ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പ്രതിഭാസത്തിലൂടെ സൈബർ കുറ്റവാളികളുടെ കെണിയിൽപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. സങ്കീർണ്ണമായ സൈബർ കുറ്റകൃത്യങ്ങളെ ശക്തമായ ചിത്രീകരണങ്ങളിലൂടെയും ആഴത്തിലുള്ള റിപ്പോർട്ടിംഗിലൂടെയും ലളിതമായി വിശദീകരിച്ചതിനെ പുലിറ്റ്‌സർ ബോർഡ് പ്രശംസിച്ചു. മുംബൈ സ്വദേശിയായ ആനന്ദ് ആർ കെയാണ് ഇതിലെ ചിത്രങ്ങൾ തയ്യാറാക്കിയത്. 2021ൽ ഗ്രാഫിക് നോവലിനുള്ള ഐസ്‌നർ അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തകയായ സുപർണ്ണ ശർമ്മയാണ് റിപ്പോർട്ടിംഗിന് നേതൃത്വം നൽകിയത്. ഈ വർഷത്തെ പുലിറ്റ്‌സർ പട്ടികയിൽ മറ്റൊരു ഇന്ത്യൻ മാധ്യമപ്രവർത്തകനായ അനിരുദ്ധ ഘോഷാലും ഇടംപിടിച്ചു. അമേരിക്കൻ അതിർത്തി സേനയും വിവിധ സർക്കാരുകളും രഹസ്യമായി നടത്തുന്ന നിരീക്ഷണ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അന്വേഷണത്തിന് ‘ഇന്റർനാഷണൽ റിപ്പോർട്ടിംഗ്’ വിഭാഗത്തിലാണ് അനിരുദ്ധ അവാർഡ് പങ്കിട്ടത്.
മറ്റ് പ്രധാന പുരസ്‌കാരങ്ങൾ
പബ്ലിക് സർവീസ്: ഫെഡറൽ നയമാറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് ‘വാഷിംഗ്ടൺ പോസ്റ്റ്’.
ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗ്: എക്സിക്യൂട്ടീവ് ബ്രാഞ്ചിനുള്ളിലെ തർക്കങ്ങൾ റിപ്പോർട്ട് ചെയ്തതിന് ‘ന്യൂയോർക്ക് ടൈംസ്’.
ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രഫി: ഗാസയിലെ യുദ്ധചിത്രങ്ങൾ പകർത്തിയ സഹേർ അൽഘോറ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment